ജയ്സ്വാളിനു പിന്നാലെ സൂര്യയും ടീം വിടുമെന്ന് അഭ്യൂഹം, നിഷേധിച്ച് താരം; രഹാനെ ജയ്സ്വാളിനെ ഗ്രൗണ്ടിനു പുറത്താക്കിയതു മുതൽ അസ്വാരസ്യം!

Mail This Article
മുംബൈ∙ ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിട്ട് ഗോവയ്‌ക്ക് കളിക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും മുംബൈ വിട്ടേക്കുമെന്ന് റിപ്പോർട്ട്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ സീസണിൽ ഗോവയ്‌ക്ക് കളിക്കുന്നതിന് എൻഒസി ആവശ്യപ്പെട്ട് ജയ്‌സ്വാൾ കത്തയച്ചത് മുംബൈ ടീം അധികൃതരെ ഞെട്ടിച്ചെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ്, സൂര്യകുമാറും ടീം വിട്ടേക്കുമെന്ന വിവരം പുറത്തുവരുന്നത്.
അതേസമയം, മുംബൈ വിട്ട് ഗോവ ടീമിൽ ചേരുന്ന കാര്യത്തിൽ സൂര്യകുമാർ യാദവ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. സൂര്യയുമായി അടുത്ത വൃത്തങ്ങൾ വാർത്ത നിഷേധിക്കുകയും ചെയ്തു. സൂര്യകുമാറും വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് എല്ലാം അഭ്യൂഹങ്ങളാണെന്ന് സൂചിപ്പിച്ചു.
സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഏതാനും സീസണുകൾക്കു മുൻപേ മുംബൈ വിട്ട് ഗോവയിലേക്ക് കൂടുമാറിയിരുന്നു. രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഗോവ ക്രിക്കറ്റ് അസോസിയേഷൻ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മികച്ച താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായാണ് ജയ്‌സ്വാൾ, സൂര്യകുമാർ എന്നിവരുമായി ചർച്ച നടത്തിയതെന്നാണ് വിവരം.
ഹൈദരാബാദ് ടീമിന്റെ നായകനായ തിലക് വർമയുമായും ഗോവ ക്രിക്കറ്റ് അസോസിയേഷൻ ചർച്ചകൾ നടത്തുന്നതായാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായില്ലെങ്കിലും, വിവിധ കളിക്കാരുമായി അസോസിയേഷൻ ബന്ധം പുലർത്തുന്നുണ്ടെന്ന് സെക്രട്ടറി ശംഭു ദേശായി സമ്മതിച്ചു.
‘‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള താരങ്ങളുമായി ഞങ്ങൾ ചർച്ച നടത്തുന്നുണ്ട്. അവരുടെ പേരുവിവരങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ വെളിപ്പെടുത്താനാകില്ല. ഞങ്ങളുടെ ശേഷിക്കുന്ന പ്രഫഷനൽ താരങ്ങളുടെ കാര്യത്തിലും ഉടൻതന്നെ തീരുമാനമെടുക്കും’ – ദേശായി പറഞ്ഞു.
‘‘എതാണ്ട് 8–10 ദിവസം മുൻപാണ് ഞങ്ങൾ യശസ്വി ജയ്സ്വാളിനെ ബന്ധപ്പെട്ടത്. ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ഞങ്ങളെ വിളിച്ച് താൽപര്യമുണ്ടെന്ന് അറിയിച്ചു. തുടർന്ന് എൻഒസി ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തുമയച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പെട്ടെന്നുതന്നെ പൂർത്തിയാക്കും’ – ദേശായി പറഞ്ഞു.
അതേസമയം, 2022ലെ ദുലീപ് ട്രോഫി മത്സരത്തിനിടെ എതിർ ടീമിനോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ജയ്‌സ്വാളിനെ അന്നത്തെ ക്യാപ്റ്റൻ അജിൻക്യ രഹാനെ ഗ്രൗണ്ടിൽനിന്നും പറഞ്ഞയച്ചതു മുതലുള്ള അസ്വാരസ്യങ്ങളാണ് താരത്തെ ടീം വിടാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനലിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ഈ മല്‍സരത്തില്‍ രഹാനെ നയിച്ച വെസ്റ്റ് സോണ്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്‌സ്വാള്‍. മത്സരത്തിനിടെ എതിര്‍ ടീമിലെ താരത്തോടു മോശമായി പെരുമാറിയതിന്റെ പേരില്‍ ജയ്‌സ്വാളിനെ രഹാനെ ഗ്രൗണ്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇതിനു പുറമേ, ക്യാപ്റ്റൻ സ്ഥാനത്തോടുള്ള ആഗ്രഹവും ജയ്‌സ്വാളിനെ ഗോവയിലേക്ക് ആകർഷിച്ചതായി സൂചനകളുണ്ട്.