പാത്രം കഴുകൽ ഇഷ്ടമല്ല; എന്നിട്ടും പൊതുവെ ഇന്ത്യക്കാർക്ക് ഡിഷ് വാഷറുകൾ അത്ര പ്രിയമല്ല: എന്താകും കാരണം?

Mail This Article
വാഷിങ് മെഷീനുകൾ മുതൽ സ്മാർട്ട് ഉപകരണങ്ങൾ വരെ വീട്ടുജോലികൾ എളുപ്പമാക്കാനുള്ള നൂറുകണക്കിന് ഉൽപന്നങ്ങളാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ വിപണി കയ്യടക്കിയത്. ഇവയ്‌ക്കെല്ലാം ഇന്ത്യക്കാർക്കിടയിൽ ഏറെ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. എന്നാൽ ഏറെ കാലങ്ങളായി വിപണിയിലുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണ വീടുകളിൽ ഇതുവരെ ഡിഷ് വാഷറുകൾ അത്ര കാര്യമായി ഇടം പിടിച്ചിട്ടില്ല. പൊതുവേ വീട് മോടി പിടിപ്പിക്കാനുള്ള എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് ഡിഷ് വാഷറുകൾ അത്ര പ്രിയമില്ല എന്ന് വേണം കരുതാൻ. ഇത് എന്തുകൊണ്ടായിരിക്കും എന്ന ചോദ്യം ഉയർത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. ഈ താൽപര്യക്കുറവിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
ഡൽഹി സ്വദേശിയായ സിദ്ധാർഥാണ് തന്റെ എക്സ് പേജിലൂടെ ഈ ചോദ്യം ഉയർത്തിയത്. ഉയർന്ന വില അടക്കം പല കാരണങ്ങളും ഇന്ത്യക്കാരെ ഡിഷ് വാഷറുകൾ വാങ്ങുന്നതിൽ നിന്നും അകറ്റി നിർത്തുന്നുണ്ടെന്ന് ആളുകൾ ചൂണ്ടിക്കാട്ടുന്നു. നല്ല ഒരു ഡിഷ് വാഷർ വാങ്ങണമെങ്കിൽ പതിനായിരങ്ങൾ ചെലവഴിക്കേണ്ടി വരും. തുണികൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വാഷിങ് മെഷീനുകൾ അവയുടെ ജോലി പൂർണമായും നിറവേറ്റുന്നുണ്ട്. എന്നാൽ വൻതുക മുടക്കി വാങ്ങുന്ന ഡിഷ് വാഷറുകൾ കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ആദ്യത്തെ ക്ലീനിങ് നാം തന്നെ ചെയ്യേണ്ടിവരും. അതായത് ഉപയോഗശേഷം പാത്രം അതേപടി ഡിഷ് വാഷറിൽ വച്ച് കഴുകിയെടുക്കാൻ ആവില്ല. ജോലിഭാരം പൂർണമായും ഒഴിയുന്നില്ല എന്നത് തന്നെയാണ് ഒരു കാരണം എന്ന് പലരും അഭിപ്രായപ്പെടുന്നു.
സ്ഥലപരിമിതിയാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രത്യേകിച്ച് ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ താമസിക്കുന്ന ശരാശരി ഇന്ത്യക്കാരുടെ വീടുകളിൽ അടുക്കളയിൽ അത്രയധികം സ്ഥല വിസ്തൃതി ഉണ്ടാവാറില്ല. ഫ്രിജും സ്റ്റൗവും സിങ്കുമെല്ലാം ഉൾപ്പെടുത്തിയ ശേഷം ഡിഷ് വാഷറിന് കൂടി സ്ഥലം നീക്കിവയ്ക്കാനാവാത്തത് മൂലം അതേക്കുറിച്ച് ചിന്തിക്കാത്തവരുണ്ട്. അതേസമയം പവർ കണക്‌ഷൻ എപ്പോഴും ലഭ്യമല്ല എന്നതാവാം കാരണമെന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു. എപ്പോൾ വേണമെങ്കിലും പവർകട്ട് ഉണ്ടാകാം എന്നതിനാൽ ഡിഷ് വാഷറുകളെ മാത്രം ആശ്രയിച്ച് പാത്രം കഴുകൽ മാറ്റിവയ്ക്കുന്നത് പ്രായോഗികമല്ല എന്നാണ് കമന്റ്.

ഇന്ത്യൻ ശൈലിയിലുള്ള ഭക്ഷണങ്ങളിൽ അധികമായി എണ്ണ ഉൾപ്പെടാറുണ്ട്. ഇത് പൂർണ്ണമായും വൃത്തിയാക്കാൻ ഡിഷ് വാഷറുകൾക്ക് സാധിക്കണമെന്നില്ല. ഇതിനുപുറമേ ഇന്ത്യൻ അടുക്കളകളിലെ പാത്രങ്ങൾ പലതും സങ്കീർണമായ ഡിസൈനുകൾ ഉള്ളവയാണ്. വ്യത്യസ്ത വലുപ്പങ്ങളിലുള്ള ഇന്ത്യൻ പാത്രങ്ങൾക്ക് യോജിച്ച രീതിയിലല്ല ഡിഷ് വാഷറുകളിൽ ഭൂരിഭാഗവും നിർമിക്കപ്പെട്ടിരിക്കുന്നത്. എല്ലാ പാത്രങ്ങളും കഴുകാനാവില്ല എന്നതിനൊപ്പം ഡിഷ് വാഷറുകൾക്ക് എത്തിപ്പെടാനാവാത്ത ഇടങ്ങളിൽ അവശിഷ്ടങ്ങൾ അവശേഷിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ചുരുക്കം. ഇതിനൊക്കെയപ്പുറം കുറഞ്ഞ ചെലവിൽ വീട്ടുജോലി ചെയ്യാൻ ധാരാളം ആളുകളെ ലഭിക്കും എന്നതാണ് പ്രധാന കാരണമെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. സഹായത്തിനായി ജോലിക്കാരെ ആശ്രയിച്ചാൽ പാത്രങ്ങൾ കഴുകിയുണക്കി അടുക്കിവയ്ക്കാൻ മെഷീനിന്റെ സഹായം ആവശ്യമായി വരുന്നില്ല. ചെലവ് താരതമ്യം ചെയ്യുമ്പോൾ ഇത് ലാഭകരമാണെന്ന് കൂടുതൽ ആളുകളും കരുതുന്നു.
സാങ്കേതികവിദ്യയെക്കുറിച്ചുള്ള അജ്ഞതയാണ് ഡിഷ് വാഷറുകളിൽ നിന്നും ഇന്ത്യക്കാരെ അകറ്റിനിർത്തുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. മനുഷ്യർ നേരിട്ട് കഴുകിയാൽ മാത്രമേ പാത്രങ്ങൾ വൃത്തിയാകൂ എന്ന് ഉറച്ചുപോയ വിശ്വാസം മൂലം ചെലവാക്കാൻ പണം ഉണ്ടെങ്കിലും പലരും ഡിഷ് വാഷറുകൾ വേണ്ടെന്നു വയ്ക്കുന്നു. അതേസമയം ഡിഷ് വാഷറുകൾ ഉപയോഗിക്കുന്ന ചിലരാവട്ടെ അവയെപ്പോലെ വൃത്തിയായും ഫലപ്രദമായും പാത്രങ്ങൾ കഴുകിയെടുക്കാൻ മനുഷ്യനാവില്ല എന്നാണ് അഭിപ്രായപ്പെടുന്നത്.