കയറിപ്പോ...! ലക്നൗ സൂപ്പർ ജയന്റ്സ് ഓപ്പണർക്കു വഴി കാണിച്ച് ഇന്ത്യൻ പേസറുടെ ആഘോഷം- വിഡിയോ

Mail This Article
കൊൽക്കത്ത∙ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരം എയ്ഡൻ മാർക്രമിനെ പുറത്താക്കിയപ്പോൾ പ്രകോപനപരമായ ആംഗ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസർ ഹർഷിത് റാണ. ദക്ഷിണാഫ്രിക്കൻ ബാറ്ററെ ബോൾഡാക്കിയ റാണ കയറിപ്പോയെന്നു കൈകൊണ്ട് ആംഗ്യം കാണിച്ചാണ് വിക്കറ്റു നേട്ടം ആഘോഷിച്ചത്. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ മാര്‍ക്രം 28 പന്തിൽ 47 റൺസെടുത്താണു പുറത്താകുന്നത്.
മിച്ചൽ മാർഷും മാര്‍ക്രവും ചേർന്ന് 100 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിലേക്കു നീങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി വിക്കറ്റു വീണത്. 99 റൺസാണ് ഓപ്പണിങ് ബാറ്റർമാർ ചേർന്നു കൂട്ടിച്ചേർത്തത്. റാണയുടെ പന്ത് മാർക്രം ഫ്ലിക് ചെയ്യാൻ ശ്രമിച്ചെങ്കിലും, ലക്ഷ്യം തെറ്റിയതോടെ മിഡിൽ സ്റ്റംപ് തെറിക്കുകയായിരുന്നു. റാണയുടെ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
കഴിഞ്ഞ സീസണിൽ ആഘോഷ പ്രകടനങ്ങളുടെ പേരിൽ ഒരു മത്സരത്തിൽ വിലക്കു ലഭിച്ച താരമാണ് ഹർഷിത് റാണ. സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർ മയങ്ക് അഗർവാൾ, ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പൊറേൽ എന്നിവരെ പുറത്താക്കിയപ്പോൾ ‘ഫ്ലയിങ് കിസ്’ നൽകി ആഘോഷിച്ചതിനായിരുന്നു ഈ നടപടി. എന്നാൽ പുതിയ സീസണിൽ ഫ്ലയിങ് കിസ് ആഘോഷം റാണ വേണ്ടെന്നു വച്ചു.