ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്കായി സർക്കാർ ചെലവിട്ടത് 24,805 കോടി രൂപ. ചെലവാക്കാൻ ലക്ഷ്യമിട്ടതിന്റെ 63.79% മാത്രമാണിത്. എന്നാൽ, തൊട്ടു മുൻവർഷത്തെ പദ്ധതികളിൽ കൊടുത്തു തീർക്കാനുള്ള ബില്ലുകൾക്ക് നൽകിയ പണം കൂടി ഉൾപ്പെടുത്തിയാൽ ആകെ പദ്ധതിച്ചെലവ് ഇതിന്റെ ഇരട്ടിയോളമെത്തിയെന്നാണ് ധനവകുപ്പിന്റെ കണക്ക്. ദൈനംദിന ചെലവുകളും കൂടി. നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷം, തൊട്ടു മുൻവർഷത്തെക്കാൾ മുന്നേറിയെന്നാണു ധനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയ്ക്കു ശേഷമേ അന്തിമ കണക്കാകൂ. 

ഫെബ്രുവരി വരെയുള്ള കണക്കു പ്രകാരം ലക്ഷ്യമിട്ടതിന്റെ 83.94% തുക പിരിച്ചെടുക്കാനായി. കഴിഞ്ഞ മാസത്തെ കണക്കു കൂടി ചേർക്കുമ്പോൾ നികുതി വരുമാനം ലക്ഷ്യത്തോട് അടുത്തെത്തും. ഭൂനികുതി ഒഴികെയുള്ള വരുമാനങ്ങളിൽ സർക്കാർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. കേന്ദ്രത്തിൽനിന്നുള്ള ഗ്രാന്റിൽ വൻ കുറവുണ്ടായെന്നാണു സർക്കാർ വിലയിരുത്തൽ. 11,500 കോടി പ്രതീക്ഷിച്ചിരുന്നെങ്കിലും 6,000 കോടി പോലും ലഭിച്ചിട്ടില്ല. എന്നാൽ, ലക്ഷ്യമിട്ട 44,500 കോടിയെക്കാൾ കൂടുതൽ കടമെടുക്കാൻ കഴിഞ്ഞു.

വരുമാനം വർധിക്കുന്നതിനൊപ്പം ചെലവും ഉയരുന്നതിനാൽ സാമ്പത്തിക പ്രതിസന്ധിക്ക് കാര്യമായ അയവില്ല. സർക്കാർ ജീവനക്കാർക്കും മറ്റും നൽകാനുള്ള പണം വിതരണം ചെയ്യാതെ കുടിശികയാക്കി വയ്ക്കുന്നതിനാലാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാൻ കഴിയുന്നത്.

ശമ്പളവും പെൻഷനും വിതരണം ചെയ്തു തുടങ്ങേണ്ടത് മാസത്തിലെ ആദ്യ ദിവസമായ ഇന്നു മുതലാണെങ്കിലും പുതിയ സാമ്പത്തിക വർഷത്തെ ആദ്യദിവസമെന്ന പ്രത്യേകത കാരണം ഇത്തവണ നാളെ മുതൽ മാത്രമേ ശമ്പളവും പെൻഷനും നൽകൂ. ഇന്നു ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും പൊതുജനങ്ങൾക്കായുള്ള ഇടപാടില്ല. പകരം കണക്കെടുപ്പു മാത്രം. നാളെ മുതൽ വർധിപ്പിച്ച 3% ഡിആർ അടക്കമുള്ള പെൻഷൻ വിരമിച്ചവരുടെ അക്കൗണ്ടുകളിലെത്തും.

ഡിഎ വർധന അടുത്ത മാസം വിതരണം ചെയ്യുന്ന ശമ്പളത്തിലാണു ലഭിക്കുക. ഇന്നലെ ലോട്ടറി വരുമാനം സ്വീകരിക്കുന്ന 32 ട്രഷറികൾ മാത്രമാണു പ്രവർത്തിച്ചത്. ധനവകുപ്പിന്റെ പ്രത്യേക നിർദേശ പ്രകാരം 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മുഴുവൻ ഞായറാഴ്ച പാസാക്കി നൽകി. ബാക്കി ബില്ലുകൾ ക്യൂവിലേക്കു മാറ്റി. ഇവ അടുത്ത ഇൗ മാസം മുതൽ പണത്തിന്റെ ലഭ്യത നോക്കി പാസാക്കും.

English Summary:

Kerala Budgetary Challenges: Kerala Government Revenue Up, but Expenditure Outpaces Income

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com