ADVERTISEMENT

മാംസത്തിൽനിന്നുള്ള ഭക്ഷ്യവിഷബാധയ്ക്കു പ്രധാന കാരണങ്ങളിലൊന്ന് അവ പാകം ചെയ്യുമ്പോൾ മാംസത്തിന്റെ പുറം ഭാഗം മാത്രം വേവുകയും ഉൾവശം വേവാതിരിക്കുകയും ചെയ്യുന്നതാണ്. നന്നായി വേവാത്ത ഭാഗത്ത് രോഗാണുക്കൾ പെരുകുന്നു. 

ഇറച്ചി വാങ്ങുമ്പോൾ മുതൽ കരുതലും ശ്രദ്ധയും ആവശ്യമാണ്. ഇറച്ചിയുടെ നിറം, മണം, കാഠിന്യം, എല്ലുകളുടെ അവസ്‌ഥ ഇവയൊക്കെ ശ്രദ്ധിച്ചാൽ മാംസത്തിന്റെ ഗുണനിലവാരവും പഴക്കവും തിരിച്ചറിയാം. ഇളംറോസ് നിറവും ഉറപ്പുള്ള പേശികളും മാംസം നല്ലതാണെന്ന് സൂചിപ്പിക്കുന്നു. മാംസം സൂക്ഷിച്ചുവയ്ക്കാൻ ഏറ്റവും നല്ലത് ഫ്രിജ് തന്നെയാണ്. മാംസം കഴുകി വൃത്തിയാക്കി വെള്ളമയം ഇല്ലാതെ പോളിത്തീൻ കവറുകളിലാക്കി വേണം സൂക്ഷിക്കാൻ. ഫ്രിജിലാണെങ്കിലും ഒരു മാംസവും അഞ്ചു ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിജിൽ നിന്നെടുത്ത് തണുപ്പുമാറ്റിയ മാംസം വീണ്ടും ഫ്രീസ് ചെയ്യുന്നത് രോഗാണുക്കൾ പെരുകാൻ ഇടയാക്കുമെന്നും അറിയുക. വയറുവേദന, വയറുകത്തൽ, ഛർദി, വയറിളക്കം, പനി എന്നിവ മാംസാഹാരത്തിൽനിന്നുള്ള വിഷബാധയുടെ ലക്ഷണങ്ങളാണ്. 

മത്സ്യങ്ങൾ 

മത്സ്യം മിക്ക മലയാളികൾക്കും ആഹാരക്രമത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ അന്തരീക്ഷ മലിനീകരണവും ജലമലിനീകരണവും മത്സ്യങ്ങളെയും ബാധിക്കും. ലെഡ്, മെർക്കുറി തുടങ്ങിയ ഹെവിമെറ്റലുകൾ ജലാശയത്തിൽ കലരുമ്പോൾ അവ മത്സ്യങ്ങളിലെത്തിച്ചേരുന്നു. നന്നായി വേവിച്ചാലോ കൊഴുപ്പുനീക്കിയാലോ ഒന്നും മെർക്കുറി ഒഴിവാകുന്നില്ല. 

tilapia-fish
പഴകിയ മത്സ്യം

കേടാകാത്ത മത്സ്യത്തിന്റെ മാംസം ഉറപ്പും തിളക്കവുമുള്ളതായിരിക്കും. മാംസം അടർന്നുപോകുന്നത് പഴക്കംകൊണ്ടാണ്. മത്സ്യത്തിന് അമോണിയ, ഫോർമലിൻ തുടങ്ങിയ രാസവസ്തു‌ക്കളുടെ മണവുമുണ്ടാകരുത്. ഇവയുടെ അമിത സാന്നിധ്യം ഉദരപ്രശ്നങ്ങളുണ്ടാക്കാം. 

Also read: വീട്ടിൽ വളർത്താവുന്ന സ്വാദുള്ള മത്സ്യങ്ങൾ ഇവയാണ്

മുട്ട നല്ലതോ ചീത്തയോ 

സമ്പൂർണ ഭക്ഷണമാണ് മുട്ട. മുട്ട വെള്ളത്തിലിട്ടു നോക്കിയാൽ പഴക്കം മനസ്സിലാക്കാം. ഏറെ പഴകിയ മുട്ട ജലനിരപ്പിലേക്കു പൊങ്ങിവരും. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്. സ്കൂളിൽ പോകുന്ന കുട്ടികൾക്കു ദിവസവും രാവിലെ ഒരു മുട്ട പുഴുങ്ങി കൊടുക്കുന്നതു കൊള്ളാം. 

Also read: മുട്ട പോഷകങ്ങളുടെ പവർഹൗസ്; എന്തുകൊണ്ട്? ദിവസം ഒരാൾ എത്ര മുട്ട കഴിക്കണം?

വിഷക്കൂണുകൾ 

കൂൺ മലയാളികളുടെ ഇഷ്‌ടവിഭവം തന്നെ. അവയിൽ രൂപപ്പെടുന്ന വിഷഘടകങ്ങളാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണം. പലപ്പോഴും വിഷക്കൂണുകളെ വിഷമില്ലാത്തവയിൽനിന്ന് നിറംകൊണ്ടോ ഘടന കൊണ്ടോ തിരിച്ചറിയാൻ കഴിയില്ല. തിരിച്ചറിഞ്ഞിട്ടുള്ള ഒരുലക്ഷത്തിൽപ്പരം കൂണിനങ്ങളിൽ ആറോളം ഇനങ്ങളാണ് ആരോഗ്യത്തിനു ഹാനികരം. ഇവയിൽ അമാനിറ്റ ഫാലോയിഡ്‌സ് ആണ് ഏറ്റവും മാരകം. ആറു മുതൽ 12 മണിക്കൂറിനുള്ളിൽ പ്രാരംഭ ലക്ഷണങ്ങളായ ഛർദിയും അതിസാരവും ഉണ്ടാകുന്നു. തുടർന്ന് രക്‌തത്തിലെ പഞ്ചസാരയുടെ നില അമിതമായി താഴുന്നതോടൊപ്പം കരളിന്റെ പ്രവർത്തനവും തകരാറിലാകും. സൈലോസെബ്, ഇനോസെബ്, ക്ലിമോസെബ് വിഭാഗത്തിൽപ്പെട്ട കൂണുകൾ നാഡികളുടെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത്. പുൽത്തകിടികളിലും മറ്റും വളരുന്ന ക്ലോറോഫിലം മോളിബ്സൈറ്റ്സ് മൂലം ഛർദി -അതിസാര ലക്ഷണങ്ങൾ, തലവേദന, പേശിവേദന എന്നിവയ്ക്ക് കാരണമാകുന്നു. 

അമിതമായാൽ 

പാൽ ദീർഘനാൾ കേടാകാതെയിരിക്കാൻ സോഡിയം കാർബണേറ്റ്, സോഡിയം ബൈ കാർബണേറ്റ് തുടങ്ങിയ ന്യൂട്രലൈസറുകൾ ചേർക്കാറുണ്ട്. ഇവ പക്ഷേ, ശരീരത്തിനു ഹാനികരമാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്നതിനായി ചേർക്കുന്ന പല സംരക്ഷകങ്ങളും അനുവദനീയമായ അളവിനേക്കാൾ കൂടുമ്പോൾ അവ ആഹാരം വിഷമയമാക്കുന്നു. സോർബേറ്റ്സ്, നൈട്രേറ്റ്സ്, സൾഫേറ്റ്സ്, ബെൻസോയേറ്റ്സ്, ഗ്ലൂട്ടാമേറ്റ്സ് തുടങ്ങിയ രാസവസ്‌തുക്കളാണ് സംരക്ഷകമായി സാധാരണ ഉപയോഗിക്കാറുള്ളത്. ഭക്ഷണത്തിൽ നമ്മെ ആകർഷിക്കുന്ന പ്രധാന ഘടകമാണ് നിറം. അനുവദനീയ അളവിനു മുകളിൽ കൃത്രിമ നിറം ചേർത്താൽ കരൾ, വൃക്ക, അസ്ഥി, കണ്ണ്, ചുവന്ന രക്താണുക്കൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാം. 

English Summary:

Food poisoning prevention is crucial for health. Proper handling and storage of meat, fish, eggs, and mushrooms are vital steps in avoiding foodborne illnesses.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com