അപരിചിതയായ പെൺകുട്ടി ഷർട്ട് വാങ്ങി ഞാനറിയാതെ ബാഗിലിട്ടു; അതിലൊരു കുറിപ്പ്, 'നാളെ കഫേയിൽ വരണം...'

Mail This Article
സാധാരണ നാട്ടിൽ പോകുമ്പോൾ അയാൾ പുതിയ കുപ്പായങ്ങൾ വാങ്ങുന്ന പതിവില്ല. ഒപ്പം വലിയ വില പിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങുന്നത് അയാളുടെ ഉള്ളിലെ പിശുക്കൻ അനുവദിച്ചിരുന്നുമില്ല. അന്ന് വൈകുന്നേരം അയാൾ നഗരത്തിൽപ്പെട്ടുപോയി എന്നുതന്നെ പറയാം. അയാൾക്ക് പോകാനുള്ള വഴിയിൽ പരിപാടികൾ നടക്കുകയാണ്, ഇനിയും ഒരു മണിക്കൂർ കഴിഞ്ഞാലേ നിരത്തിലെ തിരക്കൊഴിയൂ. തിരക്കിലൂടെ പോയി അപകടങ്ങൾ വരുത്താൻ, ആക്രോശങ്ങൾ കേൾക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല.
തൊട്ടു മുമ്പിൽ കണ്ട വസ്ത്രക്കടയിലേക്ക് കയറുമ്പോൾ എന്തെങ്കിലും വാങ്ങണം എന്നൊന്നും അയാളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല. വസ്ത്രക്കടയിലെ പുതിയ രീതിയിലുള്ള വസ്ത്രവിന്യാസങ്ങൾ അയാൾ ശ്രദ്ധിച്ചു. ആരെയും ആകർഷിക്കുന്ന രീതി, മാത്രമല്ല വസ്ത്രങ്ങളെല്ലാം ഒറ്റനോട്ടത്തിൽ കാണാം, അതിനൊപ്പം വലിയ വിലക്കുറവിന്റെ അത്യാകർഷമാക്കിയ പരസ്യങ്ങളും. അയാളതെല്ലാം വളരെ ആസ്വദിച്ചു നടക്കുകയാണ്. രാത്രി വൈകിയതിനാൽ വലിയ തിരക്കൊന്നുമില്ല. അപ്പോഴാണ്, അയാളുടെ മുന്നിലൂടെ അവർ പാഞ്ഞുപോയത്, ഒപ്പം അവർ അന്തരീക്ഷത്തിലേക്ക് സൗരഭ്യവും വിതറുന്നുണ്ടായിരുന്നു. പെട്ടെന്ന് വന്ന സൗരഭ്യമാണ് അയാളെ അവരെ നോക്കാൻ പ്രേരിപ്പിച്ചത്.
നാൽപതുകഴിഞ്ഞ ഒരു സ്ത്രീ. നീല ജീൻസും, മഞ്ഞനിറത്തിലുള്ള ഉടുപ്പിൽ നിറയെ വർണ്ണശലഭങ്ങൾ. ഒരു നിമിഷത്തിൽ അവർ പൂമ്പാറ്റകളുടെ ഒരു പറ്റവുമായി ആ വസ്ത്രാലയത്തിൽ പാറിപ്പറക്കുകയാണെന്ന് തോന്നി. ആരോഗ്യം നിലനിർത്തുന്നതിനായി അവർ എന്നും വ്യായാമം ചെയ്യുന്നുണ്ടെന്ന് അവരുടെ ചടുല നീക്കങ്ങളിൽ നിന്ന് തിരിച്ചറിയാൻ കഴിഞ്ഞു. അവർ പല വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നു, അവ അണിഞ്ഞു നോക്കാൻ ഓടുന്നു, തിരിച്ചു വന്നു മറ്റു കുറച്ചു വസ്ത്രങ്ങൾ എടുക്കുന്നു, വീണ്ടും അണിഞ്ഞു നോക്കാൻ ഓടുന്നു. ദൂരെ നിന്ന് അത് നോക്കിക്കണ്ട് അയാൾ അവരുടെ ഭാവഭേദങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്നു.
അതിനിടയിലാണ് അയാൾ ഒരു നീലവരയുള്ള കുപ്പായം കണ്ടത്. കണ്ടമാത്രയിൽത്തന്നെ അത് തനിക്കുള്ളതാണെന്ന് അയാൾക്ക് തോന്നി. നീലനിറങ്ങളുടെ പലപല നിറഭേദങ്ങൾ നിറഞ്ഞ ആ വരയൻ കുപ്പായത്തിൽ അയാൾ സത്യത്തിൽ ആകൃഷ്ടനായി. അതെടുത്ത് കൈയ്യിൽ തൂക്കിയിട്ട് അയാൾ അണിഞ്ഞുനോക്കുന്നിടത്തേക്ക് നടന്നു. അപ്പോൾ അയാളെ തട്ടിക്കൊണ്ട് അവർ മറ്റൊരുകൂട്ടം വസ്ത്രങ്ങളുമായി അണിഞ്ഞുനോക്കാൻ സ്ത്രീകളുടെ അണിഞ്ഞുനോക്കുന്ന ഭാഗത്തേക്ക് വേഗത്തിൽ നടന്നു. കൈയ്യിൽ നിന്ന് താഴെ വീണ വസ്ത്രമെടുത്ത് അയാൾ നടന്നു. ആ കുപ്പായം അയാൾക്ക് നന്നായി ചേരുന്നതായിരുന്നു. ആ കുപ്പായത്തിനുള്ളിലെ തന്നെ ആസ്വദിച്ചു അയാൾ ആ കുപ്പായം അണിഞ്ഞുതന്നെ പുറത്തേക്കു വന്നു, അവിടെയുള്ള വലിയ കണ്ണാടിയിൽ ഒന്നു നോക്കികാണണമെന്ന് അയാൾക്ക് തോന്നി. അപ്പോൾ അവർ അതിലൂടെ നടന്നു വരുന്നുണ്ടായിരുന്നു. ഈ കുപ്പായം നിങ്ങൾക്ക് നന്നായി ചേരും. ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. നേരത്തെ നിങ്ങളെ മുട്ടിയതിൽ ക്ഷമിക്കുക. ഞാൻ അൽപം തിരക്കിലായിപ്പോയി. സാരമില്ല, അയാൾ പറഞ്ഞു.
വസ്ത്രം മാറുന്ന മുറിയിലേക്ക് പോയി നീല വരയുള്ള കുപ്പായം അഴിച്ചുമാറ്റുമ്പോഴാണ് അയാളതിന്റെ വില ശ്രദ്ധിച്ചത്. ഓ, ഈ വിലക്ക് തനിക്കു നാല് കുപ്പായങ്ങൾ വേറെ വാങ്ങാൻ കഴിയും. നീലക്കുപ്പായം തൂക്കിയെടുത്ത് അയാൾ എടുത്തയിടത്ത് തന്നെ തിരിച്ചു വെച്ചു. ഒന്നുകൂടി ചുറ്റിക്കറങ്ങി, എന്തായാലും വന്നതല്ലേ എന്ന് കരുതി അയാൾ ഒരു ടീഷർട്ട് വാങ്ങി കാശ് കൊടുക്കാൻ നീങ്ങി. അപ്പോൾ അവർ വസ്ത്രങ്ങൾക്ക് കാശുകൊടുത്ത് പുറത്തിറങ്ങുകയായിരുന്നു. അയാൾ അവരോടു ചിരിച്ചു, അവരും ചിരിച്ചു.
അയാൾ കാശ് കൊടുത്ത് തിരിയുമ്പോൾ അവർ വീണ്ടും അവിടെയെത്തി, എന്റെ ഏതോ വസ്ത്രം മറന്നപോലെ തോന്നുന്നു, ഒന്ന് നോക്കൂ എന്ന് അവിടെ നിന്ന പെൺകുട്ടിയോട് അവർ പറഞ്ഞു. ഒന്നും മറന്നില്ല, ഞാൻ എല്ലാം വെച്ചിരുന്നു എന്ന് പെൺകുട്ടി പറഞ്ഞു. അയാളുടെ വസ്ത്രം വെച്ച ബാഗിനോട് ചേർത്ത് അവർ അവരുടെ ബാഗ് വെച്ചു, കുറച്ചു ദൂരെയുള്ള ഒരു വസ്ത്രം അവർ ചൂണ്ടിക്കാട്ടി എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടാക്കി, അതാണോ, ഒന്ന് നോക്കൂ. അയാളും അങ്ങോട്ടുതന്നെ നോക്കി. ആ പെൺകുട്ടി, ആ വസ്ത്രം അവരെ കാണിച്ചു. ഇതല്ല, എനിക്ക് തെറ്റിയതാകും, ക്ഷമിക്കൂ എന്ന് പറഞ്ഞു അവർ നടന്നകന്നു. അയാളും ബാഗുമെടുത്ത് പുറത്തേക്ക് നടന്നു. എന്തുകൊണ്ടോ അയാളുടെ കണ്ണുകൾ അവരെ പുറത്ത് തിരഞ്ഞു, എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല.
വീട്ടിലെത്തി, ബാഗു നോക്കിയപ്പോൾ അതിൽ, നീലവരയുള്ള കുപ്പായം. അയാൾ അതിശയപ്പെട്ടു. ഇതെങ്ങനെ തന്റെ ബാഗിൽ വന്നു? അയാൾ ആ കുപ്പായം വിടർത്തി, അതിന്റെ കീശയിൽ ഒരു കടലാസുണ്ടായിരുന്നു. "നാളെ കാലത്ത് പത്തുമണി, നഗരത്തിലെ ആൽമരത്തിനടുത്തുള്ള കോഫീഷോപ്പിൽ കാണാം". പേരോ, ഫോൺ നമ്പറോ ഒന്നുമില്ല. എന്തുകൊണ്ടോ പെട്ടെന്ന് നാളെ പത്തുമണിയാകാൻ അയാളുടെ മനസ്സ് കൊതിച്ചു. കോഫീഷോപ്പിന്റെ നഗരം കാണാവുന്ന കോണിലുള്ള ഒരു മേശയിൽ അയാൾ ചേർന്നിരുന്നു. അവരെ അവിടെ കണ്ടില്ല. ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേക്ക് അവർ തൊട്ട് മുമ്പിൽ. ഞാൻ പറയാതെത്തന്നെ എന്റെ ആഗ്രഹം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ഈ നീലക്കുപ്പായത്തിൽ നിങ്ങളെക്കാണാൻ വളരെയധികം ഭംഗിയുണ്ട്. നന്ദി, എന്ന് പറയുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. ഞാൻ ചിലപ്പോൾ അങ്ങനെയാണ്, വസ്ത്രങ്ങളുടെ വില, എന്റെ ആഗ്രഹങ്ങളിൽ നിന്ന് എന്നെ വിലക്കാറുണ്ട്.
നിങ്ങളെ ഈ വസ്ത്രം അണിഞ്ഞു കണ്ടപ്പോൾ, വളരെയധികം ഭംഗിതോന്നി. ഒപ്പം കോളജിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെ ഓർമ്മവരികയും ചെയ്തു. നിങ്ങൾ ഈ കുപ്പായം തിരിച്ചിടുന്നത് ഞാൻ കണ്ടിരുന്നു, അതിന്റെ വില നോക്കിയപ്പോൾ അതായിരിക്കും കാരണം എന്നും തോന്നി. എന്തുകൊണ്ടോ, എന്റെ മറന്നുപോയ കൂട്ടുകാരനെ വീണ്ടും കാണണമെന്ന് എനിക്ക് തോന്നി. ഈ കുപ്പായം നിങ്ങളുടെ ബാഗിൽ ഇടാൻ വേണ്ടിത്തന്നെയാണ് ഞാൻ വീണ്ടും നിങ്ങളുടെ അടുത്തേക്ക് വന്നത്. മറ്റൊന്നുകൂടി, ചിലപ്പോൾ ആഗ്രഹങ്ങൾക്ക് നമുക്ക് വിലയിടാൻ കഴിയില്ല. ആ കൂട്ടുകാരന് എന്തുപറ്റി? അയാൾ ചോദിച്ചു. അറിയില്ല, മറഞ്ഞുപോയി. ജീവിതം അങ്ങനെയല്ലേ, നമ്മൾ ഒപ്പം ഉണ്ടാകണം എന്ന് കരുതുന്നവർ ചിലപ്പോൾ അങ്ങനെ കരുതുന്നുണ്ടാവില്ല. അവർക്ക് നമ്മൾ അറിയാത്ത ആഗ്രഹങ്ങൾ ഉണ്ടാകാം. നിങ്ങളിലൂടെ അയാളെ ഒന്നുകൂടി കാണാനാണ് ഞാൻ ഇങ്ങോട്ട് വിളിച്ചത്. അവനിഷ്ടമുള്ള കോഫി പറഞ്ഞിട്ടുണ്ട്, നിങ്ങൾക്കിഷ്ടമാകും എന്ന് കരുതുന്നു. എന്റെ പേര് നാൻസി, അധ്യാപികയാണ്, അവനുപേക്ഷിച്ചു പോയതിൽപ്പിന്നെ ഞാൻ ഒറ്റക്കാണ്.
കോഫി വന്നു. കുടിക്കൂ, നിങ്ങൾക്ക് ഇഷ്ടമാകും. നല്ല രുചിയുണ്ട്, കോഫി കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു. എന്തുകൊണ്ട് ഈ കുപ്പായം ഞാൻ നിങ്ങൾക്കായി വാങ്ങി എന്ന് ഞാൻ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ചില കാര്യങ്ങൾ അങ്ങനെയാണല്ലേ. ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരാളെ മറ്റൊരാളിൽ പെട്ടെന്ന് കണ്ടെത്തുന്നു, അയാൾ ആരെന്നറിയാതെ അയാളിൽ ഒരു അടയാളം സൃഷ്ടിക്കാൻ ഞാൻ ശ്രമിക്കുന്നു. നിങ്ങളിൽ ഞാൻ അധികാരം സ്ഥാപിക്കുകയല്ല, നിങ്ങൾക്ക് എന്റെ ചിന്തകളെ തിരിച്ചറിയാൻ കഴിയും എന്നുറപ്പുള്ളതിനാൽ ആണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്. വീണ്ടും കാണാനുള്ള മനസ്സിന്റെ ഒരു ത്വര. അതിനെ, എന്റെ സ്വാർഥതയായി കണ്ടാൽ മതി.
കോഫി കുടിച്ചു കഴിഞ്ഞപ്പോൾ അവർ അയാളോട് പറഞ്ഞു, നിങ്ങൾ ആദ്യം പോകണം. തിരക്കിൽ നിങ്ങളുടെ നീലക്കുപ്പായം എന്റെ കണ്ണിൽനിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും. നിങ്ങൾ മറഞ്ഞുകഴിയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരിക്കും, സാരമില്ല, ജീവിതമില്ലേ. അയാൾ എഴുന്നേറ്റു നടന്നു. കുറെ നടന്നകന്നപ്പോൾ ആണയാൾ ഓർത്തത്, നാൻസിയുടെ നമ്പർ വാങ്ങിയില്ല. അവർ തീർച്ചയായും തരാതിരുന്നതാകും, അല്ലെങ്കിൽ ആ കടലാസിൽ കുറിക്കാമായിരുന്നു. നാൻസിയെ വീണ്ടും കാണുമോ? കാണുമായിരിക്കും അല്ലെ? പ്രതീക്ഷകളാണല്ലോ ജീവിതം.