ഡൽഹിയിൽ സ്റ്റാർട്ടപ്പുകളുടെ 'മഹാകുംഭമേള'; 50 കോടിയുടെ ഇന്നവേഷൻ ചലഞ്ചും

Mail This Article
ന്യൂഡൽഹി ∙ പ്രയാഗ്‌രാജ് സംഗമത്തിലെ മഹാകുംഭ മേളയുടെ അദ്ഭുത വിജയത്തിനു ശേഷം, ഊർജസ്വലവും വികസിതവുമായ ഇന്ത്യയ്ക്കു വേണ്ടിയുള്ള ആഗോള സംഗമമാണു ഡൽഹിയിൽ നടക്കുന്ന സ്റ്റാർട്ടപ് മഹാകുംഭ മേളയെന്നു കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ. 50ൽ ഏറെ രാജ്യങ്ങളിൽ നിന്നായി 3000ൽ അധികം സ്റ്റാർട്ടപ്പുകൾ, 1000ൽ ഏറെ നിക്ഷേപകർ, 500ൽ ഏറെ പ്രഭാഷകർ, 15,000ൽ അധികം പ്രതിനിധികൾ, വ്യാവസായിക സന്ദർശകർ എന്നിവരുടെ ആഗോള സംഗമം. സഹകരണം, മാർഗ നിർദേശം, ധനസഹായം, പുതിയ വിപണികളിലേയ്ക്കുള്ള പ്രവേശനം എന്നിവയ്ക്കുള്ള പുതുവഴികൾ തുറക്കുന്നതിലൂടെ മേള സ്റ്റാർട്ടപ്പുകൾക്കു കരുത്തേകും. മേളയിൽ, സ്വകാര്യ മേഖലയുടെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇന്നവേഷൻ ചാലഞ്ചിൽ നിന്ന് 150 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. 50 കോടി രൂപ സമ്മാനത്തുകയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ഇന്നവേഷൻ ചാലഞ്ചാണിത്.
പുതിയ ആശയങ്ങളും നൂതന ഉൽപന്നങ്ങളും സേവനങ്ങളും 2047 നകം വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ ദൗത്യത്തെ നയിക്കും. ‘സ്റ്റാർട്ടപ്പ് ഇന്ത്യ @ 2047’ എന്നതാണു സ്റ്റാർട്ടപ് മഹാകുംഭ മേളയുടെ പ്രമേയം . ഇന്ത്യയെ ആഗോള സ്റ്റാർട്ടപ് ഹബ്ബാക്കി മാറ്റുമെന്നു 2015 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെ സ്റ്റാർട്ടപ് ഇന്ത്യ സംരംഭം ആരംഭിച്ചു. റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണം 2016 ൽ 500 ആയിരുന്നു. ഇന്നത് ഏകദേശം 1.7 ലക്ഷമായി വർധിച്ചു; 55ൽ അധികം മേഖലകളിലായി.
സ്റ്റാർട്ടപ്പുകൾക്കു ധനസഹായം നൽകുന്നതിനായി 10,000 കോടി രൂപയുടെ പുതിയ ഫണ്ട് ഓഫ് ഫണ്ട്‌സാണു കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്. ജനുവരി 31 വരെ റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചത് 17.69 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളാണ്. സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം രാജ്യത്തുടനീളമുള്ള സംരംഭക മനോഭാവത്തെ ക്രിയാത്മകമായി സ്വാധീനിച്ചു. ശതകോടി ഡോളറിൽ കൂടുതൽ മൂല്യമുള്ള ഇന്ത്യൻ യൂണികോണുകളുടെ എണ്ണം 2016 നു മുൻപു പത്തിൽ താഴെയായിരുന്നു. ഇന്നത് 110 ൽ അധികമായി. അവയുടെ മൊത്തം മൂല്യം 385 ശതകോടി ഡോളറിലധികമാണ്.

പ്രയാഗ് രാജിലെ മഹാകുംഭ മേള ഇന്ത്യയുടെ ആത്മീയ മഹത്വം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുകയും യുവാക്കളെ നമ്മുടെ സംസ്കാരവും പൈതൃകവും വിശ്വാസങ്ങളും അഭിമാനത്തോടെ സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്റ്റാർട്ടപ് ആവാസ വ്യവസ്ഥയാകട്ടെ, യുവാക്കളെ സംരംഭക സംസ്കാരം സ്വീകരിക്കാൻ സഹായിക്കുന്നു. ഇന്ത്യയെ നവീകരണത്തിന്റെയും പുതിയ സാങ്കേതികവിദ്യയുടെയും പുതിയ ആശയങ്ങളുടെയും ആഗോള ശക്തികേന്ദ്രമാക്കി അതു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.