'സർ, ഡു യൂ വാണ്ട് ടു ട്രാവൽ ടുഡെ?'; പതിവില്ലാതെ എയർലൈനിൽ നിന്ന് കോൾ; കൗണ്ടറിൽ ആകെ ബഹളം, പൊട്ടിത്തെറിച്ച് യാത്രക്കാർ

Mail This Article
വിമാനത്താവളങ്ങളിലെ ചെക്ക് ഇൻ കൗണ്ടറിലെ എയർലൈൻ ജീവനക്കാരുടെ പെരുമാറ്റം പലപ്പോഴും യാത്രക്കാരന്റെ മനസിനെയും യാത്രയേയും സ്വാധീനിക്കാറുണ്ട്. നല്ല സന്തോഷത്തോടെ യാത്രക്കൊരുങ്ങി കൗണ്ടറിലെത്തുമ്പോൾ തലക്കനമോ അല്ലെങ്കിൽ ധാർഷ്ട്യത്തോടെയാണ് എയർലൈൻകാർ പെരുമാറുന്നതെങ്കിൽ യാത്രക്കാരന്റെ മനസ്സും അസ്വസ്ഥമാകും. അതേസമയം നല്ല പെരുമാറ്റമാണെങ്കിൽ അത് യാത്രക്കാരനും കൂടുതൽ പോസിറ്റിവിറ്റി നൽകും. ഡെൻപാസർ-ബാലി വിമാനത്താവളത്തിൽ എയർലൈൻ ജീവനക്കാരുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം നേരിടേണ്ടി വന്ന അനുഭവം പങ്കുവയ്ക്കുകയാണ് ഖത്തർ പ്രവാസി മലയാളിയും കോട്ടയം സ്വദേശിയുമായ ചെറിഷ് പനത്തറ കുര്യൻ.
2023 നവംബറിൽ ആയിരുന്നു സംഭവം. ട്രേഡ് മീറ്റ് കഴിഞ്ഞു ഞാനും എന്റെ ബഹ്റൈനിലുള്ള സുഹൃത്തും സഹപ്രവർത്തകനുമായ ബിശ്വാസും ഡെൻപാസർ- ബാലി എയർപോർട്ടിലേക്ക് പോകാൻ റെഡിയാകുകയാണ്.
കുറച്ചു ലേറ്റായി ഹോട്ടലിൽ നിന്നും ഇറങ്ങിയാൽ മതിയല്ലോ എന്നുള്ള ആലോചനയിൽ താളം ചവിട്ടി നിന്നു. എന്നാലും, എന്താ ഒരു പണി വരുന്നുണ്ടല്ലോ എന്ന് വെറുതെ ഒരു ടെൻഷൻ. ബിസിനസ് ക്ലാസ്സ് ആയതു കൊണ്ട് പ്രീമിയം ട്രീറ്റ്മെന്റ് ആകും. ചെക്ക് ഇൻ താമസിച്ചാലും കുഴപ്പമില്ലെന്നു ബിശ്വാസ് പറഞ്ഞപ്പോ അന്നുവരെ അവനെ വിശ്വസിക്കാത്ത ഞാൻ അറിയാതെ വിശ്വസിച്ചു പോയി.
ഓൺലൈൻ ചെക്ക് ഇൻ ചെയ്യാനായി ഡീറ്റെയിൽസ് ആപ്പിൽ കാണാതെ വന്നപ്പോ എനിക്ക് എന്തോ ഒരു സംശയമായി. അതിനു പുറകെ ലോകത്തെ ഏറ്റവും നല്ല എയർലൈനിൽ നിന്നൊരു കോളും വന്നു. സർ, ഡു യൂ വാണ്ട് ടു ട്രാവൽ ടുഡെ? യെസ് എന്ന് തറപ്പിച്ചു പറഞ്ഞ ഞാൻ, കൂളായ കൂട്ടുകാരന്റെ പെട്ടിയും കൂടെ എടുത്തു, അവനെയും കൂട്ടി കിട്ടിയ ടാക്സിയിൽ എയർപോർട്ടിലേക്ക് ഓടി. നാളെ ഓഫിസിൽ എത്തിയെ പറ്റു, അപ്പോഴും നമ്മുടെ കൂൾ കൂട്ടുകാരൻ "ബിസിനസ് ക്ലാസ്സ് ആണ് അളിയാ, ഡോണ്ട് വറി" എന്നാണ് പറയുന്നത്.
ഏതായാലും മൂന്ന് മണിക്കൂറിനു മുൻപ് എയർപോർട്ടിൽ എത്തിയപ്പോ, ബിസിനസ് ക്ലാസും, അല്ലാത്ത ക്ലാസും മുഴുവനും ചെക്ക്-ഇൻ

ക്യുവിൽ. എന്താ സംഭവം? അടുത്തുനിന്നു യാത്രക്കാരിയോട് ചോദിച്ചു. 'അയാം ഓൾസോ ഹിയർ ടു ചെക്ക് ഇൻ' എന്ന് ചെറിയ ദേഷ്യത്തോടെ ഒരു കെനിയക്കാരി ചേച്ചി. കൗണ്ടറിൽ എന്തോ പൊട്ടിത്തെറി ഓക്കെ കേൾക്കുന്നുണ്ട്. ഓരോ യാത്രക്കാരനും പത്തു മുതൽ പതിനഞ്ചു മിനിറ്റ് എടുത്താണ് ചെക്ക്-ഇൻ. അവസാനം നമ്മുടെ ഊഴമെത്തി. 'സർ യു ആർ ഡീഗ്രേഡഡ് ടു ഇക്കോണമി ക്ലാസ്, ഇഫ് യു പ്രിഫർ ടു ട്രാവൽ ടുഡെ യു ക്യാൻ ഓൺ ഇക്കോണമി ക്ലാസ് ഓർ യു ക്യാൻ ട്രാവൽ ടുമാറോ, വീ വിൽ പ്രൊവൈഡ് യു ഹോട്ടൽ അക്കോമഡേഷൻ'കൗണ്ടർ സ്റ്റാഫിന്റെ ചോദ്യമാണ്.
ഒരിക്കലും ഒരു എയർലൈനിൽ നിന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം. അതും കൗണ്ടർ മുതൽ മാനേജർ വരെയുള്ള എല്ലാവരും ഒരേ പോലെ. കാരണം ചോദിച്ചപ്പോ ഫ്ലൈറ്റ് സൈസ് കുറഞ്ഞത്രേ. ഒൻപതര മണിക്കൂർ യാത്രയാണ്. ഇക്കോണമി പറ്റില്ല എന്ന് നമ്മളും തറപ്പിച്ചു പറഞ്ഞു. നാളെ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങൾ ഉള്ളത് കൊണ്ട് യാത്ര നാളത്തേക്ക് മാറ്റിവയ്ക്കാനും പറ്റില്ല.
പിന്നെ ഒരു ഒന്നര മണിക്കൂർ തർക്കങ്ങൾ, എയർലൈനിലുള്ള എല്ലാ പരിചയക്കാരെയും വിളിച്ചു. മെഡിക്കൽ പ്രശ്നങ്ങൾ ഉണ്ട് എന്ന് പറഞ്ഞു നോക്കി, നാളെ തന്നെ തീർക്കേണ്ട മില്യൻ ഡോളർ കോൺട്രാക്ട് ഉണ്ടെന്നും തള്ളി. ഒരു രക്ഷയുമില്ല. അവസാനം ഞങ്ങളാ തീരുമാനമെടുത്തു, നാളെ ഫ്ലൈ ചെയ്യാം. അപ്പൊ പിന്നെ ഞങ്ങൾ ഡിമാൻഡ് കൂട്ടി. സ്യൂട്ട് വേണം, റൂമിൽ തന്നെ സ്വിമ്മിങ് പൂൾ വേണം, സീ വ്യൂ വേണം. ഒന്നും തരാൻ പറ്റില്ല എന്ന് എയർലൈൻകാർ. കൂടെ ഒരു കടുപ്പിച്ച അറിയിപ്പും "നിങ്ങൾ തർക്കിച്ചു നിന്ന സമയത്ത്, നാളത്തെ ഫ്ലൈറ്റും ഫുൾആയി". അതുവരെ ഒരു മയത്തിൽ തർക്കിച്ചു നിന്ന കൂട്ടുകാരന്റെ സർവ കൺട്രോളും പോയി. പിന്നെ ചാർട്ടർ ഫ്ലൈറ്റ് അറേഞ്ച് ചെയ്യണം എന്നായി ഡിമാൻഡ്.
മിനിസ്ട്രി ഓഫ് എവിയേഷൻ, അയാട്ട ചട്ടങ്ങൾ, യാത്രക്കാരന്റെ അവകാശം ഇങ്ങനെ നീണ്ട അറിവുകൾ കൂട്ടുകാരൻ അവർക്കു പകർന്നു നൽകി. കൗണ്ടർ ക്ലോസ് ചെയ്യുന്നതിന് തൊട്ടു മുൻപ് അവർ ഒന്നുകൂടെ ചോദിച്ചു, "ഇക്കോണമി ക്ലാസ്സ് സീറ്റ് വേണമോ" എന്ന്. കൂട്ടുകാരന്റെ വിഷയത്തിൽ ഉള്ള ആഴമേറിയ അറിവ് മനസ്സിലാക്കിയ ഞാൻ, വേണ്ട എന്ന് പറയുന്നതിന് മുൻപ് പുള്ളി "ഓക്കേ" പറഞ്ഞു. വീണ്ടും അവൻ എന്നേ ഞെട്ടിച്ചു!!
ദേഷ്യമെല്ലാം ലോഞ്ചിൽ തീർത്തു. ഫൈനൽ കാൾ വന്നിട്ടും അനങ്ങാതെ ഞങ്ങൾ ഇരുന്നു, അവസാനം എയർലൈൻ പേര് വിളിച്ചു അനൗൺസ് ചെയ്യാൻ തുടങ്ങി. അപ്പോഴും കൂട്ടുകാരൻ വളരെ കൂൾ ആയി ഇരുന്നു. ഫ്ലൈറ്റ് പോയാൽ എന്ത് സംഭവിക്കും എന്ന് അറിയാൻ ഉള്ള അയാട്ട ഞാൻ പഠിച്ചിട്ടില്ലാത്തതു കൊണ്ട് അവനെയും തൂക്കി എടുത്തു ഗേറ്റിലേക്ക് നടന്നു. എത്തിയപ്പോ വിവിഐപി ട്രീറ്റ്മെന്റ്. സർ,പ്ലീസ് ഒന്ന് ഫാസ്റ്റ് ആക്കണം. എന്നാപ്പിന്നെ ഫാസ്റ്റ് ആക്കാം എന്ന് പറഞ്ഞു ഞങ്ങൾ വാഷ്റൂമിലേക്ക് പോയി. കൂടെ അവരും. പിന്നെ കരച്ചിലായി, "സർ പ്ലീസ് ഒന്ന് ബോർഡ് ചെയ്യണം. ഫ്ലൈറ്റ് ഡിലേ ആകുകയാണ്". അവർ ഇങ്ങനെയേ അല്ലായിരുന്നു ഞങ്ങളോട് കൗണ്ടറിൽ വച്ചു പെരുമാറിയത്. അവരുടെ ഭാഷക്ക് ഒരു ശുദ്ധി കൈവന്നിരിക്കുന്നു. മുണ്ടക്കൽ ശേഖരനെ പോലെ പെരുമാറിയ മാനേജർ ഉൾപ്പെടെ എല്ലാവരും എത്തി മാപ്പ് പറഞ്ഞപ്പോ, ആറ് മിനിറ്റ് താമസിച്ചു വിമാനം ഡൻപാസർ നിന്നും പറന്ന് പൊങ്ങി. ചുമ്മാ നമ്മളാലാകുന്ന ഒരു ചെറിയ പ്രതികാരം!!
ഓരോ യാത്രക്കും ഓരോ കഥകൾ പറയാനുണ്ട്, ഈ യാത്ര ഒരുപാട് സമ്മർദ്ദം നിറഞ്ഞതായിരുനെങ്കിലും, ഒരു പാട് ചിരികൾ പങ്കിടാൻ ഒരു നല്ല സുഹൃത്തു കൂടെ ഉണ്ടായതുകൊണ്ടു ഇതെല്ലാം ഒരിക്കലും മറക്കാനാവാത്ത നനുത്ത ഓർമ്മകളായി മനസ്സിലുണ്ട്.
(നിങ്ങൾക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങൾ. യാത്രാനുഭവങ്ങൾ നിങ്ങൾക്കും ഗ്ലോബൽ മനോരമയിൽ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉൾപ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയിൽ വിലാസത്തിൽ ഇപ്പോൾ തന്നെ അയച്ചോളൂ. ഇ–മെയിൽ അയയ്ക്കുമ്പോൾ സബ്ജക്ടിൽ AIR TRAVEL EXPERIENCE എന്ന് വയ്ക്കാൻ മറക്കേണ്ട.