താപനിലയിലെ വർധന ആഗോള ജിഡിപിയിൽ 40 ശതമാനം കുറവ് വരുത്തുമെന്ന് പഠനം

Mail This Article
ആഗോള താപനിലയിലെ 4 ശതമാനം വർധനവ് ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ഇടിവ് വരുത്തുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള തലത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 40 ശതമാനം കുറയുമെന്നാണ് ഓസ്‌ട്രേലിയൻ ഗവേഷകരുടെ കണ്ടെത്തൽ. പാരീസ് ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന ഡീകാർബണൈസേഷൻ ലക്ഷ്യത്തിനായി ആഗോളതാപനം 1.7 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ സംഭവങ്ങളെ സാമ്പത്തിക വളർച്ചയുമായി വിശകലനം ചെയ്യാൻ ചരിത്രപരമായ വിവരങ്ങൾ മാത്രമാണ് സാമ്പത്തിക വിദഗ്ധർ സാധാരണയായി എടുക്കാറുള്ളതെന്ന് ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് റിസ്ക് ആൻഡ് റെസ്‌പോൺസിന്റെ സീനിയർ ലക്ചററും പഠനത്തിന്റെ മുഖ്യ ഗവേഷകനുമായ ഡോ. തിമോത്തി നീൽ പറഞ്ഞു. തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ മൂലമുണ്ടാകുന്ന ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെ ആഘാതം കണക്കിലെടുക്കുമ്പോഴാണ് സമ്പദ്‌വ്യവസ്ഥയിൽ എത്രത്തോളം നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക നാശനഷ്ടങ്ങൾ കണക്കാക്കിയാണ് പരമ്പരാഗതമായി സാമ്പത്തിക വിദഗ്ധർ റിപ്പോർട്ടുകൾ തയാറാക്കുന്നതെന്നും ആഗോള വിതരണശൃംഖലയിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്ന നഷ്ടങ്ങളെ മുൻകാല റിപ്പോർട്ടുകളിൽ ഉൾപ്പെടുത്താറില്ലെന്നും അദ്ദേഹം വിമർശിച്ചു.
ദേശീയ സമ്പദ്‌വ്യവസ്ഥയെ ആ രാജ്യത്തെ കാലാവസ്ഥ മാത്രമേ ബാധിക്കുകയുള്ളൂ എന്ന നിഗമനത്തിലാണ് സാമ്പത്തിക വിദഗ്ധർ നഷ്ടങ്ങൾ കണക്കാക്കുന്നത്. ഒരു രാജ്യത്തിലെ വെള്ളപ്പൊക്കം മറ്റൊരു രാജ്യത്തേക്കുള്ള ഭക്ഷ്യ വിതരണത്തെ എങ്ങനെ ബാധിക്കുന്നു എന്നതുപോലുള്ള കാര്യങ്ങൾ മുൻകാല റിപ്പോർട്ടുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉദാഹരണത്തിന് മുൻകാലങ്ങളിൽ, തെക്കേ അമേരിക്ക വരൾച്ചയിലായിരുന്നു, എന്നാൽ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നല്ല മഴ ലഭിച്ചിരുന്നു. അതിനാൽ, ആഭ്യന്തര ക്ഷാമം നികത്തുന്നതിനും ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുതിച്ചുചാട്ടം തടയുന്നതിനും തെക്കേ അമേരിക്കയ്ക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ നഷ്ടങ്ങൾ വിശകലനം ചെയ്താണ് തങ്ങൾ പുതിയ പഠന റിപ്പോർട്ട് തയാറാക്കിയതെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ആഗോള ജിഡിപിക്ക് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും ഇത് ഭൂമിയിലെ എല്ലായിടത്തുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുമെന്നും ഡോ. നീൽ പറഞ്ഞു.

ആഗോളതാപനം പല തരത്തിൽ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു. വരൾച്ച വിളവ് കുറയാൻ കാരണമാകും. കൊടുങ്കാറ്റും വെള്ളപ്പൊക്കവും വ്യാപകമായ നാശത്തിന് കാരണമാവുകയും സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലം വഷളാകുന്ന ഉഷ്ണതരംഗങ്ങൾ ഭക്ഷ്യവിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ചൂട് തൊഴിലാളികളുടെ ഉൽപാദനക്ഷമത കുറക്കുന്നു. ഇത് മനുഷ്യന്റെ ആരോഗ്യത്തെയും രോഗവ്യാപനത്തെയും ബാധിക്കുന്നു. മാത്രമല്ല കൂട്ടകുടിയേറ്റത്തിനും സംഘർഷത്തിനും കാരണമാകുന്നു.
നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമി 3°C ൽ കൂടുതൽ ചൂടാകുകയാണെങ്കിൽ, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ ശരാശരി 11 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഈ നാശനഷ്ടത്തിന്റെ തോത് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപജീവനമാർഗങ്ങളെ നശിപ്പിക്കും. റഷ്യ, വടക്കൻ യൂറോപ്പ് തുടങ്ങിയ ലോകത്തിലെ തണുപ്പുള്ള പ്രദേശങ്ങളിലെ സമ്പദ്‌വ്യവസ്ഥകൾക്ക് ആഗോള താപനിലയിലെ വർധനവ് ഗുണം ചെയ്യുമെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും എല്ലാ രാജ്യങ്ങളിലും ആഗോളതാപനം മൂലം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
ന്യൂ സൗത്ത് വെയിൽസ് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് റിസ്ക് ആൻഡ് റെസ്പോൺസ് നടത്തിയ ഗവേഷണ റിപ്പോർട്ട് എൻവയോൺമെന്റൽ റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.