പാർലമെന്റ് സമ്മേളനത്തിന് സമാപനം; മാരത്തൺ ചർച്ചകളിൽ തിളച്ച സഭ

Mail This Article
ന്യൂഡൽഹി ∙ വഖഫ് ഭേദഗതി ബില്ലിൽ നേട്ടവുമായി ബിജെപി. അസ്വാരസ്യങ്ങൾ തീർക്കാനാകാതെ പ്രതിപക്ഷം. ദേശീയചർച്ചയായ വിഷയങ്ങൾ ഉയർത്തി ഡിഎംകെ – പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ബാലൻസ് ഷീറ്റ് ഇതാണ്.വഖഫ് ബിൽ ഇത്തവണയുണ്ടാവില്ലെന്നു പലരും കരുതിയെങ്കിലും ബുധനാഴ്ച നാടകീയമായി സർക്കാർ ബിൽ ലോക്സഭയിൽ വച്ചു. ബില്ലിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾ വ്യക്തമാക്കാൻ ആദ്യാവസാനം ബിജെപി നേതാക്കൾ ശ്രദ്ധിച്ചു. അവതരണവേളയിൽത്തന്നെ മുനമ്പം വിഷയം കേന്ദ്രമന്ത്രി കിരൺ റിജിജു പരാമർശിക്കുകയും ചെയ്തു.
വഖഫ് ബില്ലിനെ എതിർക്കുന്നതിനുവേണ്ടി ഇന്ത്യാസഖ്യം ഒറ്റക്കെട്ടായിനിന്നു.കുംഭമേള വിഷയത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയ്ക്കുമേൽ ചർച്ച അനുവദിക്കാതിരുന്നതിലുള്ള പ്രതിഷേധത്തിലും പ്രതിപക്ഷം ഒരുമിച്ചു. ഇവയൊഴിച്ചാൽ, കോൺഗ്രസുമായി എസ്പിയും തൃണമൂൽ കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷപാർട്ടികൾക്കുള്ള അസ്വാരസ്യങ്ങൾ പ്രകടമായിരുന്നു. പ്രധാനവിഷയങ്ങളിൽ ആശയരൂപീകരണത്തിനു കോൺഗ്രസ് മുൻകയ്യെടുക്കുന്നില്ലെന്ന സഖ്യകക്ഷികളുടെ ആക്ഷേപം ഈ സമ്മേളനത്തിലും തുടർന്നു.
പ്രതിപക്ഷനിരയിൽ തിളങ്ങിയതു ഡിഎംകെയാണ്. 2 പ്രധാനവിഷയങ്ങൾ ദേശീയതലത്തിൽ ചർച്ചയാക്കാൻ ഡിഎംകെയ്ക്കു സാധിച്ചു. പാർലമെന്റ് മണ്ഡലപുനർനിർണയം വരുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ആനുപാതികമായി കുറയുന്നതും ത്രിഭാഷാ സംവിധാനം നിർബന്ധിതമാക്കുന്നതും സഭയിൽ ഉന്നയിച്ചായിരുന്നു ഇത്. ഡിഎംകെ അംഗങ്ങൾക്കുനേരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനു ക്ഷമ പറയേണ്ടിവന്നു. അതേസമയം, വഖഫ് ബില്ലിന്റെ കാര്യത്തിൽ ഭിന്നതകൾ പ്രകടിപ്പിച്ച ടിഡിപിയെയും ജെഡിയുവിനെയും വരച്ചവരയിൽ നിർത്താൻ ബിജെപിക്കു സാധിച്ചു.
ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ പകരംതീരുവയും ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതും കാര്യമായ ചർച്ചയാകാതെപോയതു കേന്ദ്ര സർക്കാരിനും ബിജെപിക്കും ആശ്വാസമായി.കുംഭമേളയിലെയും ഡൽഹി റെയിൽവേ സ്റ്റേഷനിലെയും തിക്കുംതിരക്കും മൂലമുണ്ടായ ദുരന്തങ്ങളും കാര്യമായ ചർച്ചയായില്ല.ലോക്സഭയിൽ വഖഫ് ബില്ലിൽ മാരത്തൺ ചർച്ച കഴിഞ്ഞ ഉടൻ ബുധനാഴ്ച പുലർച്ചെ 2.45നു മണിപ്പുരിലെ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നൽകാനുള്ള പ്രമേയം അവതരിപ്പിച്ചതും ബിജെപിയുടെ തന്ത്രമായിരുന്നു. രാജ്യസഭയിലും പ്രമേയം ഇന്നലെ 3.58ന് ആണ് അംഗീകരിച്ചത്.ഇത്തവണ സഭ തടസ്സപ്പെട്ട സംഭവങ്ങളും കുറഞ്ഞു. 2 സെഷനുകളിലായി 26 ദിവസം നീണ്ട പാർലമെന്റ് സമ്മേളനം സമാപിച്ചു.
വഖഫ് ബിൽ നിർണായക വഴിത്തിരിവെന്ന് പ്രധാനമന്ത്രി
വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത് ചരിത്രത്തിലെ നിർണായക വഴിത്തിരിവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘ദീർഘകാലമായി പാർശ്വവൽകരിക്കപ്പെട്ടവർക്കും അവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്കും ഈ ബിൽ സഹായകരമാകും. പതിറ്റാണ്ടുകളായി വഖഫ് സംവിധാനത്തിന് സുതാര്യതയുണ്ടായിരുന്നില്ല. മുസ്‍ലിം സ്ത്രീകളുടെയും ദരിദ്രരായ മുസ്‍ലിങ്ങളുടെയും താൽപര്യങ്ങളെ ഇതു ബാധിച്ചു. അതുകൊണ്ട് പുതിയ ബിൽ സാമൂഹിക–സാമ്പത്തിക നീതിക്കും സുതാര്യതയ്ക്കും വേണ്ടിയുള്ള കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ്’– അദ്ദേഹം പറഞ്ഞു. ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത എല്ലാ പാർലമെന്റ് അംഗങ്ങൾക്കും സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) അഭിപ്രായങ്ങൾ നൽകിയവർക്കും അദ്ദേഹം നന്ദി പറഞ്ഞു.