ഇന്ത്യയിൽ 56ൽ ഒരാൾ ഓട്ടിസ്റ്റിക് എന്ന് കണക്കുകൾ; കുട്ടികളിലെ ഈ ലക്ഷണങ്ങള് തിരിച്ചറിയണം

Mail This Article
മാതാപിതാക്കളിൽ ധാരണ ഉണ്ടാക്കാൻ...
ഇന്ത്യയിൽ 56ൽ ഒരാൾ ഓട്ടിസ്റ്റിക് ആണെന്നാണു കണക്കുകൾ. കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയാതിരിക്കുക, പേരു വിളിച്ചാലും നോക്കാതിരിക്കുക, കൈകൾ പ്രത്യേക രീതിയിൽ ചലിപ്പിക്കുക, കൂടുതലും ഒറ്റയ്ക്കിരുന്നു കളിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് ആദ്യം കാണിക്കുക. ഇതിനെക്കുറിച്ചു മാതാപിതാക്കളിൽ ധാരണ ഉണ്ടാക്കാനാണ് ഏപ്രിൽ 2 ലോക ഓട്ടിസം ദിനമായി ആചരിക്കുന്നത്. രണ്ടര വയസ്സിനുള്ളിൽ ഇവ കണ്ടെത്തി വിവിധ തെറപ്പികൾ അടക്കമുള്ള പരിശീലനങ്ങൾ നൽകിയാൽ ഈ കുഞ്ഞുങ്ങളെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയും.

ഡോ. ജയിംസൺ സാമുവൽ, ഡോ.ജാൻസി ബ്ലസൻ സ്ഥാപകർ, ജ്യുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡവലപ്മെന്റ് സെന്റർ, ചാലുകുന്ന്, കോട്ടയം
കഴിവു കണ്ടെത്തി തെറപ്പി നൽകണം
ഓട്ടിസം സ്പെക്ട്രം ഡിസോഡർ (എഎസ്ഡി) കാണിക്കുന്ന കുഞ്ഞുങ്ങളിൽ ഓരോരുത്തർക്കും ഓരോ തരം തെറപ്പിയാണു വേണ്ടത്. ഓരോ കുട്ടിക്കുമുള്ള കഴിവു കണ്ടെത്തി അതിന് അനുസരിച്ചുള്ള തെറപ്പികളും പഠനവും നൽകണം. ഏതിലാണു കുട്ടിക്കു കഴിവുള്ളതെന്ന് ആദ്യം കണ്ടെത്തണം. ദിനചര്യകൾ (എഡിസി, ആക്ടിവിറ്റീസ് ഓഫ് ഡെയ്‌ലി ലിവിങ്) ഉൾപ്പെടെ പഠിപ്പിക്കും. പിന്നീട് ഓരോരുത്തരുടെയും നിലവാരം അനുസരിച്ചു സിബിഎസ്ഇ സിലബസിലാണു പഠനം. തെറപ്പി, എജ്യുക്കേഷൻ, കെയർ എന്നീ മൂന്നു കാര്യങ്ങളിൽ ശ്രദ്ധിച്ചാണു മുന്നോട്ടുപോകുന്നത്.

ജെലീഷ് പീറ്റർ, മിനു ഏലിയാസ് സ്ഥാപകർ, ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇന്റർനാഷനൽ സ്കൂൾ ഓഫ് ഓട്ടിസം (ലിസ), കോതനല്ലൂർ
രണ്ടര വയസ്സിനുള്ളിൽ തിരിച്ചറിയണം
രണ്ടര വയസ്സിനുള്ളിൽ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ കുട്ടികളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാം. അതിനു സാധിക്കാത്ത, മാതാപിതാക്കൾ ഇല്ലാത്ത, ഉണ്ടെങ്കിലും തീരെ സാമ്പത്തിക ശേഷി ഇല്ലാത്ത ആളുകളെയാണു ഞങ്ങൾ സൗജന്യമായി പാർപ്പിക്കുന്നത്. ഒരിക്കലും വീട്ടിലേക്കു പോകാൻ സാഹചര്യം ഇല്ലാത്തവരെയാണ് ഇവിടെ പരിപാലിക്കുന്നത്. പാട്ടും കളിയുമെല്ലാം അവർക്കു ഹരമാണ്. അവർ കോറിയിടുന്ന ചിത്രങ്ങൾ ധാരാളമുണ്ട്. അവയുടെ പ്രദർശനവും നടത്തിയിട്ടുണ്ട്. ആളുകൾ വരുന്നതും സംസാരിക്കുന്നതുമെല്ലാം ഇവർക്ക് ഇഷ്ടമാണ്. അത് അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നുമുണ്ട്.

ഫാ. ടിജോ മുണ്ടുനടയ്ക്കൽ ഡയറക്ടർ, സംപ്രീതി ഹോം ഫോർ ഡിഫറന്റ്ലി ഏബിൾഡ്, കുടമാളൂർ