നിന്നങ്ങു പ്രസംഗിച്ചു, 25 മണിക്കൂർ 6 മിനിറ്റ്; ഒന്നും കഴിച്ചില്ല, വെള്ളം കുടിച്ചില്ല

Mail This Article
ട്രംപിനോട് ഏറ്റുമുട്ടുന്നതിനും വേണമല്ലോ അതിന്റെയൊരു രീതി. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ 25 മണിക്കൂർ 6 മിനിറ്റ് പ്രതീകാത്മക ‘പ്രസംഗപ്രതിഷേധ’വുമായി ഡെമോക്രാറ്റ് അംഗം കോറി ബുക്കർ യുഎസ് സെനറ്റിൽ റെക്കോർഡിട്ടത് അങ്ങനെയാണ്. തിങ്കളാഴ്ച വൈകിട്ട് 7നു തുടങ്ങിയ പ്രസംഗം ചൊവ്വാഴ്ച രാത്രി 8 മണി കഴിഞ്ഞ് 6 മിനിറ്റായപ്പോഴാണ് ബുക്കർ ഉപസംഹരിച്ചത്. അതും, ഒരു സെക്കൻഡ് പോലും ഇരിക്കാതെ, മുഴുവൻ സമയവും നിന്നുകൊണ്ട്. ശുചിമുറിയിൽ പോകാനുള്ള ബ്രേക്ക് പോലും എടുത്തില്ല.
പ്രസിഡന്റ് പദവിയിലിരുന്ന് ട്രംപ് എങ്ങനെയാണ് ഭീതി വിതയ്ക്കുന്നതെന്ന് ഉദാഹരണങ്ങളുമായി ന്യൂജഴ്സിക്കാരൻ സെനറ്റർ വിവരിച്ചു. 1957 ൽ സെനറ്റർ സ്ട്രോം തർമൊണ്ട് നടത്തിയ 24 മണിക്കൂർ 18 മിനിറ്റ് പ്രസംഗം പഴങ്കഥ. റെക്കോർഡ് ഇപ്പോൾ ബുക്കറുടെ (55) പേരിൽ. ആഫ്രിക്കൻ– അമേരിക്കൻ വംശജനായ ബുക്കർ മുൻ ഫുട്ബോൾ താരം കൂടിയാണ്. മാധ്യമപ്രവർത്തകരോട് ബുക്കർ തന്ത്രം വെളിപ്പെടുത്തി: ആഹാരം ഉപേക്ഷിച്ചു, വെള്ളം അധികം വേണ്ടെന്നു വച്ചു.