പഞ്ചും വാഗൺആറും മത്സരം; തുടർച്ചയായ നാലാം വർഷവും ഒന്നാമൻ ഈ ചെറുകാർ

Mail This Article
ടാറ്റയുടെ പഞ്ച് 2024 കലണ്ടർ വർഷത്തിൽ ഉയർത്തിയ ചെറിയ ഭീഷണി ഉയർത്തിയെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുകയില്ലെന്നു പുതിയ വിൽപന കണക്കുകളിലൂടെ അടിവരയിട്ടുറപ്പിക്കുകയാണ് മാരുതി സുസുക്കി. 2024 - 2025 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തിച്ചിരിക്കുന്നത് മാരുതിയാണ്. അതിൽ തന്നെ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട വാഹനമായ വാഗൺ ആർ ആണ്. ഈ സാമ്പത്തിക വർഷത്തിൽ മാരുതി രാജ്യത്ത് വിറ്റഴിച്ചത് 198451 യൂണിറ്റ് വാഗൺ ആറുകളാണ്. 2024 സാമ്പത്തിക വർഷത്തിലത് 200177 യൂണിറ്റ് ആയിരുന്നു. വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ചെറിയ ഇടിവുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നു തന്നെയാണ് വിലയിരുത്തൽ.
കണക്കുകൾ പ്രകാരം തുടർച്ചയായി നാലാം സാമ്പത്തിക വർഷത്തിലാണ് മാരുതി വാഗൺ ആർ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 2022 ൽ 188837, 2023 ൽ 212340, 2024 ൽ 200177 യൂണിറ്റുകൾ എന്നിങ്ങനെയായിരുന്നു വാഗൺ ആറിന്റെ വിൽപന. ആദ്യ സ്ഥാനം വാഗൺ ആർ സ്വന്തമാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ടാറ്റയുടെ പഞ്ച് ആണ്. 196572 യൂണിറ്റ് പഞ്ചുകളാണ് ഈ സാമ്പത്തിക വർഷത്തിൽ ടാറ്റ വിറ്റഴിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന വസ്തുത കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ വിൽപന നടന്ന ആദ്യ പത്തു വാഹനങ്ങളുടെ പട്ടികയിൽ ഏഴെണ്ണവും മാരുതിയുടേത് ആണെന്നതാണ്.
മാരുതി 1999 ൽ പുറത്തിറക്കിയ വാഗൺ ആർ ഇന്ത്യയിൽ 25 പൂർത്തിയാക്കി കഴിഞ്ഞു. ഈ കാലയളവിനിടയിൽ ഏകദേശം 32 ലക്ഷം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ഇപ്പോൾ ഒമ്പതു വേരിയന്റുകളിൽ ലഭിക്കുന്ന വാഗൺ ആറിന്റെ മൂന്നാം തലമുറ പുറത്തിറങ്ങിയത് 2019 ജനുവരിയിലാണ്. 564500 ലക്ഷം രൂപ മുതൽ 747500 രൂപ വരെയാണ് ഇന്ത്യക്കാരുടെ ഈ പ്രിയവാഹനത്തിനു എക്സ് ഷോറൂം വില വരുന്നത്.