'ഈ സീൻ ആരും കണ്ടില്ലെന്നു കരുതിയോ'! ഇത് എമ്പുരാനിൽ നിന്നും നീക്കം ചെയ്‌ത ഭാഗങ്ങളല്ല | Fact Check

Mail This Article
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണങ്ങൾ ഇപ്പോഴും സജീവമാണ്. എമ്പുരാൻ സിനിമ റീസെൻസറിങ്ങിന് ശേഷം നീക്കം ചെയ്‌ത സീൻ എന്ന അവകാശവാദത്തോടെ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ വൈറൽ വിഡിയോ എമ്പുരാൻ സിനിമയിൽ നിന്ന് നീക്കം ചെയ്തതല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാസ്തവമറിയാം
∙ അന്വേഷണം
2 മിനിട്ട് വെട്ടിമാറ്റിയാൽ ഈ സീൻ ആരും കണ്ടില്ല എന്നു കരുതിയോ എന്ന കുറിപ്പിനൊപ്പമാണ് ദൃശ്യം പ്രചരിക്കുന്നത്.വിഡിയോ കാണാം
ആളുകൾ ട്രെയിൻ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്. ചിത്രത്തിൽ നിന്ന് വിവാദ ദൃശ്യങ്ങൾ വെട്ടിമാറ്റുന്നതിന് മുൻപുള്ള പതിപ്പ് ഞങ്ങൾ കണ്ടിരുന്നു. എന്നാൽ വൈറൽ വിഡിയോയിലെ ദൃശ്യങ്ങളൊന്നും സിനിമയുടെ ആദ്യ പതിപ്പിലില്ല.
വൈറൽ വിഡിയോയിലെ ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകൾ റിവേഴ്‌സ് പരിശോധിച്ചപ്പോൾ 2024 നവംബറിൽ ഗോദ്ര ട്രെയിൻ തീവയ്പ്പുമായി ബന്ധപ്പെട്ട കഥയുമായെത്തിയ 'ദി സബർമതി റിപ്പോർട്ട്' എന്ന ചിത്രത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്. ധീരജ് സർണയുടെ സംവിധാനത്തിൽ വിക്രാന്ത് മാസി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ‘ദ സബർമതി റിപ്പോർട്ട്’. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചപ്പോൾ 2024 നവംബർ ആറിന് പുറത്തിറക്കിയ ചിത്രത്തിന്റെ ഔദ്യോഗിക ട്രയിലറിൽ വൈറൽ വിഡിയോയിലെ ദൃശ്യങ്ങളും ഉൾപ്പെട്ടതായി കണ്ടെത്തി.ഈ വിഡിയോ കാണാം
വൈറൽ വിഡിയോയിലെ സമാന സീനുകൾ ഉൾപ്പെടുന്ന 'ദി സബർമതി റിപ്പോർട്ട്' ചിത്രത്തിലെ മറ്റൊരു ഗാനരംഗവും ലഭിച്ചു.വിഡിയോ കാണാം
വ്യാപകമായ പ്രതിഷേധം ഉയർന്നതിനു പിന്നാലെ എമ്പുരാന്റെ 24 ഭാഗങ്ങൾ വെട്ടിമാറ്റിയ എഡിറ്റഡ് സെൻസർ രേഖ പുറത്തുവന്നിരുന്നു. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബൽരാജ് ബജ്‍രംഗി എന്നതിനു പകരം ‘ബൽദേവ്’ എന്നാക്കി. കാണാനില്ല എന്ന പത്രവാര്‍ത്തിയിലെ പേരും ബല്‍ദേവ് എന്നു മാറ്റിയിട്ടുണ്ട്. നന്ദി കാർഡിൽ നിന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ജ്യോതിഷ് മോഹന്‍ ഐആര്‍എസിനു നന്ദി പറയുന്ന കാര്‍ഡും മാറ്റിയിട്ടുണ്ട്.
മതകേന്ദ്രത്തിനു മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങള്‍ മുറിച്ചുനീക്കി. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകള്‍ ഒഴിവാക്കി. ബെല്‍രാജ്, പീതാംബരന്‍ എന്നീ കഥാപാത്രങ്ങളുടെ ചില സീനുകള്‍ നീക്കം ചെയ്തു. കാറിന്റെ നെയിം ബോര്‍ഡ് മാറ്റുകയും എന്‍ഐഎ എന്ന വാക്ക് മ്യൂട്ട് ചെയ്യുകയും ചെയ്തു. ടിവി ന്യൂസ് ദൃശ്യങ്ങളും മാറ്റി. മസൂദും സയീദ് മസൂദും തമ്മിലുള്ളതും ബല്‍രാജും മുന്നയും തമ്മിലുള്ളതുമായ ചില സംഭാഷണങ്ങളും മാറ്റി.
കൂടാതെ സ്ത്രീ കഥാപാത്രത്തിന്റെ തല തുടര്‍ച്ചയായി ഭിത്തിയില്‍ ഇടിപ്പിക്കുന്ന സീനും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകളും മുറിച്ചുമാറ്റി. ദേശീയ പതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം ഒഴിവാക്കി. ഒരു കാലഘട്ടം വ്യക്തമാക്കിയിരുന്ന കാര്‍ഡ് മാറ്റി ‘കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്’ എന്നാക്കി. മൊഹ്‌സീനെ കൊല്ലുന്ന സീന്‍ എന്നിങ്ങനെ ആകെ 2.08 മിനിറ്റ് ദൃശ്യങ്ങളാണ് മാറ്റിയിരിക്കുന്നത്.
ലഭ്യമായ വിവരങ്ങളിൽ നിന്ന് എമ്പുരാൻ സിനിമയിൽ നിന്ന് ഒഴിവാക്കിയ രംഗം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിലെ രംഗങ്ങളാണെന്ന് വ്യക്തമായി.
∙ വസ്‌തുത
എമ്പുരാൻ സിനിമയിൽ നിന്ന് ഒഴിവാക്കിയ രംഗം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറൽ വിഡിയോയിലുള്ളത് 2024ൽ പുറത്തിറങ്ങിയ ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിലെ രംഗമാണ്.