വാർത്താ ചാനലിൽ കാമുകന്റെ ചിത്രം; 'യാത്രയ്ക്കിടെ ബസ് മറിഞ്ഞു, മരിച്ചവരിൽ അവനും'

Mail This Article
ജീവിതത്തിൽ ഇന്നോളം പ്രണയിക്കാത്ത ആരുണ്ട്? പക്ഷേ അധികവും ആരാലും പറയപ്പെടാതെ ആരാലും അറിയപ്പെടാതെ പോയവയാകും. അത്തരം പ്രണയങ്ങൾക്ക് ഒരു പ്രത്യേക മനോഹാരിതയുണ്ട്. വീശുന്ന കാറ്റും ഒഴുകുന്ന പുഴയും ചിലയ്ക്കുന്ന പക്ഷികളും പാടുന്നത് ഹൃദയത്തിന്റെ കാവ്യങ്ങളാണെന്ന് തോന്നും. ഞാൻ എട്ടിൽ പഠിക്കുമ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഒരാളോട് പ്രണയം തോന്നുന്നത്. മധുരപതിമൂന്നിന്റെ നിഷ്കളങ്കതയും കടന്നുവരുന്ന കൗമാരത്തിന്റെ വാശിയും കലർന്ന ഒരു സുന്ദരപ്രണയം. കക്ഷി എന്റെ ഉറ്റ സുഹൃത്തായതിനാൽ ഒരിക്കലും ഞാൻ എന്റെ വികാരങ്ങൾ അവനെ അറിയിച്ചില്ല. ഒരുപക്ഷേ അവൻ എന്നോടുള്ള സൗഹൃദം അവസാനിപ്പിക്കുമോ എന്ന ഭയമായിരുന്നു എനിക്ക്. അവന്റെ സാമീപ്യവും സ്നേഹവും എനിക്ക് അത്രമാത്രം വിലപ്പെട്ടതായിരുന്നു.
ഒരിക്കൽ സാമൂഹികപാഠം പഠിപ്പിക്കുന്ന അധ്യാപിക ഞങ്ങൾക്ക് ഒരു പഠനപ്രവർത്തനം നൽകി. (പേരുകളോ മറ്റു വിവരങ്ങളോ രേഖപ്പെടുത്താത്തതിനാൽ ഈ വാർത്ത പ്രസ്തുത കഥാശകലത്തിലെ കഥാപാത്രങ്ങളിലേക്ക് എത്താൻ സാധ്യതയില്ല). ആ തിയതി ശിലായുഗത്തിൽ എന്നേ ഉറഞ്ഞുപോയ പാറകളിലെ ചിത്രങ്ങൾ പോലെ അന്തരംഗത്തിൽ ആരോ കുത്തിക്കോറിയിരിക്കുന്നു. മായ്ക്കാൻ എത്ര ശ്രമിച്ചാലും മറക്കാനാവാത്ത വിധിയുടെ ജാലവിദ്യകൾ! ഞങ്ങൾ രണ്ട് ടീമുകളിലാണ്. രാത്രി അവൻ വിളിച്ചു സംസാരിക്കവെ മറ്റാരും അറിയരുത് എന്ന് ഉറപ്പ് വാങ്ങി ഞാൻ എന്റെ ഗ്രൂപ്പിലെ തീരുമാനങ്ങൾ അവനോട് പറഞ്ഞു.
എന്നാൽ പിറ്റേദിവസം പ്രവർത്തനങ്ങൾ അധ്യാപികയ്ക്ക് സമർപ്പിക്കുമ്പോൾ അവന്റെ ഗ്രൂപ്പ് ചെയ്തിരിക്കുന്നത് എന്റെ ഗ്രൂപ്പിന്റേത് പോലെയുള്ള ചാർട്ട്. എന്റെ ഉറ്റ സുഹൃത്താണ് അവൻ എന്നും അവനോട് ഞാൻ രഹസ്യമായ പലതും വിശ്വസിച്ചു പങ്കുവെക്കാറുണ്ടെന്നും അറിയുന്ന എന്റെ ഗ്രൂപ്പ് അംഗങ്ങൾ എന്നോട് ആക്രോശിക്കുകയും എന്നെ വല്ലാതെ കുറ്റപ്പെടുത്തുകയും ചെയ്തു. ചെയ്തത് തെറ്റാണെന്ന പൂർണബോധ്യം ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് എന്നോട് തന്നെ കടുത്ത ക്രോധവും നിരാശയും അനുഭവപ്പെട്ടു.
ആകെ ദുഃഖിച്ചിരിക്കുമ്പോഴാണ് അവൻ നടന്നുവരുന്നത് കണ്ടത്. അവനോട് ഞാൻ ഒരുപാട് കയർത്തു. ഇത്രയും സംവത്സരങ്ങളിലെ സൂര്യാസ്തമയങ്ങൾക്ക് ശേഷം ഇന്നും എന്റെ കണ്ണുകളിൽ നിറയുന്നത് ചെയ്യാത്ത കുറ്റത്തിന് ആരോപിക്കപ്പെട്ട്, തകർന്നു നിൽക്കുന്ന എന്റെ സുഹൃത്തിനെയാണ്. പറയാതെ മൂടിവച്ച് ക്ലാവ് പിടിച്ച എന്റെ പ്രണയവും കുറ്റബോധവും ഹൃദയത്തിന്റെ കനം വർധിപ്പിച്ചു. എന്റെ വാക്കുകൾ ഉരസി അവന്റെ ഹൃത്ത് കീറിമുറിയുന്നത് ഞാൻ എന്റേതെന്ന പോലെ അറിയുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാതെ അവൻ നടന്നകന്നു.
അവസാനത്തെ പീരിയഡിനു മുൻപ് ഒഴിവുസമയം കിട്ടിയപ്പോൾ ഒറ്റയ്ക്കിരിക്കുന്ന അവന്റെ അടുത്ത് ചെന്ന് ഒരു സ്നേഹിതയുടെ സ്വാതന്ത്ര്യത്തോടെ ഞാനിരുന്നു. എന്നാൽ ഞാൻ സ്പർശിച്ചപ്പോൾ അവൻ കൈകൾ പിൻവലിച്ചു. 'സോറി' എന്ന അഞ്ച് അക്ഷരങ്ങളിൽ ഞങ്ങൾ അവസാനിപ്പിച്ച പഴയകാലത്തെ വഴക്കുകളിലെ പറഞ്ഞു തീർക്കാത്ത കുറ്റങ്ങളുടെ കണക്ക് പുസ്തകം അവൻ എനിക്ക് മുന്നിൽ നിരത്തി. മറുപടി പറയാനാവാതെ ഞാൻ കുഴങ്ങി. "ഞാൻ ഇന്നുവരെയെടുത്ത എല്ലാ തീരുമാനങ്ങളിലും വച്ച് ഏറ്റവും വെറുക്കുന്നത് നിന്നെ ഇഷ്ടപ്പെട്ടതാണ്". എന്റെ ഹൃദയം തകർന്നു ചിതറുമ്പോൾ അവന്റെ കണ്ണുകളിൽ നിന്നും ഇറ്റു വീഴ്ന്നുകൊണ്ടിരുന്ന കണ്ണുനീർ തുള്ളികളാണ് എന്നെ ഏറെ വേദനിപ്പിച്ചത്. വൈകുന്നേരം ബസ്സിൽ കയറിയ അവനെ പതിവുപോലെ യാത്രയാക്കാൻ ഞാൻ പോയി. പക്ഷേ അവൻ കൈകൾ എനിക്ക് നേരെ വീശിയില്ല. ഒരു തിരിഞ്ഞു നോട്ടത്തിന്റെ ശ്രദ്ധാഞ്ജലി പോലും നൽകാതെ ആ വാഹനം അവനെയും കൊണ്ട് പോയി, കാണാമറയത്ത് മാഞ്ഞു.
പിന്നീട് നടന്നതെല്ലാം എനിക്ക് ഇന്നും ഒരു സമസ്യയാണ്. വീട്ടിലെത്തി, ടിവിയുടെ മുന്നിലിരുന്ന് ചാനൽ മാറ്റി കളിക്കവേ അബദ്ധവശാൽ വാർത്താ ചാനൽ മുന്നിൽ തെളിഞ്ഞു. തൊട്ടടുത്ത നിമിഷങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ കീറിപ്പോയ പേപ്പർ കഷണങ്ങൾ പോലെ ചിതറി കിടക്കുന്നു. ഒരിക്കലും തിരിഞ്ഞുനോക്കാൻ ഞാൻ ആഗ്രഹിക്കാത്ത നിമിഷങ്ങൾ! ഹൃദയത്തിെല ഏതോ അറയിൽ എന്നേ കുഴിച്ചിട്ട തീവ്ര പ്രണയത്തിന്റെ വിസ്മൃതിയിലാണ്ട ഒടുക്കം. അവന്റെ ചിത്രം ടിവിയിൽ തെളിഞ്ഞതും, ബസ്സ് യാത്രയ്ക്കിടെ മറിഞ്ഞ വാർത്ത കേട്ടതും, അമ്മയുടെ അവ്യക്തമായ ശബ്ദവും എല്ലാം ഇന്ന് എന്റെ മനസ്സിൽ മൂകമാണ്. അപ്പോൾ ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, വാശിയേറിയ സ്നേഹപ്പോരിലെവിടെയോ പറയാതെ പോയ ക്ഷമാപണത്തിന്റെ മന്ത്രണം എന്റെ കർണപുടങ്ങളിൽ ആവർത്തിച്ച് അലതല്ലി.
പിന്നീട് മാസങ്ങൾ നീണ്ട ഡിപ്രഷൻ കാലത്തൊക്കെ അവനെ ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഉള്ളുരുകി പ്രാർഥിച്ചിട്ടുണ്ട്. പണ്ടിട്ട വോയിസ് മെസ്സേജുകൾ കേട്ടു മടുത്ത് ഒരിക്കലും അവൻ എടുക്കില്ല എന്ന് ഉറപ്പുള്ള മരിച്ച ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഒരിക്കൽ അവിചാരിതമായി യൂട്യൂബിൽ കണ്ടപ്പോഴാണ് ഞങ്ങളുടെ ഗ്രൂപ്പ് ചെയ്ത പ്രവർത്തനം നെറ്റിൽ ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്. അവൻ തെറ്റ് ചെയ്തിരുന്നില്ല. ഒരു നിമിഷത്തെ അപരാധബോധത്തിൽ ഞാൻ ചെയ്ത തെറ്റിന് കാലം എന്തിന് അവനെ ശിക്ഷിച്ചു?
മരണശേഷമെങ്കിലും അവനോടു ക്ഷമ ചോദിക്കണം. ഇല്ല! ഭൂമിയിൽ ചെയ്ത തെറ്റുകൾക്ക് നരകത്തിൽ പിഴ കൊടുക്കുമ്പോൾ ഞാൻ എങ്ങനെ സ്വർഗത്തിൽ വസിക്കുന്ന ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട മാലാഖയായ അവനെ കാണും? ചെയ്തുകൂട്ടിയ പാപങ്ങൾക്ക് ക്ഷമ ചോദിക്കാൻ ഒരു ജന്മം കൂടി നൽകാൻ ദൈവത്തിന് കനിവുണ്ടായിരുന്നുവെങ്കിൽ! ഈ പശ്ചാത്താപ നൊമ്പരവും പേറി നെഞ്ചുരുകി കഴിയുവാനാവും ദൈവം എനിക്ക് വിധിച്ച ശിക്ഷ. കുറ്റബോധത്തിന്റെ മിഴിനീർ തുള്ളികൾ മണ്ണ് തൊടുമ്പോൾ എന്റെ തൂലികത്തുമ്പിൽ ജനിക്കുന്ന വാക്കുകളിൽ ഞാൻ അവനെ തിരിച്ചറിയുന്നു. ഓർമകളിലെവിടെയോ അവന്റെ പുഞ്ചിരി നിറയുന്നു. "നിന്നെ ഒരിക്കൽ കൂടി കാണാൻ പ്രപഞ്ചം എന്നെ അനുവദിച്ചുവെന്ന് വരില്ല. അതിനാൽ സ്നേഹിതാ, കാലം പൊറുത്തില്ലെങ്കിലും നീ എന്നോട് ക്ഷമിക്കുക."