ADVERTISEMENT

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ ‘പ്രതികാരച്ചുങ്കം’ ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയെയും കേരളത്തെയും കാത്തിരിക്കുന്നത് കയറ്റുമതി നേട്ടത്തിനുള്ള മികച്ച അവസരം. ഉദാഹരണത്തിന് 10% അടിസ്ഥാന ഇറക്കുമതി തീരുവ ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പുതുക്കിയ തീരുവ (Reciprocal Tariff). വിയറ്റ്നാമിന് ഇതു 56 ശതമാനവും കമ്പോഡിയയ്ക്ക് 59 ശതമാനവും ബംഗ്ലാദേശിന് 47 ശതമാനവും ഇൻഡോനേഷ്യക്ക് 47 ശതമാനവുമാണ്. എന്നാൽ, ഇന്ത്യക്ക് 36 ശതമാനമേയുള്ളൂ.

Workers peel shrimp in a tin-roofed processing shed in the hamlet of the Tallarevu, in Kakinada district, in the Indian state of Andhra Pradesh, Sunday, Feb. 11, 2024. India became America’s leading shrimp supplier, accounting for about 40% of the shrimp consumed in the U.S., after media reports including an AP investigation exposed modern day slavery in the Thai seafood industry. (AP Photo/Mahesh Kumar A.)
AP Photo/Mahesh Kumar A

ഏഷ്യൻ ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഇനി ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയായിരിക്കും യുഎസിന് സാമ്പത്തികമായി മെച്ചം. ഉദാഹരണത്തിന് ഇന്ന് ഒറ്റദിവസം മാത്രം യുഎസിൽ ചെമ്മീൻ വില (Shrimp Price) കൂടിയത് 30 ശതമാനമാണ്. യുഎസുകാർക്ക് ചെമ്മീൻ അവിഭാജ്യ ഭക്ഷ്യവിഭവമായതിനാൽ ഫലത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കാവും ഡിമാൻഡ് കൂടുകയെന്ന് കേരളം ആസ്ഥാനമായ പ്രമുഖ സമുദ്രോൽപന്ന കമ്പനിയായ കിങ്സ് ഇൻഫ്രയുടെ സിഎഫ്ഒ ലാൽബർട്ട് ചെറിയാൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

യുഎസിലേക്കുള്ള ചെമ്മീൻ കയറ്റുമതിയുടെ 30-40 ശതമാനവും ഇന്ത്യയിൽ നിന്നാണ്. ഏകദേശം 400 കോടി ഡോളറാണ് കയറ്റുമതി മൂല്യം. എങ്കിലും, റെഡി-ടു-ഈറ്റ്, റെഡി-ടു-കുക്ക് പോലുള്ള മൂല്യവർധിത ഉൽപന്നക്കയറ്റുമതിയിൽ മുന്നിട്ടുനിൽക്കുന്നത് ചൈന പോലുള്ള രാജ്യങ്ങളാണ്. ഇക്വഡോർ പോലുള്ള രാജ്യങ്ങൾക്ക് 10 ശതമാനം തീരുവയേ ബാധകമുള്ളൂ എങ്കിലും അവിടങ്ങളിൽ മൂല്യവർധിത ഉൽപന്നങ്ങളില്ല. ട്രംപ് പകരച്ചുങ്കം ഏർപ്പെടുത്തിയശേഷം, താരതമ്യേന വില കുറവ് ഇന്ത്യൻ ഇനത്തിനായതിനാൽ, ഇന്ത്യയ്ക്ക് കൂടുതൽ കയറ്റുമതി ഓർഡറുകൾ നേടാനാകും.

മാത്രമല്ല, മൂല്യവർധിത (റീ-പ്രോസസിങ്) യൂണിറ്റുകൾ ആരംഭിക്കുന്നത് ഉൾപ്പെടെ കേരളത്തിൽ വ്യാവസായിക രംഗത്തും വലിയ അവസരങ്ങൾ ഇതുവഴി സൃഷ്ടിക്കാനാകുമെന്നും ലാൽബർട്ട് ചെറിയാൻ പറഞ്ഞു. നമ്മുടെ കാലാവസ്ഥ, നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത, ഉൽപന്നങ്ങളുടെ ഉയർന്ന നിലവാരം എന്നിവയും അനുകൂലഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

വസ്ത്ര കയറ്റുമതിക്കും നല്ല അവസരം

ട്രംപിന്റെ പകരച്ചുങ്കം ഹ്രസ്വകാലത്തേക്ക് യുഎസിലേക്കുള്ള വസ്ത്രകയറ്റുമതി ഡിമാൻഡിനെ ബാധിച്ചേക്കാമെങ്കിലും ഇന്ത്യക്ക് തിരിച്ചടിയാവില്ലെന്ന് കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു. നിലവിൽ പ്രതിവർഷം 80-85 ബില്യൻ ഡോളറിന്റെ വസ്ത്ര ഇറക്കുമതിയാണ് യുഎസ് നടത്തുന്നത്. ഇതിൽ‌ 27% ചൈനയിൽ നിന്നും 23% വിയറ്റ്നാമിൽ നിന്നുമാണ്. 11 ശതമാനവുമായി ബംഗ്ലാദേശാണ് മൂന്നാമത്. 8 ശതമാനം വിഹിതമുള്ള ഇന്ത്യ 4-ാം സ്ഥാനത്തും കമ്പോഡിയ 6 ശതമാനവുമായി അഞ്ചാമതും.

കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ്. (Picture courtesy: kitexchildrenswear.com)
കിറ്റെക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സാബു എം. ജേക്കബ്. (Picture courtesy: kitexchildrenswear.com)

ശ്രീലങ്ക, ഇൻഡോനേഷ്യ, പാകിസ്ഥാൻ, തുർക്കി, ആഫ്രിക്കൻ രാജ്യങ്ങൾ, മെക്സിക്കോ, ജർമ്മനി തുടങ്ങിയവയ്ക്ക് 4% വരെ വിഹിതവുമുണ്ട്. പുതിയ പകരച്ചുങ്കപ്രകാരം ബംഗ്ലാദേശുമായി പോലും ഇന്ത്യക്ക് 11 ശതമാനത്തോളം തീരുവ കുറവുണ്ടെന്ന നേട്ടമുണ്ട്. മാത്രമല്ല, ഇന്ത്യ 5% വില കൂട്ടിയാൽ പോലും ബംഗ്ലാദേശുമായുള്ള വലിയ അന്തരം നിലനിൽക്കും. ഫലത്തിൽ, യുഎസ് ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യം ഇന്ത്യയായിരിക്കും.

കിഴക്കമ്പലത്തെ കിറ്റെക്സ് ഫാക്ടറിയിൽ നിന്നുള്ള ദൃശ്യം. (Picture courtesy: kitexchildrenswear.com)
കിഴക്കമ്പലത്തെ കിറ്റെക്സ് ഫാക്ടറിയിൽ നിന്നുള്ള ദൃശ്യം. (Picture courtesy: kitexchildrenswear.com)

പകരച്ചുങ്കം മൂലം 30-35% വരെയാണ് യുഎസിൽ വില കൂടാൻ പോകുന്നത്. ഈ സാഹചര്യത്തിൽ, താരതമ്യേന വിലകുറവുള്ളതും എന്നാൽ, നിലവാരത്തിൽ മെച്ചപ്പെട്ടതുമായ ഇന്ത്യൻ കമ്പനികളെയാകും യുഎസ് ഉപഭോക്താക്കൾ ആശ്രയിക്കുക. നിലവിൽ 600 കോടി ഡോളറിന്റേതാണ് യുഎസിലേക്കുള്ള ഇന്ത്യയുടെ വസ്ത്ര കയറ്റുമതി.

ബംഗ്ലാദേശിലെ ആഭ്യന്തര കലാപ പശ്ചാത്തലത്തിൽ അവർക്ക് കയറ്റുമതി ഓർഡറുകൾ കുത്തനെ കുറഞ്ഞത് ഇന്ത്യൻ കമ്പനികൾക്ക് നേട്ടമായിട്ടുണ്ട്. നിലവിലെ പകരച്ചുങ്കവും ഇന്ത്യയ്ക്കാണ് അതുകൊണ്ട് ഗുണം ചെയ്യുക. ഇന്ത്യൻ വസ്ത്ര കയറ്റുമതി കമ്പനികളെ കാത്തിരിക്കുന്നത് ഉയർന്ന ഓർഡറുകളാണെന്നും ഉൽപാദനം എത്ര കൂടിയാലും അതിനൊത്ത കയറ്റുമതി ഓർഡറുകൾക്കുള്ള സാധ്യതയാണ് മുന്നിൽക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Trump Tariffs: Kerala's Seafood and Garment Industries Set for a Boom, says Experts

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com