'2008നേക്കാള്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് യുഎസ് കൂപ്പുകുത്തും'

Mail This Article
2008നേക്കാള്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്ക കൂപ്പുകുത്തുമെന്ന് പ്രമുഖ നിക്ഷേപകനും ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ് സ്ഥാപകനുമായ റേ ഡാലിയോ. 2008ലെ സാമ്പത്തിക മാന്ദ്യം പ്രവചിച്ചതിലൂടെ ആഗോള ശ്രദ്ധ നേടിയ ഹെഡ്ജ് ഫണ്ടാണ് ബ്രിഡ്ജ് വാട്ടര്‍ അസോസിയേറ്റ്‌സ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ കടുത്ത ആശങ്കയാണ് ഡാലിയോ പ്രകടിപ്പിച്ചത്. ട്രംപിന്റെ തീരുമാനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന വ്യാപാര യുദ്ധം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചുള്ള ട്രംപിന്റെ നീക്കം വെറും സാമ്പത്തിക തിരിച്ചടിയല്ല സൃഷ്ടിക്കുക, മറിച്ച് മാന്ദ്യം തന്നെയായിരിക്കുമെന്നാണ് ഡാലിയോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അത് എല്ലാ പരിധികള്‍ക്കും അപ്പുറത്താകുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
നമ്മള്‍ ഒരു മാന്ദ്യത്തിന്റെ പടിവാതില്‍ക്കലാണ്. എന്നാല്‍ അതൊരു മാന്ദ്യത്തിനും അപ്പുറമുള്ളതായിരിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു-അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ തീരുമാനങ്ങള്‍ ആഗോള വിതരണ ശൃംഖലകളില്‍ കാര്യമായ ഉലച്ചിലുകള്‍ ഉണ്ടാക്കുമെന്നും അമേരിക്കന്‍ ജനതയുടെ ജീവിതം ദുസഹമാക്കുമെന്നും ഡാലിയോ വ്യക്തമാക്കി. താരിഫ് യുദ്ധം, രാജ്യത്തിന്റെ കടത്തിലെ വര്‍ധന, യുഎസിനെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.