വർഷങ്ങൾക്കു മുൻപ് സ്വപ്‍നം കണ്ട ഒരു കാഴ്ച സത്യമായി : അഹാന കൃഷ്ണകുമാർ

Mail This Article
കായലിന്റെ കുളിരും ഗ്രാമഭംഗിയും കവരിന്റെ മാന്ത്രികതയും മാറ്റുകൂട്ടുന്നയിടമാണ് കുമ്പളങ്ങി. പ്രകൃതി ഒരുക്കിയിരിക്കുന്ന ആ സൗന്ദര്യകാഴ്ച ആസ്വദിക്കണമെങ്കിൽ വേനൽ കടുക്കുമ്പോൾ കുമ്പളങ്ങിയിലേക്കു വണ്ടി കയറണം. കൊച്ചുവള്ളത്തിലെ യാത്രയിൽ തൊട്ടുതലോടിപ്പോകുന്ന ഓളങ്ങൾക്കെല്ലാം തിളങ്ങുന്ന നീല നിറമായിരിക്കും. വിസ്മയിപ്പിക്കുന്ന ആ കാഴ്ച ആസ്വദിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം അഹാന കൃഷ്ണ. വർഷങ്ങൾക്കു മുൻപ് മോഹിപ്പിച്ച, സ്വപ്‍നം കണ്ട ഒരു കാഴ്ച സത്യമായി എന്നു കുറിച്ചു കൊണ്ടാണ് താരം കുമ്പളങ്ങിയിലെ ആ രാത്രിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലെ പ്രധാനാകർഷണമാണ് കവര് എന്ന പ്രതിഭാസം. വേനൽക്കാലത്ത്, കൃത്യമായി പറഞ്ഞാൽ മാർച്ച് മാസം മുതലാണ് കവര് പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത്. മേയ് മാസം വരെ ഈ കാഴ്ച ആസ്വദിക്കാവുന്നതാണ്. കുമ്പളങ്ങി നൈറ്റ്സ് എന്ന മലയാള ചിത്രമാണ് ബയോലൂമിനസെൻസ് എന്ന ഈ പ്രതിഭാസത്തെ ഇത്രയേറെ ജനപ്രിയമാക്കിയതും കുമ്പളങ്ങിയിലേക്കു ധാരാളം സഞ്ചാരികളെ എത്തിച്ചതും.


ബാക്ടീരിയ, ആൽഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറപ്പെടുവിക്കുന്ന പ്രതിഭാസമാണ് ബയോലൂമിനസെൻസ്. ശത്രുക്കളിൽ നിന്നും രക്ഷനേടാനും ഇണയെ ആകർഷിക്കാനുമാണ് ഈ സൂക്ഷമ ജീവികൾ പ്രകാശം പുറപ്പെടുവിക്കുന്നത്. കടലിനോടു ചേർന്നുള്ള കായൽപ്രദേശങ്ങളിലാണ് കവര് കൂടുതലായും കാണപ്പെടുന്നത്. വേനൽക്കാലത്ത് കായലിൽ ഉപ്പ് വർധിക്കുന്നതും വെള്ളത്തിന്റെ കട്ടി കൂടുന്നതുമാണ് കവര് ദൃശ്യമാകാനുള്ള കാരണം. ഇരുട്ടിൽ കായലിൽ തെളിയുന്ന നീല വെളിച്ചം കാണാൻ സന്ദർശകർ ധാരാളമെത്തുന്നുണ്ടെങ്കിലും ഈ മാന്ത്രികത കുമ്പളങ്ങിയിൽ എല്ലായിടങ്ങളിലും കാണുവാൻ കഴിയുകയില്ല.
കവര് നന്നായി ദൃശ്യമാകണമെങ്കിൽ ഇരുട്ട് ആവശ്യമാണ്. ഇരുട്ട് കൂടുന്നതനുസരിച്ച് കവരിന്റെ നിറവും കൂടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കുമ്പളങ്ങിയിൽ സ്ഥിരമായി കവരു കാണുന്ന സ്ഥിരം സ്ഥലങ്ങൾ ചിലതുണ്ട്. അവിടെയെത്തിയാൽ ഈ കാഴ്ച ആസ്വദിക്കാം. കൂടാതെ, പുറത്തു നിന്നു വരുന്ന അതിഥികൾക്ക് എത്തിപ്പെടാൻ പറ്റാത്ത മേഖലകളിലും കവര് ദൃശ്യമാണ്. അത് കാണണമെങ്കിൽ അന്നാട്ടുകാരുടെ സഹായം തേടേണ്ടി വരും. ഇരുന്നൂറ് രൂപ നൽകിയാൽ തോണിയിൽ കായലിന്റെ ഉൾഭാഗങ്ങളിൽ കൊണ്ടുപോയി കവര് കാണിക്കുന്നവരും ഇവിടെയുണ്ട്.

കവരിന്റെ കാഴ്ചകൾ മാത്രമല്ല, കായലുകളും ചീനവലകളും നെൽവയലുകളുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു ഇടമാണ് കുമ്പളങ്ങി. ഈ നാടിന്റെ ഗ്രാമഭംഗി തേടിയും നിരവധി പേരാണ് അവധിയാഘോഷത്തിനായി ഇവിടെ എത്തിച്ചേരുന്നത്. കേരളത്തിലെ ആദ്യ മാതൃകാ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങി ഒറ്റ കാഴ്ചയില്‍ തന്നെ ആരെയും ആകർഷിക്കത്തക്ക മനോഹരമാണ്.
കായൽക്കരയില്‍ പ്രൗഢിയോടെ ഉയർന്നു നിൽക്കുന്ന ചീനവലകളുടെ വലിപ്പവും സുന്ദരമായ നിർമിതിയും ഇവിടെയെത്തുന്ന സന്ദർശകർക്ക് അത്ര പരിചിതമായ കാഴ്ചയല്ല. പരിചയ സമ്പന്നരായ തൊഴിലാളികൾ വലകള്‍ ഉയർത്തുന്നതും താഴ്ത്തുന്നതും കാണേണ്ടതു തന്നെയാണ്. സന്ധ്യമയങ്ങുമ്പോഴാണ് ചീനവലകൾ മീൻകൂട്ടങ്ങളെ തേടി കായലിലേക്കു കൂപ്പ്കുത്തുന്നത്. കുമ്പളങ്ങിയിൽ എത്തിച്ചേരാൻ രണ്ടു വഴികളുണ്ട്. ചെല്ലാനം കണ്ണമാലി വഴി പുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ ഇടക്കൊച്ചി വഴി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്.