ഒരു നോട്ടം മതി ക്രെഡിറ്റ് കാര്‍ഡ് നിങ്ങളെ കുഴക്കാതിരിക്കാന്, പണം ഒരുമിച്ച് അടച്ചില്ലെങ്കിലും പരിഹാരമുണ്ട്

Mail This Article
ഇപ്പോൾ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. പക്ഷേ അവ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങള്‍ വലുതുമായിരിക്കും. വൈകിയുള്ള പണമടയ്ക്കല്‍ അടക്കം നിരവധി കാര്യങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിലേക്കു നയിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുകയും ചെയ്യും. ലേറ്റ് ഫീസ് വരുമെന്നതിനു പുറമെ ക്രെഡിറ്റ് സ്കോര്‍ താഴുകയും വായ്പ ലഭിക്കാനുള്ള അവസരം കുറയുകയുമൊക്കെ ചെയ്യും.
സ്മാര്‍ട്ട് ആയ ചില നീക്കങ്ങള്‍ വഴി ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കാം. ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ ഒഴിവാക്കാനും അവയുടെ ഉപയോഗം കൂടുതല്‍ ഗുണകരമാക്കുന്നതിനുമുളള അഞ്ചു കാര്യങ്ങള്‍ പരിശോധിക്കാം.
1. റിമൈൻഡർ
പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കാന്‍ വൈകുന്നത് അക്കാര്യം മറന്നു പോകുന്നതു കൊണ്ടു മാത്രമാണ്. റിമൈന്‍ഡറുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇത് പരിഹരിക്കാനാകുന്നതേയുള്ളു. പല ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും എസ്എംഎസ്, ഇമെയില്‍ അലര്‍ട്ടുകള്‍ നല്‍കി പണമടക്കേണ്ട തിയതിയെ കുറിച്ച് ഓര്‍മിപ്പിക്കാറുണ്ട്. ഇതിനു പുറമെ നിങ്ങളുടെ ഫോണ്‍, കലണ്ടര്‍ എന്നിവയിലും ഓണ്‍ലൈന്‍ ബാങ്കിങിലുമെല്ലാം ഉള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പണമടയ്ക്കേണ്ട തിയതി സ്വയം ഓര്‍മിപ്പിക്കാനാവും.
ഇക്കാര്യങ്ങളെല്ലാം സംയോജിപ്പിച്ച് പണമടക്കല്‍ ഒരു തവണ പോലും വിട്ടുപോകുന്നില്ലെന്ന് ഉറപ്പിക്കാം.
2. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടക്കുന്ന കാര്യത്തില്‍ വന്‍ മാറ്റങ്ങളാണ് ഓട്ടമേഷന്‍ ലഭ്യമാക്കുന്നത്. ഓട്ടമാറ്റിക് പെയ്മെന്‍റ് സംവിധാനം ക്രമീകരിക്കുക വഴി നിങ്ങള്‍ അടയ്ക്കേണ്ട തുക കൃത്യ സമയത്തു തന്നെ അടയ്ക്കുന്നു എന്നുറപ്പാക്കാം. അടയ്ക്കേണ്ട മിനിമം തുകയുടെ കാര്യമായാലും ഒറ്റത്തവണ അടയ്ക്കുന്ന കാര്യമായാലും ഇതു മികച്ചൊരു സാധ്യതയാണ്.
ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിനു പണമുണ്ടെന്ന് ഉറപ്പാക്കണം. അടയ്ക്കേണ്ട തിയതിക്കും ഏതാനും ദിവസം മുന്നേയുള്ള തിയതി ഇതിനായി ക്രമീകരിക്കുന്നതാണ് നല്ലത്. അക്കൗണ്ടിൽ പണം കുറവാണെങ്കിലോ മറ്റോ വന്നാല്‍ തരണം ചെയ്യാന്‍ ഈ രീതി സഹായകമാകും.
3. സ്റ്റേറ്റ്മെന്‍റ് പരിശോധിക്കണം
മികച്ച രീതിയിലെ മാനേജ്മെന്‍റിന് സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത ആവശ്യമാണ്. അതിനായി ഓരോ സ്റ്റേറ്റ്മെന്റും പരിശോധിക്കുക. കൃത്യത, അംഗീകൃതമല്ലാത്ത ചാര്‍ജുകള്‍ ഈടാക്കിയിട്ടില്ലെന്ന് ഉറപ്പാക്കല്‍, അടയ്ക്കേണ്ട കുറഞ്ഞ തുകയും തിയതിയും തുടങ്ങിയവ കൃത്യമായി അറിയാന്‍ ഇതു സഹായിക്കും. തട്ടിപ്പുകള്‍ കണ്ടെത്താനും നിങ്ങള്‍ പണമടക്കേണ്ട തിയതി വിട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കാനും ഇടയ്ക്ക് സ്റ്റേറ്റ്മെന്റ് നോക്കുന്നത് സഹായിക്കും.
4. മുഴുവന്‍ പണവും അടയ്ക്കാന്‍ ശ്രമിക്കുക
ഓരോ മാസത്തേയും ബില്ലിന്റെ മുഴുവന്‍ തുകയും അടയ്ക്കുന്നതിനു മുന്‍ഗണന നല്‍കുക. അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് അടയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ലേറ്റ് ഫീസുകള്‍ ഒഴിവാക്കാനാവും. പക്ഷേ ഇതത്ര നല്ല സമീപനമല്ല. ശേഷിക്കുന്ന തുകയ്ക്ക് നല്‍കേണ്ടി വരുന്ന പലിശ നിങ്ങള്‍ക്കു വലിയൊരു ബാധ്യതയായേക്കും.

5. ഇഎംഐ പ്രയോജനപ്പെടുത്താം
വന്‍ തുകയ്ക്കുള്ള വാങ്ങലുകള്‍ നടത്തുമ്പോള്‍ കൃത്യമായ ആസൂത്രണം ഇല്ലെങ്കില്‍ അതു നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കും. പണമടയ്ക്കല്‍ വൈകിപ്പിക്കുന്നതിനു പകരം അത് പ്രതിമാസ തവണകളായി (ഇഎംഐ) മാറ്റിയെടുക്കാന്‍ അവസരമുണ്ട്. പല ക്രെഡിറ്റ് കാര്‍ഡുകളും ആകര്‍ഷകമായ പലിശ നിരക്കില്‍ ഈ സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഇതിലൂടെ പണമടയ്ക്കല്‍ പല മാസങ്ങളിലേക്കു വിഭജിക്കപ്പെടും.
പലിശ നിരക്കുകള്‍, കാലാവധി, തിരിച്ചടവു വ്യവസ്ഥകള്‍ തുടങ്ങിയവ വിവിധ വായ്പാ ദാതാക്കള്‍ക്കിടയില്‍ നിന്നു മനസിലാക്കി താരതമ്യം ചെയ്യണം. നിങ്ങളുടെ തിരിച്ചടവു ശേഷിക്കും സാമ്പത്തിക സ്ഥിതിക്കും അനുസൃതമായ ഇഎംഐ പദ്ധതിയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
വൈകിയുള്ള പണമടയ്ക്കലുകള്‍ ഒഴിവാക്കുന്നത് ഉത്തരവാദിത്തമുള്ള സാമ്പത്തിക ശീലങ്ങളിലേക്കുള്ള വഴി തുറന്നു കൊടുക്കും. സ്മാര്‍ട്ട് ആയ രീതികള്‍ വഴി ക്രെഡിറ്റ് കാര്‍ഡുകള്‍ ഫലപ്രദമായി ഉപയോഗിക്കാനും അതിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാനും കഴിയും. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ലഭിക്കാനും സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴികാട്ടിയാകാനും ക്രെഡിറ്റ് കാർഡ് പിന്തുണക്കുകയും ചെയ്യും.
ലേഖകൻ ആക്സിസ് ബാങ്കിന്റെ കാര്‍ഡ്സ് ആന്റ് പെയ്മെന്‍റ്സ് വിഭാഗം പ്രസിഡന്റും മേധാവിയുമാണ്