മുൻ കേരള പൊലീസ് താരം എം.ബാബുരാജ് അന്തരിച്ചു

Mail This Article
പയ്യന്നൂർ (കണ്ണൂർ) ∙ കേരള ഫുട്ബോളിന്റെ സുവർണകാലത്തെ വിശ്വസ്ത ഡിഫൻഡർ എം.ബാബുരാജ് (60) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മികച്ച വിങ്ബാക്കുകളിൽ ഒരാളായിരുന്ന ബാബുരാജ്, കേരള പൊലീസ് ഫെഡറേഷൻ കപ്പ് ജേതാക്കളായ രണ്ടു തവണയും (1990, 91) ടീമിൽ അംഗമായിരുന്നു. പൊലീസിൽനിന്ന് അസി. കമൻഡാന്റ് ആയി 2020ലാണു വിരമിച്ചത്. അന്നൂരിലെ മൊട്ടമ്മൽ ഹൗസിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. സംസ്‍കാരം ഇന്ന് 10ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.
കേരള പൊലീസ് ദേശീയ പൊലീസ് ഗെയിംസ് ഫുട്ബോൾ കിരീടം നേടിയപ്പോഴും മല്ലിക്ക് ട്രോഫി നേടിയപ്പോഴും ടീമംഗമായിരുന്നു. സന്തോഷ് ട്രോഫി, കണ്ണൂർ ശ്രീനാരായണ കപ്പ് ഉൾപ്പെടെ മറ്റു പ്രമുഖ ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട്. പയ്യന്നൂർ കോളജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിനെ 1985ൽ സൗത്ത് സോൺ ജേതാക്കളാകുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്, ബ്ലൂ സ്റ്റാർ ക്ലബ് എന്നിവയിലൂടെയാണ് കളിച്ചു വളർന്നത്. മലപ്പുറം എംഎസ്പി, പാണ്ടിക്കാട് ആർആർഎഫ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: യു.പുഷ്പ. മക്കൾ: എം.സുജിൻ രാജ്, എം.സുബിൻ രാജ്. മരുമകൾ: പ്രകൃതിപ്രിയ.