80 വർഷത്തിനു ശേഷം അമേരിക്കൻ സൈനികന്റെ ശേഷിപ്പുകൾ കിട്ടി! ടോക്കിയോ കത്തിയ നാളുകൾ

Mail This Article
പേൾഹാർബർ .. ഹവായിയൻ തീരത്തു സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ ഈ നാവിക കേന്ദ്രത്തിൽ ജപ്പാൻ നടത്തിയ ആക്രമണമാണ് രണ്ടാം ലോകയുദ്ധത്തിലേക്ക് അമേരിക്കയെ ഇറക്കിയത്. ആക്രമണത്തിനു മറുപടിയായി ജപ്പാനിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും പ്രശസ്തമായത് ഹിരോഷിമയും നാഗസാക്കിയുമാണ്. ജപ്പാനെ കേന്ദ്രീകരിച്ച് പല ആക്രമണങ്ങൾ അന്നു യുഎസ് നടത്തിയിരുന്നു. ചൈനയിലെ എയർഫീൽഡുകളിൽ നിന്നാണ് ഇവയ്ക്കായുള്ള വിമാനങ്ങൾ പറന്നുപൊങ്ങിയത്. ബി–29 സൂപ്പർഫോർട്രസ് ഗണത്തിലുള്ള വിമാനങ്ങളായിരുന്നു ഇവ.
ഇത്തരമൊരു വിമാനത്തിലെ ഗണ്ണറായിരുന്നു ഗ്ലെൻ എച്ച്. ഹോഡക്. ഒരിക്കൽ ടോക്കിയോയുടെ മുകളിലൂടെ ഒരു ദൗത്യത്തിനു പോകവേ ഹോഡക്കിന്റെ വിമാനം വെടിവച്ചിട്ടു. ജീവനുണ്ടായിരുന്ന ഹോഡക്കിനെ ജപ്പാൻ യുദ്ധത്തടവുകാരനായി പിടികൂടി. അക്കാലത്തു മാർച്ചിൽ യുഎസ് ജപ്പാൻ തലസ്ഥാനം ടോക്കിയോയിൽ വലിയ ആക്രമണ പരമ്പര നടത്തിയിരുന്നു.ഈ ആക്രമണം ഓപ്പറേഷൻ മീറ്റിങ് ഹൗസ് എന്നറിയപ്പെടുന്നു. ‘കരിമഞ്ഞ് പെയ്ത രാത്രി’ എന്നാണ് ജപ്പാൻകാർ ഇതിനെ വിളിച്ചത്.
പേൾ ഹാർബറിനു ശേഷം 1942ൽ തന്നെ യുഎസ് ജപ്പാനെ ആക്രമിച്ചു.1944ൽ യുഎസ് വ്യോമസേന, ബി 29 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചത് ആക്രമണത്തിന്റെ മൂർച്ച കൂട്ടി. അയ്യായിരം കിലോമീറ്ററുകൾക്കപ്പുറം ഇവയ്ക്ക് റേഞ്ച് ഉള്ളതിനാൽ ചൈനയിൽ നിന്നും പസിഫിക് ദ്വീപുകളിൽ നിന്നും ജപ്പാനിലേക്കു പറന്ന് യുദ്ധം ചെയ്യാൻ ഇവ യുഎസ് സൈനികരെ അനുവദിച്ചു. ജപ്പാന്റെ വ്യാവസായിക, സൈനിക കേന്ദ്രങ്ങളായിരുന്നു യുഎസിന്റെ പ്രധാന ലക്ഷ്യങ്ങൾ. ജപ്പാനും കടുത്ത പ്രതിരോധമൊരുക്കി.
സാധാരണ ബോംബുകൾക്ക് പകരം ഇൻസെൻഡിയറി ബോംബുകൾ
1945 ജനുവരിയിൽ മേജർ ജനറൽ കർട്ടിസ് ലീമെയ് എന്ന ഉന്നത സൈനിക ഉദ്യോഗസ്ഥൻ ജപ്പാനിലെ യുഎസ് ആക്രമണങ്ങളുടെ ചുമതല ഏറ്റെടുത്തു. ഏതു വിധേനയും ജപ്പാനെ തറപറ്റിക്കണമെന്ന നിർദേശം കർട്ടിസിനുണ്ടായിരുന്നു. ഇതെത്തുടർന്ന് സാധാരണ ബോംബുകൾക്ക് പകരം ഇൻസെൻഡിയറി ബോംബുകൾ ഉപയോഗിക്കാൻ തീരുമാനിച്ചു. നാപാം എന്ന രാസവസ്തു ഉപയോഗിക്കുന്ന ബോംബുകളായിരുന്നു ഇവ.

വലിയൊരു സ്ഫോടനമുണ്ടാക്കുന്നതിനു പകരം വീഴുന്ന കേന്ദ്രങ്ങളിൽ കനത്ത, വ്യാപകമായ, നിയന്ത്രിക്കാനാകാത്ത അഗ്നിബാധയുണ്ടാക്കുന്നവയായിരുന്നു നാപാം ബോംബുകൾ. ജപ്പാനിലെ വീടുകളും മറ്റും അന്ന് കൂടുതലും തടിയുപയോഗിച്ചായിരുന്നു നിർമിച്ചത്. ഇതു വലിയ അഗ്നിബാധ ജപ്പാനിൽ വരുത്തി. ഓപ്പറേഷൻ മീറ്റിങ് ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ ആക്രമണത്തിന്റെ ചുവടുപിടിച്ച് മേയിലും യുഎസ് ടോക്കിയോ ആക്രമിച്ചു. അന്നത്തെ ആക്രമണത്തിൽ ഹോഡക്കിനെ പാർപ്പിച്ചിരുന്ന ജയിലും കത്തിയമർന്നു. ഈ അഗ്നിബാധയിലാണു ഹോഡക് മരിച്ചത്. 80 വർഷങ്ങൾക്കു ശേഷം അവശേഷിപ്പുകളിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പരിശോധനകൾ നടത്തിയാണ് അവ ഹോഡക്കിന്റേത് തന്നെയാണെന്നു തെളിഞ്ഞത്