‘ഒളിവിലായിരുന്ന’ 1.43 ലക്ഷത്തിലധികം കെട്ടിടങ്ങൾ കണ്ടെത്തി തദ്ദേശവകുപ്പ്; ‘കുടുങ്ങിയ’ കെട്ടിടങ്ങളിൽ കുടിശിക 393.92 കോടി

Mail This Article
തിരുവനന്തപുരം ∙ നഗരങ്ങളിൽ നികുതിവലയിൽപെടാതെ ‘ഒളിവിലായിരുന്ന’ 1.43 ലക്ഷത്തിൽപരം കെട്ടിടങ്ങൾ ഡിജിറ്റലായും നേരിട്ടും തദ്ദേശവകുപ്പ് നടത്തിയ അന്വേഷണത്തിൽ ‘കുടുങ്ങി’. വസ്തുനികുതിയും പിഴയും ഉൾപ്പെടെ ഇവയുടെ കുടിശിക 393.92 കോടി രൂപയെന്നു കണ്ടെത്തി, 108.92 കോടി രൂപ പിരിച്ചെടുത്തു. 285.01 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതുവഴി, ഇനി വർഷംതോറും 93 നഗരസഭകൾക്ക് 41.48 കോടി രൂപയാണു നികുതി പിരിവിൽ അധികവരുമാനം.
ഇൻഫർമേഷൻ കേരള മിഷൻ(ഐകെഎം) തദ്ദേശസ്ഥാപനങ്ങൾക്കായി വികസിപ്പിച്ച ‘കെ സ്മാർട്’ ആപ്ലിക്കേഷനിലും അതുവഴി നഗരസഭയുടെ ഔദ്യോഗിക രേഖകളിലും ഈ കെട്ടിട വിവരങ്ങൾ ചേർക്കാൻ ഒരു വർഷം നീണ്ട ശുദ്ധീകരണയജ്ഞമാണു ലക്ഷ്യം കണ്ടത്. 87 നഗരസഭകളിലെയും 6 കോർപറേഷനുകളിലെയും രേഖകളിൽ 44,85,861 കെട്ടിടങ്ങൾ ഉണ്ടായിരുന്നതിൽ 36,55,124 കെട്ടിടങ്ങളിൽ നിന്നാണു നികുതി സ്വീകരിച്ചിരുന്നത്.
മുൻപുള്ള ‘സഞ്ചയ’ സോഫ്റ്റ്‌വെയറിൽ 8,30,737 കെട്ടിടങ്ങളുടെ ഡേറ്റ കൃത്യമല്ലാത്തതിനാൽ, വർഷങ്ങളായി നികുതി ഈടാക്കിയിരുന്നില്ല. ഇവയിൽനിന്നാണ് 1.43 ലക്ഷം കെട്ടിട വിവരങ്ങൾ ശുദ്ധീകരിച്ചെടുത്തത്. തെറ്റായി വിവരങ്ങൾ ചേർത്തത്, ഇരട്ടിപ്പ്, പൊളിച്ച കെട്ടിടങ്ങൾ രേഖയിൽനിന്നു നീക്കാത്തത്, ജങ്ക് ഡേറ്റ തുടങ്ങിയവയായിരുന്നു ഡേറ്റയിലെ പ്രശ്നങ്ങൾ.
നിർമാണം പൂർത്തിയായി വൈദ്യുതി, വെള്ളം കണക്‌ഷൻ ലഭിച്ചെങ്കിലും നമ്പറില്ലാതെയും നികുതി നൽകാതെയും പ്രവർത്തിക്കുന്ന കെട്ടിടങ്ങളും കണ്ടെത്തി.
ഡേറ്റ ശുദ്ധീകരിക്കാൻ കർശന തീരുമാനമെടുത്ത മന്ത്രി എം.ബി.രാജേഷ്, നഗരസഭാ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ വിളിച്ചുചേർത്തു. തുടർന്നു സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ എസ്.സാംബശിവ റാവു എന്നിവരുടെ നേതൃത്വത്തിൽ ഐകെഎമ്മിലെ 30 അംഗ സംഘം കെ സ്മാർട്ട് വഴി സോഫ്റ്റ്‌വെയർ വിവരങ്ങൾ കൃത്യമാക്കി. നഗരസഭകളിലെ ജീവനക്കാർ നികുതി നിർണയ റജിസ്റ്ററുകളിലും ഫീൽഡിലും പരിശോധന നടത്തി.
കൂടുതൽ കൊച്ചിയിലെ
കെട്ടിടങ്ങൾ
∙ കൊച്ചി കോർപറേഷനിൽ മാത്രം 27,578 കെട്ടിടങ്ങൾ നികുതിപരിധിയിലായി. ഇതിൽ 16,168 എണ്ണം പുതുതായി കണ്ടെത്തിയതും 11,410 തെറ്റായ വിവരങ്ങൾ കാരണം നികുതിയിൽ ഉൾപ്പെടുത്താതിരുന്നതുമാണ്.