ഗ്രാമത്തിലെ പുതിയ റോഡുകളിൽ 'കരുതൽ' കണ്ടവർക്ക് തെറ്റി; ടങ്സ്റ്റണിൽ കണ്ണുവച്ച് കേന്ദ്രം; അരിട്ടപ്പട്ടി പറഞ്ഞു 'ഉടൽ മണ്ണ്ക്ക്'

Mail This Article
അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തൊട്ടു താഴെ ഒരു ചെമ്പുപാളി തെല്ലിളകിയപോൽ മുഴക്കം തോന്നും, അഗാധങ്ങളിലെവിടെയോ സംഘകാല സ്മൃതികൾ മുത്തുകോർത്ത ഒരു പൊന്നിൻ ചിലമ്പ് നാദമിളക്കിയെന്നു തോന്നും, തീർഥങ്കരന്മാർ മഹാമൗനം കൊണ്ടു മോക്ഷം പ്രാപിച്ച മലമടക്കുകളിൽനിന്നു പേരറിയാപ്പറവകൾ ചിറകടിച്ചെന്നും തോന്നും. ദക്ഷിണേന്ത്യയ്ക്ക് അരിട്ടപ്പട്ടി ഇന്നൊരു പ്രതീകമാണ്; മലയും മണ്ണും ജലവും പൈതൃകവും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രതീകം. തമിഴ്നാട്ടിലെ മധുരയിൽനിന്ന് 27 കിലോമീറ്റർ അകലെ കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് അരിട്ടപ്പട്ടി. അതിനോടു ചേർന്നു മീനാക്ഷിപുരം, വെല്ലാരിപ്പട്ടി, നരസിംഹപ്പട്ടി, നായക്കർപ്പട്ടി, തെർക്ക്തെരു തുടങ്ങി അൻപതോളം ഊരുകൾ. ഇവിടുത്തെ പാറകൾ തുരന്നു ടങ്സ്റ്റൺ അടങ്ങിയ ധാതുക്കൾ ഖനനം ചെയ്തെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ മാസങ്ങൾ നീണ്ട പോരാട്ടം നടത്തി വിജയം നേടിയത് ഈ ഗ്രാമങ്ങളെ ഇന്നു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. കേരളത്തിൽ, കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമരം ശക്തമാകുമ്പോൾ അരിട്ടപ്പട്ടി ഉൾപ്പെടെ ചെറുഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൾക്കു പ്രസക്തിയേറെ.