വിമാനത്താവളത്തിൽ വെള്ളം, ഇന്റർനെറ്റും പരിമിതം; ചൈനയിൽ നേരിട്ട അഗ്നിപരീക്ഷ, മലയാളിയുടെ വേറിട്ട അനുഭവം

Mail This Article
വിമാന യാത്രയ്ക്ക് ടിക്കറ്റെടുക്കുമ്പോൾ അതേ തീയതിയിൽ തന്നെ യാത്ര നടക്കണമെന്നില്ല. വിമാനത്താവളത്തിൽ 3 മണിക്കൂർ മുൻപേ തന്നെ എത്തി ചെക്ക് ഇൻ, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി എന്തിനേറെ ബോർഡിങ് പാസ് വരെ വാങ്ങി ഗേറ്റിൽ കാത്തിരിക്കുമ്പോഴായിരിക്കും വിമാനം ക്യാൻസൽ ചെയ്തെന്ന് അല്ലെങ്കിൽ മണിക്കൂറുകൾ വൈകുമെന്ന് അറിയിക്കുന്നത്. മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങളുടെ അലച്ചിലിന് ശേഷമായിരിക്കും എത്തേണ്ട നഗരത്തിലെത്തുക. മഴ വില്ലനായി വന്നപ്പോൾ ചൈനയിലെ ബയൂൺ രാജ്യാന്തര വിമാനത്താവളത്തിൽ പെട്ടു പോയ അനുഭവം പങ്കുവയ്ക്കുകയാണ് ജോബി ജോസഫ്.
2024 ഏപ്രിൽ 19ന് ആണ് സംഭവം. ചൈനയിലെ ബയൂൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ചൈന സതേൺ വിമാനം ക്യാൻസൽ ആയി. ബോർഡിങ് പാസ് എല്ലാം കിട്ടി. ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞു ഗേറ്റിൽ വെയിറ്റ് ചെയ്യുമ്പോഴാണ് അറിയുന്നത് വിമാനം ക്യാൻസൽ ആയെന്ന്. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബായ് എയർപോർട്ട് അടച്ചു. എക്സിറ്റ് ആയിരിക്കുന്ന ഞങ്ങളെ എയർലൈൻ സ്റ്റാഫ് വന്ന് ഇമിഗ്രേഷനിൽ കൊണ്ട് പോയി വീസയിൽ റീ എൻട്രി ആക്കി. ബാഗേജ് കലക്ട് ചെയ്ത് ലോഞ്ചിൽ വെയ്റ്റ് ചെയ്തോളാൻ പറഞ്ഞു.
വളരെ അത്യാവശ്യമായി ദുബായ് എത്തേണ്ടിയിരുന്ന ഞാൻ പല വഴികളും അന്വേഷിച്ചു. ദുബായിലേക്ക് ആകെ ഉള്ളത് എമിറേറ്റ്സ് ഫ്ലൈറ്റ് മാത്രമാണ്. ചൈന സതേൺ കൗണ്ടറിൽ ഒരു തൃശൂർ പൂരത്തിനുള്ള ആളുണ്ട്. 2:30 ന് പുറപ്പെടേണ്ട വിമാനം ആയിരുന്നു. റീ ഷെഡ്യൂൾ ചെയ്യാൻ അവരെ വിളിക്കുമ്പോ ലൈൻ ബിസി. ഒടുവിൽ ഒരുപാട് നേരത്തെ ശ്രമത്തിനിടയിൽ കിട്ടി. അപ്പൊ അടുത്ത ഫ്ലൈറ്റ് 24 നേയുള്ളുവെന്ന് മറുപടി. അടുത്തുള്ള ഏതെങ്കിലും എയർപോർട്ടിൽ നിന്നും വേറെ വഴി നോക്കാം എന്ന് കരുതി.
ചൈനയിൽ ഇന്റർനെറ്റ് വളരെ പരിമിതമായതിനാൽ എല്ലാ വിവരങ്ങളും ഓൺലൈൻ വഴി കിട്ടുന്നുമില്ല. എമിറേറ്റ്സ് ഫ്ലൈറ്റ് പിടിക്കാം എന്ന ചിന്തയായി. ആദ്യത്തെ എയർപോർട്ട് ബാങ്കോക്ക് ആണ്. ചൈനയിൽ നിന്നും ബാങ്കോക്ക് പോയി അവിടെ നിന്ന് ദുബായ് ആയിരുന്നു ലക്ഷ്യം. പക്ഷേ ചൈനയിലും ഭയങ്കരമായ മഴ ആയതിനാൽ അവിടുള്ള ഒരുപാട് വിമാനങ്ങൾ ക്യാൻസൽ ആണ്. അടുത്ത ഓപ്ഷൻ ഹോങ്കോങ് ആണ്.

ചൈനയിൽ നിന്നും ഹോങ്കോങ്ങിലേക്ക് ബുള്ളറ്റ് ട്രെയിൻ ഉണ്ട്. അതിൽ പോയി ഹോങ്കോങ് വഴി ദുബായ്ക്ക് പറക്കാൻ എമിറേറ്റ്സിൽ ടിക്കറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്തു, അതും 21 നാണുള്ളത്. ഹോങ്കോങ്ങിലേക്ക് പോകാൻ വേണ്ട പ്രീ–അറൈവൽ എല്ലാം മൊബൈൽ ഫോണിൽ തന്നെ ചെയ്തു പ്രിന്റ് എടുത്ത് ബാഗ് എല്ലാം കൂടെ എടുത്ത് ട്രെയിൻ പിടിച്ച് ബുള്ളറ്റ് ട്രെയിൻ കിട്ടുന്ന സ്റ്റേഷനിലേക്ക് പോകാൻ ചെന്നപ്പോഴേക്കും രാത്രി 11 :30 ആയി അവിടെ നിന്ന് ട്രെയിൻ കിട്ടാൻ ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞപ്പോൾ വീണ്ടും വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചു വന്നു.
രാത്രി വിമാനത്താവളത്തിൽ ഉറങ്ങാം. രാവിലെ 6 മണിക്ക് ട്രെയിൻ പിടിച്ച് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ പോയി ഹോങ്കോങ്ങിലെത്തി അവിടെ നിന്നും 21 നുള്ള ഫ്ലൈറ്റിൽ ദുബായ് ആണ് എന്റെ ലക്ഷ്യം. തിരിച്ച് എയർപോർട്ടിൽ എത്തിയപ്പോ ഓർത്തു ചൈന സതേൺ വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്തു പൈസ വാങ്ങാമെന്ന്. അങ്ങനെ അവരുടെ കൗണ്ടറിലെത്തി ഒരുമണിക്കൂർ ക്യൂവിൽ നിന്നു. കൗണ്ടറിലെ സ്റ്റാഫിന്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു, ടിക്കറ്റ് ക്യാൻസൽ ചെയ്യണമെന്ന് പറഞ്ഞപ്പോൾ സ്റ്റാഫ് പറഞ്ഞു ക്യാൻസൽ ചെയ്യാം കുഴപ്പമില്ല. വേണമെങ്കിൽ 21ന് രാവിലെ ഒരു ഫ്ലൈറ്റ് ഉണ്ട്, അതിൽ റീ െഷഡ്യൂൾ ചെയ്തു തരാമെന്ന്. സ്വർഗം കിട്ടിയ അനുഭവം ആയിരുന്നു. അപ്പൊ തന്നെ 21 ലേക്ക് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്തു.
ഒരു ദിവസം കൂടെ ചൈനയിൽ നിൽക്കാമെന്ന് ഓർത്ത് അടുത്തുള്ള ഒരു ഹോട്ടൽ ഓൺലൈൻ വഴി ബുക്ക് ചെയ്തു. ടാക്സി പിടിച്ച് അവിടെ ചെന്നപ്പോ ആ ഹോട്ടൽ ഒരു ദുരന്ത ഹോട്ടൽ ആയിരുന്നു. കൊതുകും ഒച്ചപ്പാടും ഒക്കെ ആയിട്ട്. ചെക്ക് ഇൻ ചെയ്യാതെ വീണ്ടും അപ്പുറത്തുള്ള ഹോട്ടലിൽ പോയി റൂം ചോദിച്ചു, എല്ലാം ഫുൾ ആണെന്ന് പറഞ്ഞ ആ സ്ത്രീ എന്റെ അവസ്ഥ കൊണ്ടായിരിക്കണം ഒരു മുറി തന്നു, വൃത്തി അല്പം കുറവാണെങ്കിലും നല്ല ക്ഷീണമുള്ളത് കൊണ്ട് നന്നായി കിടന്നുറങ്ങി.
രാവിലെ എണീറ്റ് ചെക്ക് ഔട്ട് ചെയ്തു എയർപോർട്ടിന് അടുത്തുള്ള മറ്റൊരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. ഒരു ദിവസം കൂടുതൽ ഉണ്ടല്ലോ എന്നോർത്ത് ഒന്ന് രണ്ട് ഫാക്ടറി കൂടെ പോയി കാണാം എന്ന് കരുതി നോക്കുമ്പോ പെരുമഴ തന്നെ ചൈനയിൽ. നല്ല കാറ്റും. ഇനി വിമാനം ക്യാൻസൽ ആക്കുമോ എന്നുള്ള പേടി ആയിരുന്നു. പിറ്റേന്ന് മഴ ഉണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് ദുബായ്ക്ക് ഫ്ലൈറ്റ് കിട്ടി രാത്രി 12 ന് അഗ്നി പരീക്ഷ കഴിഞ്ഞാണ് ദുബായ് എത്തിയത്.
(നിങ്ങള്‍ക്കും ഉണ്ടാകില്ലേ വിമാനയാത്രകളിലെ ഇത്തരം അനുഭവങ്ങള്‍. യാത്രാനുഭവങ്ങള്‍ നിങ്ങള്‍ക്കും ഗ്ലോബല്‍ മനോരമയില്‍ പങ്കുവയ്ക്കാം. നിങ്ങളുടെ പേര്, ഫോട്ടോ, സ്വദേശം എന്നിവ ഉള്‍പ്പെടെയുള്ള അനുഭവകുറിപ്പ് globalmalayali@mm.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ഇപ്പോള്‍ തന്നെ അയച്ചോളൂ. ഇ-മെയില്‍ അയയ്ക്കുമ്പോള്‍ സബ്ജക്ടില്‍ AIR TRAVEL EXPERIENCE എന്ന് വയ്ക്കാന്‍ മറക്കേണ്ട.