ഒരുപാട് മലയാളികൾക്ക് ഈ ദുഃശീലമുണ്ട്: വീട് നരകമാകും, വിവാഹമോചനത്തിന് കാരണമാകാം; എന്താടോ നന്നാകാത്തേ?

Mail This Article
നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന നവദമ്പതികൾ തമ്മിൽ ചെറിയ സൗന്ദര്യപ്പിണക്കം. വീട്ടുകാരും ബന്ധുക്കളും ഇടംകോലിട്ട് പ്രശ്നം വഷളാക്കാതെ, നൈസായി പരിഹരിക്കാൻ ഇരുവരുടെയും പൊതുസുഹൃത്തായ ഞാൻ മധ്യസ്ഥനായി ഫ്ലാറ്റിലെത്തി.
ഓരോരുത്തരോടും ഒറ്റയ്ക്ക് സംസാരിച്ചു.
നിസ്സാര പ്രശ്നങ്ങൾ പർവ്വതീകരിച്ച് കാണിക്കുകയാണ് അവൾ. അല്ലാതെ ഞങ്ങൾക്കിടയിൽ കാര്യമായ വഴക്കുകളില്ല എന്ന് ഭർത്താവ്.
പുള്ളിയുടെ വൃത്തിയില്ലായ്മയാണ് പ്രശ്നം. പറഞ്ഞുപറഞ്ഞു ഞാൻ മടുത്തു. ഭാര്യ പ്രശ്നങ്ങളുടെ കെട്ടഴിച്ചു.
കിടപ്പുമുറിയും ബാത്റൂമുമെല്ലാം വളരെ അലസമായാണ് ഉപയോഗിക്കുന്നത്. ക്ളോസറ്റിന്റെ ഫ്ലാപ് പൊക്കിവയ്ക്കാതെ മൂത്രമൊഴിക്കും. ടോയ്‌ലറ്റിൽ പോയിട്ട് ശരിക്ക് ഫ്ലഷ് ചെയ്യില്ല. കുളിച്ചു കഴിഞ്ഞാൽ ബാത്റൂമിലെ വെള്ളം വൈപ്പർ കൊണ്ട് തുടച്ച് മാറ്റില്ല. സോപ്പും എണ്ണയും കുഴഞ്ഞു കിടന്ന കുളിമുറിയിൽ വഴുതി ഞാൻ നടുവിടിച്ച് വീണതിന്റെ വേദന ഇതുവരെ മാറിയിട്ടില്ല. അതും പോരാഞ്ഞു നന്നായി തോർത്താതെ ബെഡ്റൂമിലെത്തി അവിടെയും ഫ്ലോർ മുഴുവൻ വെള്ളമാക്കും.
ഞാനും പുള്ളിയെപ്പോലെ ജോലിചെയ്യുന്ന ഒരാളല്ലേ. പക്ഷേ വീട്ടിൽ ഒരുകൈ സഹായം ചെയ്യില്ല. കഴിക്കുന്ന പാത്രം പോലും കഴുകിവയ്ക്കില്ല. വാഷ് ബേസിനിൽ കഴുകിയാൽ ഭക്ഷണശകലങ്ങൾ അതിൽ കിടക്കും. ഇടയ്‌ക്കെങ്കിലും ഒന്ന് വാഷ് ബേസിൻ കഴുകിയിടാനുള്ള മനസ്സ് കാണിക്കില്ല. വാഷിങ് മെഷീനിൽ മുഷിഞ്ഞ തുണി കൊണ്ടിട്ട് അലക്കാൻ വരെ മടിയാണ്. ഇനി മെഷീൻ അലക്കിയുണക്കി തന്നാലും അതൊന്ന് വിരിക്കാൻ വീണ്ടും മടി. അതും ഞാൻ ചെയ്യണം.
ഞങ്ങളുടെ കുടുംബത്തിൽ പെണ്ണുങ്ങളാണ് വീട്ടുപണി ചെയ്യുന്നത്. എന്റെ അമ്മ അങ്ങനെയായിരുന്നു. അങ്ങനെയാണ് എന്നെ വളർത്തിയത്... തുടങ്ങിയ ന്യായീകരണ ഡയലോഗുകൾ കൂടി അടിച്ചുവിടുമ്പോൾ എന്റെ നിയന്ത്രണം പോകും. ഞാനും ഒരു മനുഷ്യസ്ത്രീയല്ലേ, റോബട്ട് ഒന്നുമല്ലലോ, എനിക്കുമുണ്ട് ക്ഷീണവും, ബുദ്ധിമുട്ടുകളും. അതൊന്നും മനസ്സിലാക്കാനുള്ള സഹകരണമനോഭാവം ഇല്ലാത്ത ഒരാളുടെ കൂടെ എങ്ങനെയാണ് ജീവിക്കുക?...

കേട്ടാൽ നിസ്സാരമെന്ന് തോന്നാമെങ്കിലും അത്ര നിസ്സാരമല്ല അവന്റെ ഭാര്യ പറഞ്ഞ പ്രശ്നങ്ങൾ. ഭൂരിഭാഗം മലയാളി ചെറുപ്പക്കാർക്കും മേൽസൂചിപ്പിച്ച അസുഖങ്ങളുണ്ട്. വളർത്തുദോഷം എന്നേ പറയാനുള്ളൂ. ഞാൻ അവളെ സമാധാനിപ്പിക്കാനായി പറഞ്ഞു.
അടുത്തതായി യുവതിയുടെ പരാതികൾ സുഹൃത്തിനെ ധരിപ്പിച്ചു. ഇനിയെങ്കിലും നന്നായിക്കൂടെടാ എന്ന് ചോദിച്ചു. ഇനി ശ്രദ്ധിച്ചോളാമെന്ന അവന്റെ വാക്ക് തിരികെ യുവതിയെ അറിയിച്ചു. പ്രശ്നം താൽകാലികമായി സോൾവ്ഡ്.
***
ഇന്നത്തെക്കാലത്ത് എന്തുമേടിച്ചാലും അതെങ്ങനെ പ്രവർത്തിപ്പിക്കണം എന്നുള്ള യൂസർ മാനുവൽ ലഭിക്കാറുണ്ട്. പക്ഷേ പുതിയൊരു വീട്ടിലേക്ക് മാറുമ്പോൾ, ആ വീട്ടിലെ ഓരോ ഇടങ്ങളും എങ്ങനെ പരിപാലിക്കണം എന്നൊരു യൂസർ മാനുവൽ പലരും സൃഷ്ടിച്ച് പിന്തുടരാൻ ശ്രമിക്കാറില്ല.
ആണധികാരത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ച ഒരു തലമുറയെ കണ്ടുവളർന്ന ഞങ്ങളുടെ തലമുറയ്ക്കും അതിന്റെ കുറച്ചു പ്രശ്നങ്ങളുണ്ട്. പക്ഷേ പുതിയ തലമുറകൾ സ്വയം നവീകരിക്കുന്നുണ്ട്. വീട്ടകങ്ങൾ കൂടുതലായി കൂട്ടുത്തരവാദിത്തത്തിന്റെ വേദികളാകുന്നുണ്ട്. ഭാര്യ ജോലി ചെയ്യുമ്പോൾ കുട്ടികളെ നോക്കുന്ന, പാചകം ചെയ്യുന്ന ഒരുപാട് ഭർത്താക്കന്മാരുണ്ട്. ആ വസ്തുത കൂടി കാണാതിരിക്കരുത്.
തിരിച്ചു വീട്ടിൽച്ചെന്നപ്പോൾ നല്ല മൂത്രശങ്ക. ഞാൻ ആദ്യം ബാത്‌റൂമിൽ കയറി ക്ളോസറ്റിന്റെ ഫ്ലാപ് പൊക്കിവച്ചു കാര്യം സാധിച്ചു. ഒരു ടിഷ്യൂ പേപ്പർ എടുത്ത് മൂത്രക്കറ കട്ടിപിടിച്ച ഫ്ലാപ് ഒന്നുതുടച്ചു വൃത്തിയാക്കി. ആദ്യത്തെ സംഭവമായതിനാൽ എനിക്ക് സ്വയം അഭിമാനം തോന്നി. നിലത്ത് രാവിലെ കുളിച്ചതിന്റെ സോപ്പ് പതയും എണ്ണയും മുടിയും വെള്ളവുമെല്ലാം കുഴഞ്ഞു കിടക്കുന്നു. എല്ലാം ഉരച്ചുകഴുകി വൃത്തിയാക്കി. വൃത്തികേടായി കിടന്ന വാഷ് ബേസിൻ ഉരച്ചുകഴുകി വൃത്തിയാക്കി. ലോഷനൊഴിച്ച് മോപ് കൊണ്ട് മുറികൾ തുടച്ചു വൃത്തിയാക്കി. നറുമണം മുറികളിൽ പരന്നു. സ്വീകരണമുറിയിൽ അലങ്കോലമായി കിടന്ന മാസികകൾ അടുക്കിവച്ചു.
വൈകിട്ട് കോളിങ് ബെൽ ചിലച്ചു. ഭാര്യയാണ്. നറുമണം വിതറുന്ന വൃത്തിയായി അടുക്കി ഒതുക്കിയ അകത്തളങ്ങൾ കണ്ട് ഭാര്യ, ആ പഴയ സിനിമയിലെ ഡയലോഗ് പ്രയോഗിച്ചു: സോറി, ഫ്ലാറ്റ് മാറിപ്പോയി!..
വാൽകഷ്‌ണം -സന്തുഷ്ടമായ ദാമ്പത്യബന്ധത്തിന്റെ താക്കോൽ പണ്ടേ ഈയുള്ളവൻ തിരിച്ചറിഞ്ഞതാണ്. മധുവിധുകാലം കഴിഞ്ഞാലുടൻ സ്വന്തം ബാത്റൂമിലേക്ക് മാറുക. അവൾക്ക് വേറെ ബാത്റൂം, എനിക്ക് വേറെ ബാത്റൂം. സ്വസ്ഥം, സമാധാനം..