കുതിര്‍ത്ത ബദാം പതിവായി കഴിക്കാറുണ്ടോ? എത്ര എണ്ണം, എപ്പോള്‍ കഴിക്കണം?

Mail This Article
ബദാം രണ്ടു വര്‍ഷം വരെ ഫ്രിജില്‍ സൂക്ഷിക്കാമെന്ന കാര്യം അറിയാമോ? ചർമത്തിനും മുടിക്കുമെല്ലാം അഴകും ആരോഗ്യവും നല്‍കുന്ന ബദാം വളരെയേറെ ജനപ്രിയമാണ്. വിറ്റാമിൻ ഇ, പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 6, കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്. നട്സില്‍ ഏറ്റവും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളത് ബദാമിലാണ്, 100 ഗ്രാം ബദാമിൽ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തടി കൂട്ടാനും കുറയ്ക്കാനും ഭാരം അതേപോലെ നിലനിര്‍ത്തിപ്പോകാനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ബദാം നല്ലതാണ്. എന്നാല്‍ ഇത് കഴിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ട്.
എന്തിനാണ് ബദാം കുതിര്‍ത്ത് കഴിക്കുന്നത്?
ഉണങ്ങിയ ബദാം കഴിച്ചാല്‍ അവ ശരീരത്തിന് ദഹിപ്പിക്കാന്‍ താരതമ്യേന ബുദ്ധിമുട്ടായതിനാല്‍, വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കുതിര്‍ത്ത ബദാം കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. എട്ട് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. ഈ സമയപരിധി സാധാരണയായി ബദാം മുളയ്ക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിന് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു, ഇത് അവയുടെ പോഷക ഗുണങ്ങൾ വർദ്ധിപ്പിക്കും.

അതേപോലെ, സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയ്ക്കൊപ്പം ബദാം കഴിക്കരുത്. അതേപോലെ, ബദാമും പാൽ ഉൽപന്നങ്ങളും ഒരുമിച്ച് കഴിക്കുന്നത് ദഹനത്തെ ബാധിക്കും. പാലിൽ അടങ്ങിയിരിക്കുന്ന കസീൻ എന്ന പ്രോട്ടീൻ ബദാമിലെ അയൺ, മഗ്നീഷ്യം പോലുള്ള ചില മിനറൽസുമായി ചേരില്ല. ഓക്സലേറ്റുകളാൽ സമ്പന്നമായ ബദാം, ചീര, ബീറ്റ് റൂട്ട്, മധുരക്കിഴങ്ങ് തുടങ്ങിയവയുമായി ചേര്‍ത്ത് കഴിക്കുന്നതും നല്ലതല്ല. ഇവയിലും ഓക്സലേറ്റുകള്‍ ഉള്ളതിനാല്‍, അമിതമായ അളവിൽ ഇത് ശരീരത്തിൽ ചെന്നാൽ വൃക്കയിലെ കല്ലിന് കാരണമാകും.
തടി കുറയ്ക്കാനും കൂട്ടാനും എത്ര ബദാം കഴിക്കണം?
മിക്ക മുതിർന്ന ആളുകള്‍ക്കും ഒരു ഔൺസ് (28 ഗ്രാം) അല്ലെങ്കിൽ ഏകദേശം 23 ബദാം ആണ് പൊതുവായി ശുപാർശ ചെയ്യുന്നത്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കൽ, ശരീരഭാരം വർദ്ധിപ്പിക്കൽ, പേശികളുടെ വളർച്ച, ശരീരഭാരം നിലനിർത്തൽ തുടങ്ങിയ വ്യക്തിഗത ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഈ അളവ് വ്യത്യാസപ്പെടാം. ഇതേക്കുറിച്ച് ഡയറ്റീഷ്യനായ ശിഖ കുമാരി പറയുന്നത് ഇപ്രകാരമാണ്.
ശരീരഭാരം കുറയ്ക്കാൻ: പ്രതിദിനം 5-10 ബദാം
ബദാം പോഷകസമൃദ്ധമായതിനാല്‍ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും, പക്ഷേ അവയില്‍ കലോറിയും കൂടുതലാണ്. മിതമായ അളവിൽ കഴിക്കുന്നത് സംതൃപ്തി നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
ശരീരഭാരം വർദ്ധിപ്പിക്കാൻ: പ്രതിദിനം 30-35 ബദാം
ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കാൻ കൂടുതൽ കലോറി കഴിക്കേണ്ടതുണ്ട്. ബദാം ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ്.
മസില്‍ ഉണ്ടാക്കാന്‍: പ്രതിദിനം 20-25 ബദാം
ബദാമിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും പേശികളുടെ വളർച്ചയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. സമീകൃതാഹാരത്തിന്‍റെ ഭാഗമായി ബദാം ഉൾപ്പെടുത്തുന്നത് പേശികളുടെ നിർമ്മാണത്തിന് സഹായിക്കും.
ശരീരഭാരം നിലനിർത്താൻ: പ്രതിദിനം 15-20 ബദാം
ഈ അളവില്‍ ബദാം കഴിക്കുന്നത് ദൈനംദിന കലോറി ഉപഭോഗത്തെ കാര്യമായി ബാധിക്കാതെ പോഷകങ്ങളുടെ സന്തുലിതാവസ്ഥ നൽകുന്നു, ഇത് നിലവിലെ ഭാരം നിലനിർത്താൻ സഹായിക്കുന്നു.
ബദാം ബട്ടര്‍ ഉണ്ടാക്കാം
നിലക്കടല കൊണ്ട് ഉണ്ടാക്കുന്ന പീനട്ട് ബട്ടര്‍ പോലെ ബദാം കൊണ്ട് ആല്‍മണ്ട് ബട്ടര്‍ ഉണ്ടാക്കാം. പീനട്ട് ബട്ടറിനേക്കാള്‍ കൂടുതല്‍ നാരുകൾ , കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു. നിലക്കടല അലർജിയുള്ളവർക്കും നിലക്കടലയുടെ രുചി ഇഷ്ടപ്പെടാത്തവർക്കും ഇത് ഉണ്ടാക്കി ഫ്രിഡ്ജില്‍ വയ്ക്കാം.

ഇത് ഉണ്ടാക്കാനായി 3 കപ്പ് ബദാം എടുക്കുക. ചെറുതായി വറുക്കുകയോ അല്ലെങ്കില്‍ 350 ഡിഗ്രി ഫാരൻഹീറ്റിൽ പത്തു മിനിറ്റ് ഓവനില്‍ വയ്ക്കുകയോ ചെയ്യാം. ഇത് തണുത്ത ശേഷം ഹൈ-സ്പീഡ് ബ്ലെൻഡറിലേക്കോ ഫുഡ് പ്രോസസറിലേക്കോ മാറ്റി അടിച്ചെടുക്കാം. ആവശ്യമെങ്കില്‍ ഒരു ചെറിയ കഷ്ണം കറുവപ്പട്ടയും അല്‍പ്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.