മനംകവർന്ന് യുഎഇ കാഴ്ചകൾ; മത്സരിച്ച് വിമാനക്കമ്പനികൾ, 60 ലക്ഷം പിന്നിട്ട് യാത്രക്കാർ

Mail This Article
ദുബായ് ∙ രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ഈ മാസം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഇതിനകം 60.35 ലക്ഷം സീറ്റുകളാണ് ബുക്ക് ചെയ്തത്.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് ബുക്കിങ്ങിലുള്ള വർധന 6.2 ശതമാനമാണ്. മാർച്ചിലെ മൊത്തം ബുക്കിങ് 50.98 ലക്ഷം ആയിരുന്നു. വ്യോമയാന മേഖലയിൽ വിമാനക്കമ്പനികളുടെ മൽസരമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയ്ക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.
അവധി ആഘോഷിക്കാൻ ഏതു രാജ്യം എന്ന ചോദ്യത്തിനു യുഎഇയിലെ മനം മയക്കുന്ന കാഴ്ചകൾ എന്നതാണ് വിനോദ സഞ്ചാരികളുടെ മറുപടിയെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ഓരോ മാസവും യാത്രക്കാരിലുണ്ടാകുന്ന കുതിപ്പ് ഇത് ശരിവയ്ക്കുന്നു. എമിറേറ്റ്സിൽ യാത്ര ചെയ്യാൻ ഈ മാസം 30.19 ലക്ഷം സീറ്റുകളാണ് ബുക്ക് ചെയ്തത്. ൈഫ്ല ദുബായ് വിമാനത്തിൽ സീറ്റ് പിടിച്ചവർ 10.22 ലക്ഷം ആയി.
എയർ അറേബ്യയിൽ ഈ മാസം രാജ്യത്തെത്തുക 841,282 പേരാണ്. ഇത്തിഹാദ് എയർലൈൻസിൽ 10.09 ലക്ഷം യാത്രക്കാരെത്തുമെന്ന് വേൾഡ് ഫ്ലൈറ്റ് ഇൻഫർമേഷൻ ഇന്റലിജൻസ്, ആൻഡ് അനലിസ്റ്റിക്സ് എയർപോർട്സ് പോർട്ടൽ (ഒഎജി) വെളിപ്പെടുത്തി. മധ്യപൗരസ്ത്യ രാജ്യങ്ങളിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങൾ ഇപ്പോൾ യുഎഇയിലാണ്.
സൗദി വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാരേക്കാൾ ബുക്കിങ്ങിൽ 7 ശതമാനമാണ് യുഎഇയുടെ പ്രതിവർഷ വർധന. ആധുനിക സൗകര്യങ്ങളോടെ 2023 നവംബർ 15നു പ്രവർത്തനം ആരംഭിച്ച അബുദാബി സായിദ് വിമാനത്താവളത്തിലേക്ക് ഇപ്പോൾ കൂടുതൽ ബുക്ക് എത്തുന്നതായാണ് കണക്ക്. മധ്യപൂർവദേശങ്ങളിലെ അതിവേഗം പുരോഗതി പ്രാപിക്കുന്ന വിമാനത്താവളങ്ങളിലൊന്നായി അബുദാബി മാറിയതായി വിമാനത്താവള അതോറിറ്റി അറിയിച്ചു.
കൂടുതൽ രാജ്യാന്തര യാത്രക്കാരെ ഉൾകൊള്ളാൻ കഴിയും വിധമാണ് അബുദാബിയുടെ വിപുലീകരണം പൂർത്തിയാക്കിയത്. ലോകത്തെ ഏറ്റവും മികച്ച ടെർമിനലിനുള്ള മൂന്നാം സ്ഥാനവും ഇതിനകം ലഭിച്ചു.