താരിഫുകൊണ്ട് സ്വയംമുറിവേറ്റ് യുഎസ്; ഓഹരികൾ ചോരപ്പുഴ, ഡൗ ജോൺസ് 1,200 പോയിന്റ് ഇടിഞ്ഞു

Mail This Article
ലോകത്തെ ഏതാണ്ട് 180ലേറെ രാജ്യങ്ങൾക്കുമേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒറ്റയടിക്ക് അടിച്ചേൽപ്പിച്ച പകരച്ചുങ്കം (Reciprocal Tariff) യുഎസിനു തന്നെ വിനയാകുന്നു. ലോകം പുതിയതും കൂടുതൽ ശക്തവുമായ വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് നിലവിൽ തന്നെ മാന്ദ്യത്തിന്റെ നിഴലിലായ യുഎസ് സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തം.
ഇതേത്തുടർന്ന്, യുഎസ് ഓഹരി വിപണികൾ നിലംപൊത്തി. ഡൗ ജോൺസ് 1,200 പോയിന്റാണ് (3 ശതമാനത്തോളം) വ്യാപാരത്തുടക്കത്തിൽ തന്നെ ഇടിഞ്ഞത്. എസ് ആൻഡ് പി 500 സൂചിക 3.41 ശതമാനവും ടെക് ഭീമന്മാർക്ക് മുൻതൂക്കമുള്ള നാസ്ഡാക് 4.46 ശതമാനവും (800 പോയിന്റോളം) കൂപ്പുകുത്തിയാണ് വ്യാപാരം ചെയ്യുന്നത്. യൂറോപ്യൻ വിപണികളും ചുവന്നു.
നാസ്ഡാക്കിൽ ഐഫോൺ നിർമാതാക്കളായ ആപ്പിൾ 9 ശതമാനത്തോളം ഇടിഞ്ഞു. 2020ന് ശേഷമുള്ള ഏറ്റവും വമ്പൻ വീഴ്ചയാണ് ആപ്പിൾ ഓഹരികൾ നേരിടുന്നത്. യുഎസിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന തീരുവയും ഓരോ രാജ്യത്തിനും പകരത്തിനു പകരം തീരുവയും (പകരച്ചുങ്കം) വാഹന ഇറക്കുമതിക്ക് 25% തീരുവയുമാണ് ട്രംപ് പ്രഖ്യാപിച്ചത്.
ഇതു ഫലത്തിൽ യുഎസ് കമ്പനികൾക്കും തിരിച്ചടിയാകുമെന്ന് വ്യക്തമാക്കുന്നതാണ് ആപ്പിളിന്റെ വീഴ്ച. ചൈനയും ഇന്ത്യയുമടക്കം ഏഷ്യൻ രാജ്യങ്ങളിൽ ആപ്പിളിന് ഫാക്ടറികളുണ്ട്. മെറ്റയും ആമസോണും 7% വീതം ഇടിഞ്ഞു. ചിപ് നിർമാതാക്കളായ എൻവിഡിയയുടെയും ഇവി കമ്പനി ടെസ്‍ലയുടെയും ഓഹരികൾ 5 ശതമാനത്തിലധികം നഷ്ടത്തിലായി. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് എന്നിവ രണ്ടു ശതമാനത്തിലധികവും വീണു. എൻവിഡിയയ്ക്കും യുഎസിന് പുറത്ത് മെക്സിക്കോ, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഫാക്ടറികളുണ്ട്.
തിരിച്ചടിക്കുമെന്ന് ചൈന
പകരച്ചുങ്കം മരവിപ്പിച്ചില്ലെങ്കിൽ യുഎസിനെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. ചൈനയുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പല രാജ്യങ്ങളുടെയും ജിഡിപിയിൽ ഒരു ശതമാനമോ അതിലേറെയോ വരെ ഇടിവുണ്ടാകാൻ വഴിവയ്ക്കുന്നതാണ് ട്രംപിന്റെ പകരച്ചുങ്ക നയമെന്നിരിക്കേ, ചൈനയുടെ ‘സ്വരത്തിലേക്ക്’ മറ്റു രാജ്യങ്ങളും മാറിയാൽ, അത് ആഗോള വ്യാപാരയുദ്ധം കൂടുതൽ കലുഷിതമാക്കും. നൂറ്റാണ്ടിന്റെ തന്നെ ഏറ്റവും വമ്പൻ പകരച്ചുങ്കക്കയറ്റം എന്നാണ് നിലവിലെ താരിഫ് വർധനയെ നിരീക്ഷകർ വിശേഷിപ്പിക്കുന്നതും.
യുഎസ് ഓഹരി വിപണിയുടെ ചുവടുപിടിച്ച് ബിറ്റ്കോയിനും വീണിട്ടുണ്ട്. 5 ശതമാനത്തിലധികം ഇടിഞ്ഞ് 81,000 ഡോളർ നിലവാരത്തിലാണ് നിലവിൽ വ്യാപാരം. അതേസമയം, ഔൺസിന് 3,166.99 ഡോളറിലെത്തി സർവകാല ഉയരംതൊട്ട രാജ്യാന്തര സ്വർണവിലയും കനത്ത ചാഞ്ചാട്ടത്തിലായി. ഒരുവേള 3,059 ഡോളറിലേക്ക് കൂപ്പുകുത്തിയ വില, നിലവിൽ 3,107 ഡോളറിലേക്ക് കയറി. ഇതേ നിലവാരമാണ് തുടരുന്നതെങ്കിൽ വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില അൽപം കുറയാനാണ് സാധ്യതകൾ.
അതേസമയം, എട്ട് ഒപെക് പ്ലസ് (OPEC+) രാഷ്ട്രങ്ങൾ ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടാൻ തീരുമാനിച്ചതോടെ, ക്രൂഡ് വിലയും കുത്തനെ താഴ്ന്നു. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 7.18% ഇടിഞ്ഞ് 66.56 ഡോളറും ബ്രെന്റ് ക്രൂഡ് വില 6 ശതമാനത്തോളം താഴ്ന്ന് 69.85 ഡോളറുമായി. സൗദി അറേബ്യ, റഷ്യ, ഇറാക്ക്, യുഎഇ, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നിവയാണ് മേയ് മുതൽ പ്രതിദിനം 4.11 ലക്ഷം ബാരൽ വീതം ഉൽപാദനം കൂട്ടാൻ സംയോജിതമായി തീരുമാനിച്ചത്.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business