ടെസ്‌ല ഓൺലൈൻ ബുക്കിങ്, ഹോം ഡെലിവറി; ഇന്ത്യൻ വിപണി പിടിക്കാൻ മസ്കിന്റെ തന്ത്രം

Mail This Article
ടെസ്‌ല ഇന്ത്യയിലേക്കുള്ള വരവ് അറിയിച്ചു കഴിഞ്ഞു. മുംബൈ, ഡൽഹി എന്നീ നഗരങ്ങളിൽ സ്ഥാപിക്കുന്ന ഓഫീസിന്റെ കാര്യങ്ങളും അവസാനഘട്ടത്തിലാണ്. എന്നാൽ ഈ നഗരത്തിനു പുറത്തുള്ളവർക്ക് ടെസ്‌ലയുടെ വാഹനങ്ങൾ വാങ്ങണമെന്നുണ്ടെങ്കിൽ എങ്ങനെ വിതരണം ചെയ്യുമെന്നതായിരുന്നു കമ്പനിക്കു മുമ്പിലുണ്ടായിരുന്ന ആദ്യത്തെ വെല്ലുവിളി. ആ ആശങ്കയ്ക്ക് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ടെസ്‌ല. ഓൺലൈനിലൂടെ ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് വാഹനം വീട്ടിലെത്തിച്ചു നൽകുമെന്ന ശുഭവാർത്തയാണ് ഇപ്പോൾ കമ്പനി അറിയിച്ചിരിക്കുന്നത്.
കാലങ്ങളായി പിന്തുടർന്ന് വരുന്ന ഡീലർഷിപ്പ് മുഖാന്തിരമുള്ള വിതരണം അവസാനിപ്പിക്കാനും യാതൊരു തരത്തിലുമുള്ള തടസങ്ങളില്ലാതെ ആവശ്യക്കാർക്ക് വാഹനം വാങ്ങുന്നതിനുള്ള സൗകര്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണു കമ്പനി ഓൺലൈൻ വ്യാപാരം എന്ന തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് വാഹനങ്ങളുടെ വിൽപന നടപടികളിൽ വഴിത്തിരിവാകുമെന്നു പ്രതീക്ഷിക്കുന്ന ഈ പ്രഖ്യാപനം.
ആദ്യ ഘട്ടത്തിൽ ടെസ്‌ല ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങൾ മോഡൽ 3, മോഡൽ വൈ എന്നിവയാണ്. കമ്പനിയുടെ ബെർലിൻ ഫാക്ടറിയിൽ നിർമാണം പൂർത്തിയാക്കുന്ന വാഹനങ്ങൾ സിബിയു റൂട്ട് വഴിയാണ് ഇന്ത്യയിൽ എത്തുന്നത്. രാജ്യത്ത് ഷോറൂമുകൾക്കു സ്ഥലം കണ്ടെത്തുകയും ഉടനടി വാഹന വിതരണം ആരംഭിക്കുമെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സർവീസ് സെന്ററുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രീമിയം സാങ്കേതികവിദ്യയും ആവശ്യക്കാരിലേക്കു നേരിട്ടെത്തിക്കുന്നു തുടങ്ങിയ നയങ്ങളാണ് ആഗോളവിപണിയിൽ ടെസ്‌ല പിന്തുടരുന്നത്. ഇന്ത്യയിലും ഈ നയങ്ങൾ തന്നെയായിരിക്കും നടപ്പിലാക്കുക.
ടെസ്‌ല ഇന്ത്യയിലെത്തിക്കുന്ന വാഹനങ്ങളിൽ ആദ്യത്തേത് മോഡൽ 3 ആയിരിക്കുമെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. ഏകദേശം 35 ലക്ഷം രൂപയായിരിക്കും ഇവിയ്ക്ക് വിലവരുക എന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വിലയിൽ വാഹനം ആവശ്യക്കാരിലേക്കു എത്തിക്കുക എന്ന ലക്ഷ്യവും ടെസ്‌ലയ്ക്കുണ്ട്. 40000 ഡോളറിൽ താഴെയുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ 125 ശതമാനത്തിൽ നിന്നും 70 ശതമാനമായി ഈയടുത്തിടെ കേന്ദ്ര ഗവണ്മെന്റ് കുറച്ചിരുന്നു. സ്വാഭാവികമായും ടെസ്‌ലയുടെ വാഹനങ്ങൾ രാജ്യത്തെത്തിക്കുമ്പോൾ ഇറക്കുമതി തീരുവയിൽ ഈയടുത്തിടെ പ്രഖ്യാപിച്ച ഇളവ് ഏറെ പ്രയോജനകരമാകും. ഇന്ത്യയിൽ ടെസ്‌ലയ്ക്ക് വെല്ലുവിളിയാകാൻ ബി വൈ ഡി, മെഴ്‌സിഡീസ് ബെൻസ്, വോൾവോ, മഹീന്ദ്ര, ടാറ്റ, എം ജി തുടങ്ങിയ പ്രമുഖ കമ്പനികളുടെയെല്ലാം ഇ വികളുണ്ട്.