ട്രംപിന്റെ പകരച്ചുങ്കം; ചങ്കിടിപ്പോടെ ചെമ്മീനും

Mail This Article
കൊച്ചി∙ ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം കൂട്ടുന്നതു കയറ്റുമതി രംഗത്തു പ്രതിസന്ധിയാകും. അമേരിക്കയിലേക്കു മാത്രം 400 കോടി ഡോളറിന്റെ (34000 കോടി രൂപ) കയറ്റുമതിയാണുള്ളത്.
അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സമുദ്രോൽപന്നങ്ങൾക്ക് 30% ഇറക്കുമതിച്ചുങ്കം ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്. പകരച്ചുങ്കം അത്രയുമോ 20 ശതമാനമോ ആയാലും കയറ്റുമതിയെ കാര്യമായി ബാധിക്കും. മറ്റനേകം രാജ്യങ്ങളിൽ നിന്നുള്ള മത്സ്യം ചുങ്കം ഇല്ലാതെ വരുന്നതിനാൽ അതോടെ, ഇന്ത്യൻ ഇറക്കുമതി ഉൽപന്നങ്ങൾ വിലക്കൂടുതൽ മൂലം യുഎസ് വിപണിയിൽ നിന്നു പുറത്താകും.
നിലവിൽ 10 ശതമാനത്തിൽ താഴെയാണ് അമേരിക്ക ഇന്ത്യൻ മത്സ്യോൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ചുങ്കം. യഥാർഥത്തിൽ അതു പൂജ്യം ആവേണ്ടതാണ്. മീൻപിടിത്തക്കാരുടെ പ്രധാന കേന്ദ്രമായ ലൂസിയാന സംസ്ഥാനത്തെ സതേൺ ഷ്രിംപ് അസോസിയേഷൻ കേസ് കൊടുത്തതിനെ തുടർന്ന് ഇന്ത്യയ്ക്കു മേൽ ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്തുകയായിരുന്നു. അവിടത്തെ ലോക്കൽ വിലയെക്കാൾ കുറവായിരുന്നെന്നായിരുന്നു പരാതി.
ഇന്ത്യയിൽ ചെമ്മീൻ കർഷകർക്കു സബ്സിഡി ഉള്ളതു മൂലം കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടിയും യുഎസിൽ ഏർപ്പെടുത്തി. രണ്ടും ചേർന്നിട്ടും ഇപ്പോഴും ഇറക്കുമതിച്ചുങ്കം 10 ശതമാനത്തിൽ താഴെ മാത്രം. അതേസമയം, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാൽമൺ പോലുള്ള മത്സ്യങ്ങൾക്ക് ഇന്ത്യ 30% ചുങ്കം ഏർപ്പെടുത്തിയിരിക്കുന്നത് കല്ലുകടിയായി തുടരുന്നു. വെറും 4 കോടി ഡോളറിന്റെ (340 കോടി രൂപ) മത്സ്യ ഇറക്കുമതി മാത്രമാണ് യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ളത്. തുക നിസാരമാകയാലും സാൽമൺ പോലുള്ളവയുടെ ഇറക്കുമതി ഇന്ത്യൻ മീൻപിടിത്തക്കാരെ ബാധിക്കില്ലെന്നതും ചൂണ്ടിക്കാട്ടി അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചുങ്കം കുറയ്ക്കണമെന്ന് കയറ്റുമതിക്കാരുടെ അസോസിയേഷൻ വാണിജ്യമന്ത്രാലയത്തിന് നിവേദനം നൽകിയെങ്കിലും നടപടിയില്ല. കാരണം ഒമാൻ, ഇന്തൊനീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മത്സ്യ ഇറക്കുമതിയുണ്ട്. ഒമാൻ മത്തിയും വിയറ്റ്നാം ബാസയും ഇന്തൊനീഷ്യൻ നെയ്മീനും മറ്റും കുറഞ്ഞ വിലയ്ക്ക് ഇവിടെ വരുന്നതു തിരിച്ചടിയാവും.
അതിനാൽ ഈ രാജ്യങ്ങൾക്കു മാത്രം കൂടിയ ചുങ്കവും അമേരിക്കയ്ക്ക് കുറഞ്ഞ ചുങ്കവും ഏർപ്പെടുത്തണമെന്നാണ് ആവശ്യം.