വ്യാജ പ്രചാരണങ്ങൾക്കെതിരെ ആയുധമാക്കാം അറിവും അവബോധവും; പ്രമുഖ ഫാക്ട് ചെക്കര്‍മാരുടെ പ്രതികരണം
Mail This Article
വിവരവിസ്‌ഫോടനം, വിവരങ്ങളുടെ അമിതഭാരം എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഇൻഫോഡെമിക്കിന്റെ നാളുകളാണിത്. ശരിയും തെറ്റും അർധസത്യങ്ങളും തെറ്റിധരിപ്പിക്കുന്ന വിവരങ്ങളും മറ്റും വിവിധ വിവരമാധ്യമ സങ്കേതങ്ങളിലൂടെ ലോകമെങ്ങും അതിവേഗം പ്രചരിക്കുന്നു. സ്വന്തം ചിന്താഗതിയോടും താൽപര്യങ്ങളോടും ചേർന്നു നിൽക്കുന്നതെന്തോ അവ കണ്ണുംപൂട്ടി വിശ്വസിച്ച് പങ്കുവയ്ക്കുന്നവരും ആശയപ്രചാരണത്തിനായി മനഃപൂർവം ആശയക്കുഴപ്പമുള്ള വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നവരും ഇതിനിടയില്‍ എന്തു വിശ്വസിക്കണം എന്നറിയാതെ വിഷമിക്കുന്നവരുമൊക്കെ ഈ സമൂഹത്തിന്റെ ഭാഗമാണ്.
സമൂഹത്തിന്റെ പൊതുവായ നന്മ, കരുതൽ, എന്നിവയോർത്ത് കണ്ടതെല്ലാം മറ്റുള്ളവർക്ക് അറിവാകട്ടെ എന്നു കരുതി വാസ്തവമെന്തെന്നു പരിശോധിക്കാതെ ഉള്ളടക്കങ്ങൾ സ്നേഹിതർക്കും ബന്ധുക്കൾക്കുമിടയിൽ പങ്കുവയ്ക്കുന്നവരുണ്ട്. ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെടുന്ന തെറ്റായ വിവരങ്ങൾക്ക് 'misinformation' എന്നാണ് വിളിപ്പേര്. ഏതെങ്കിലും ഗൂഢലക്ഷ്യത്തിൽ അതുമല്ലെങ്കിൽ വ്യക്തിഹത്യയ്ക്കായി വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനെ 'disinformation' എന്നും 'malinformation' എന്നും വിളിക്കുന്നു. ഇവയിലേതുമാകാം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ദിനംപ്രതി കടന്നെത്തുന്നത്. എന്തെങ്കിലും വിശ്വസിക്കണമെങ്കില്‍ വിദഗ്ധരെ ആശ്രയിക്കേണ്ടത് ഇക്കാലത്ത് അനിവാര്യമാണ്. അതു തന്നെയാണ് ഫാക്ട് ചെക്കിങ്ങിന്റെ പ്രസക്തിയും. സമൂഹത്തിന്റെ മാധ്യമസാക്ഷരതയും ഇതൊടൊപ്പം വളർത്തേണ്ടതുണ്ട്.

∙ വസ്തുതാ പരിശോധന എന്നാൽ?
വിവര വ്യാപനത്തിന്റെ കാലഘട്ടത്തിൽ വ്യക്തിയുടെയും പൊതുജനങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ഉപകരണമാണ് വസ്തുതാ പരിശോധന. ലോകജനതയെ ബാധിക്കുന്ന തരത്തിൽ വസ്തുതാവിരുദ്ധ പ്രചാരണങ്ങൾ ഏറെ നടന്ന കാലഘട്ടമായിരുന്നു കോവിഡ്-19 മഹാമാരിയുടേത്. ജനങ്ങളുടെ ഭീതിയായിരുന്നു ആരോഗ്യവിഷയങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ വാസ്തവം പരിശോധിക്കുന്നതിന് മുൻപേ പോസ്റ്റുകൾ ഷെയർ ചെയ്യാനും അവയുടെ ഉള്ളടക്കം വിശ്വസിക്കാനും കാരണമായത്. ഇന്റർനെറ്റും സമൂഹമാധ്യമങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കാൻ അന്നു കാരണമായിട്ടുണ്ട്.
‘‘തെറ്റായ വിവരങ്ങൾ ഏറുന്നതായ അവബോധം അടുത്തിടെ വളർന്നുവന്നിട്ടുണ്ടെങ്കിലും, ആരോഗ്യസംബന്ധമായ വ്യാജ പ്രചാരണങ്ങളിൽ ആളുകൾ ഇപ്പോഴും വഞ്ചിതരാകുന്നുണ്ട്.’’ – ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾക്കെതിരെ പൊരുതുന്ന ‘ദ് ഹെൽത്തി ഇന്ത്യൻ പ്രോജക്റ്റ്’ (തിപ്പ്) മീഡിയ എഡിറ്റർ നീലം സിങ് അഭിപ്രായപ്പെടുന്നതിങ്ങനെ.
ശരിയായ വിവരങ്ങൾ ഏവരിലേക്കും അതിവേഗം എത്തിക്കുന്നതിൽ തിപ്പ് മീഡിയ എന്നും പുതിയ വെല്ലുവിളികൾ നേരിടുന്നതായും നീലം പറയുന്നു. ‘‘ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ‘ഇൻഫ്ലുവൻസർമാർ' ആയാലും 'സ്വയം പ്രഖ്യാപിത വിദഗ്ധർ' ആയാലും, സമൂഹമാധ്യമങ്ങൾ പലപ്പോഴും ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളാൽ നിറഞ്ഞിരിക്കുന്നു. കൂടുതൽ വ്യൂസ് നേടുന്നതിനാണ് ഇതിൽ പലരും ശ്രമിക്കുന്നത്, എന്നാൽ, ഞങ്ങളുടെ പരിശ്രമം ഇതിനിടെ ശരിയായ ആരോഗ്യ വിവരങ്ങൾ നൽകുന്നതും. അതാണ് നമ്മുടെ പോരാട്ടത്തിന്റെ അടിസ്ഥാനം.’’
‘ലോജിക്കലി ഫാക്ട്സി’ലെ മീഡിയ ലിറ്ററസി, ട്രെയിനിങ് ആൻഡ് പാർട്നർഷിപ്സ് വിഭാഗം ലീഡും ഫാക്ട് ചെക്കറുമായ ഉസൈർ റിസ്‍വിക്ക് എഐ കാലത്ത് വസ്തുതാ പരിശോധനയിലുണ്ടാകുന്ന പ്രതിസന്ധികളാണ് ഏറെ പ്രധാനമായി തോന്നുന്നത്. ‘‘ഏറെ വർഷങ്ങളായി സാങ്കേതികവിദ്യ, രാഷ്ട്രീയ പശ്ചാത്തലം, സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം എന്നിവയ്‌ക്കൊപ്പം വ്യാജ പ്രചാരണങ്ങളും വർധിച്ചിട്ടുണ്ട്. 2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപ്, വാട്സ്ആപ്പിലൂടെ ടെക്സ്റ്റ്, ഡിജിറ്റൽ സന്ദേശങ്ങൾ വഴിയാണ് വ്യാജ പ്രചാരണങ്ങൾ വ്യാപകമായിരുന്നതെങ്കിൽ 2024ൽ അത് എഐയുടെ കൂടി സങ്കേതങ്ങൾ ഉപയോഗിക്കുന്നതായി." – ഉസൈർ റിസ്‌വി അഭിപ്രായപ്പെടുന്നു. മാധ്യമ സാക്ഷരതയുടെ പ്രാധാന്യവും ഉസൈർ ഇതൊടൊപ്പം ഉയർത്തിക്കാട്ടുന്നു.
∙ നാഗ്പുർ സംഘർഷം എന്ന ഉദാഹരണം
അശാന്തി വളർത്തുന്നതിൽ തെറ്റായ വിവരങ്ങൾക്ക് വഹിക്കാവുന്ന പങ്കിന്റെ ഉദാഹരണമാണ് ഇക്കഴിഞ്ഞ മാർച്ച് 17ന് നാഗ്പുരിലുണ്ടായ അക്രമാസക്തമായ സംഘർഷങ്ങളെന്ന് ഫാക്ട് ചെക്കറും ‘ദി ഇന്ത്യൻ എക്സ്പ്രസ്’ ഡപ്യൂട്ടി കോപ്പി എഡിറ്ററുമായ അങ്കിത ദേശ്കർ സൂചിപ്പിക്കുന്നു. "സാധാരണ വാട്സാപ് ഫോർവേഡുകളിൽ നിന്ന് പ്രകോപനപരമായ ഉള്ളടക്കത്തിലേക്ക് പരിണമിക്കുന്ന തെറ്റായ വിവരങ്ങൾ വർഗീയ സംഘർഷങ്ങൾക്കും സാമൂഹിക ഐക്യം തകർക്കാനും പര്യാപ്തമാണ്."
"ചിത്രങ്ങൾ, വിഡിയോകൾ, ഓഡിയോകൾ എന്നിവയുടെ രൂപത്തിൽ എഐ സൃഷ്ടികൾ ഈ പ്രശ്‌നത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു.’’ – അങ്കിത കൂട്ടിച്ചേര്‍ത്തു.
നിർമിത ബുദ്ധിയുടെ കടന്നുകയറ്റവും അത് ഉണർത്തുന്ന കൗതുകവും സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. മാധ്യമപ്രവർത്തകരെയും ഫാക്ട് ചെക്കർമാരെയും സഹായിക്കുന്ന എഐ സംവിധാനങ്ങളുമുണ്ട്. എന്നാൽ ഇവയെ കുഴപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നിർമിച്ച് പ്രചരിപ്പിക്കാനും എഐ സംവിധാനത്തെ ദുരുപയോഗപ്പെടുത്തുന്നവരും മുന്നിലുണ്ട്. ‘‘എഐ നന്മയ്ക്കോ ദോഷത്തിനോ എന്നത് നമ്മൾ അത് എങ്ങനെ ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തെറ്റായ വിവരങ്ങൾക്കായി സാങ്കേതികവിദ്യയെ ചൂഷണം ചെയ്യുന്നവർ എപ്പോഴും ഉണ്ടാകും. എന്നാൽ, ഇതിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി കൂടുതൽ നന്മയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരുമുണ്ടാകും.’’ – ഫാക്ട് ചെക്കറും ‘ജാഗ്രൺ ന്യൂ മീഡിയ ഡപ്യൂട്ടി എഡിറ്ററുമായ ദേവിക മേത്തയാണ് ഇങ്ങനെ അഭിപ്രായപ്പെടുന്നത്. ‘നിർമിത ബുദ്ധിയും ഇന്ത്യയിലെ പത്രപ്രവർത്തനത്തിന്റെ പ്രത്യാഘാതങ്ങളും’ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ദേവികയുടെ അഭിപ്രായത്തിൽ, നിർമിത ബുദ്ധിയെ മനസ്സിലാക്കാനും, അതിന്റെ ആഘാതത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമുള്ള സമയമാണിത്. അറിവ് പങ്കുവയ്ക്കുമ്പോൾ വളരുന്നു. ഇന്നത്തെ എഐ യുഗത്തിൽ, തെറ്റായ വിവരങ്ങൾക്കെതിരായ നമ്മുടെ ഏറ്റവും മികച്ച പ്രതിരോധം ആ അറിവാണ്."
"എന്നിരുന്നാലും, എഐയിൽ ആളുകളെ പരിശീലിപ്പിക്കുന്നതിനിടയിൽ, ഒരു മാറ്റം ഞാൻ കണ്ടിട്ടുണ്ട്- ഉപയോക്താക്കൾ കൂടുതൽ ജാഗ്രതയുള്ളവരും കൂടുതൽ വിവരമുള്ളവരുമായി മാറുന്നു എന്നതാണത്." – ദേവിക പറയുന്നു.
∙ ഫാക്ട് ചെക്കിങ്ങിൽ വേണ്ട പക്ഷപാതിത്വം
വ്യാജ പ്രചാരണങ്ങൾക്കെതിരായ പോരാട്ടം ഫാക്ട് ചെക്കർമാരുടെ മാത്രം ഉത്തരവാദിത്തമായി ഒതുങ്ങുന്നില്ല. മുന്നോട്ടുള്ള വെല്ലുവിളികൾ വലുതാണ്. ‘‘ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന്, ആളുകളിൽ വേരൂന്നിക്കിടക്കുന്ന സ്ഥിരീകരണ പക്ഷപാതമാണ് (confirmation bias)- ഇത് ഒരു വ്യക്തിയുടെ നിലവിലെ കാഴ്ചപ്പാടുകളുമായി യോജിക്കുന്ന വിവരങ്ങൾ കൃത്യത പരിഗണിക്കാതെ വിശ്വസിക്കാനും പങ്കിടാനും കൂടുതൽ സാധ്യതയുള്ളതാക്കുന്നു. മുന്നോട്ട് നോക്കുമ്പോൾ, എഐ നിർമിത വ്യാജ വിവരങ്ങളുടെയും ഡീപ്ഫേക്കുകളുടെയും ഉയർച്ച ഇനിയും വലിയ വെല്ലുവിളികൾ ഉയർത്തും.’’ – ‘പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ’ ഡിജിറ്റൽ സർവീസസ്, സോഷ്യൽ മീഡിയ, മൾട്ടിമീഡിയ ആൻഡ് ഫാക്ട് ചെക്ക് തലവൻ പ്രത്യുഷ് രഞ്ജൻ തന്റെ അനുഭവങ്ങളിൽ നിന്ന് പറയുന്നു.
‘‘വിവരങ്ങൾ നിറഞ്ഞൊഴുകുന്ന ലോകത്ത്, യഥാർത്ഥ ശക്തി വിവേചനബുദ്ധിയിലാണ്. തെറ്റായ വിവരങ്ങൾ കാട്ടുതീ പോലെ പടരുന്നു. പക്ഷേ സത്യം ഉറച്ചുനിൽക്കും, വിശ്വസിക്കുന്നതിനും ഷെയർ ചെയ്യുന്നതിനും മുമ്പ് ഒരു നിമിഷം പരിശോധിച്ച് ഉറപ്പിച്ചാൽ മാത്രം മതി.’’ – ‘ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റിവ്’ ഇന്ത്യ ട്രെയിനിങ് നെറ്റ്‌വർക്ക് ട്രെയിനറായ ഉർവശി കപൂർ ആശംസിക്കുന്നതിങ്ങനെ.
ഭാവിയിലെ ഫാക്ട്-ചെക്കിങ് വെല്ലുവിളികളെ അതിജീവിക്കാൻ ജാഗ്രതയ്ക്ക് പുറമേ വിജ്ഞാനവും, മീഡിയ-എഐ സാക്ഷരതയുടെ സ്വീകാര്യതയും, കൂട്ടായ പ്രവർത്തനവും അനിവാര്യമാണെന്നതാണ് പോയ കാലം നാളേയ്ക്കായി പകർന്ന് നല്‍കുന്ന പാഠം. സാങ്കേതിക വിദ്യകൾ എത്രമാത്രം മുന്നോട്ട് പോകുന്നുവോ, അതിനനുസരിച്ച് ഉത്തരവാദിത്തത്തോടെ അത് കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവ് വികസിപ്പിക്കേണ്ടതും ആവശ്യമാണ്. അതിനാൽ, ഏതു വിവരവും സമൂഹമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കുന്നതിന് മുമ്പ് പരിശോധിക്കുക, വിശ്വസനീയമായ സ്രോതസ്സുകൾ തേടുക, തെറ്റായ വിവരങ്ങൾക്കെതിരെ ബോധവത്കരണം നടത്തുക എന്നത് ഓരോരുത്തരും ഉത്തരവാദിത്തമായി കാണുകയെന്നാണ് രാജ്യാന്തര ഫാക്ട്ചെക്കിങ് ദിനത്തിൽ ഏവരും കൈക്കൊള്ളേണ്ട പ്രതിജ്ഞയും.