ലാലാഘോഷം ‘തുടരുന്നു’; ‘തുടരും’ ഏപ്രിൽ 25ന് റിലീസ്

Mail This Article
‘എമ്പുരാന്’ പിന്നാലെ മോഹൻലാലിന്റെ മറ്റൊരു ചിത്രം കൂടി റിലീസിനൊരുങ്ങുന്നു. തരുൺ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും. ‘എമ്പുരാനിൽ’ സ്റ്റൈലിഷ് മാസ് അവതാരമായ മോഹൻലാലിനെയാണ് ആഘോഷിച്ചതെങ്കിൽ ഈ സിനിമയിൽ വിന്റേജ് മോഹൻലാലിനെ കാണാം. ഫീൽ ഗുഡ് പോലെ തുടങ്ങുന്ന സിനിമ അവസാനത്തോട് അടുക്കുമ്പോൾ ത്രില്ലർ മൂഡിലേക്കു മാറുമെന്നും റിപ്പോർട്ട് ഉണ്ട്.
യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. എമ്പുരാനിൽ അധോലോക നായകനായ ഖുറേഷി അബ്റാമായി മോഹൻലാൽ എത്തുമ്പോൾ തുടരും എന്ന സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖമായി അഭിനയിക്കുന്നു. ഇരു സിനിമകളിലും തീർത്തും വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നടൻ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ.
ഇദ്ദേഹത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.