തീരുമാനങ്ങൾ നടപ്പാക്കാത്തതിൽ അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി: മുഖ്യമന്ത്രി പരാതിപ്പെട്ടിട്ടും മെല്ലെപ്പോക്കിന് മാറ്റമില്ല

Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പരാതിപ്പെട്ടിട്ടും തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ മെല്ലെപ്പോക്കിന് ഒരു മാറ്റവുമില്ല. വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയുടെ പരാതി ചൂണ്ടിക്കാട്ടുകയും അതിവേഗ പരിഹാര നടപടികൾക്കു ചീഫ് സെക്രട്ടറി നിർദേശിക്കുകയും ചെയ്തെങ്കിലും പല തീരുമാനങ്ങളും ഇപ്പോഴും നടപ്പാക്കാതെ പാതിവഴിയിലാണ്. ഇതെത്തുടർന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പു സെക്രട്ടറിമാരുടെ യോഗം വിളിച്ച് കടുത്ത അതൃപ്തി അറിയിച്ചു. ഒട്ടേറെ യോഗങ്ങൾ ചേർന്നിട്ടും പല തീരുമാനങ്ങളും പൂർണമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും ഇതാണോ അവസ്ഥയെന്നും ചീഫ് സെക്രട്ടറി ചോദിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത യോഗങ്ങളിലെ തീരുമാനങ്ങളുടെ പട്ടിക ഓരോ വകുപ്പും തയാറാക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഏതൊക്കെ തീരുമാനങ്ങളാണു നടപ്പാക്കാൻ ബാക്കിയുള്ളതെന്നു രേഖപ്പെടുത്തി, തന്നെ അറിയിക്കണം. ഓരോ വകുപ്പിൽ നിന്നും ശേഖരിക്കുന്ന രേഖകൾ കോർത്തിണക്കി റിപ്പോർട്ടായി തനിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനും ചീഫ് സെക്രട്ടറി നിർദേശം നൽകി. താൻ യോഗങ്ങളിൽ നിർദേശിക്കുന്ന കാര്യങ്ങൾ പോലും ഐഎഎസ് ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന ഗുരുതര ആരോപണം 2 മാസം മുൻപാണ് മുഖ്യമന്ത്രി ഫയൽ കുറിപ്പായി ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
മുഖ്യമന്ത്രിയോ മന്ത്രിമാരോ നിർദേശിച്ച ഏതെങ്കിലും തീരുമാനങ്ങൾ നടപ്പാക്കുന്നതിനു നയപരമായ തടസ്സങ്ങളുണ്ടെങ്കിൽ അക്കാര്യം സെക്രട്ടറിമാർ യോഗത്തിൽ അറിയിച്ച് പരിഹാരം കാണാനും നിർദേശിച്ചു. ഇതിന്റെ ഭാഗമായി ഏതെങ്കിലും വകുപ്പുകളുടെ ഫയൽ തങ്ങളുടെ പക്കൽ തീരുമാനം കാത്തു കിടപ്പുണ്ടോ എന്നാരാഞ്ഞ് ധനസെക്രട്ടറി എല്ലാ വകുപ്പുകൾക്കും കത്തയച്ചു. എന്നാൽ, മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഇടപെട്ടിട്ടും പല വകുപ്പുകളിലും ഫയലുകൾ കെട്ടിക്കിടക്കുകയാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തീരുമാനങ്ങൾ എടുക്കുന്നുമില്ല. ഇതാണ് ഏറ്റവും ഒടുവിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയെ പ്രകോപിപ്പിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി തിരക്കുകളിൽ
തിരുവനന്തപുരം∙ മുഖ്യമന്ത്രിയും മന്ത്രിമാരും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ കഴിയാത്തതിനു കാരണം മന്ത്രിമാർ തന്നെയാണെന്ന പരാതിയാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതുവരെയില്ലാത്ത ഭരണമാന്ദ്യമാണ് ഇപ്പോൾ സെക്രട്ടേറിയറ്റിൽ. അതിനു മുഖ്യകാരണം മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലാ സമ്മേളനം മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള തിരക്കുകളിൽ അകപ്പെട്ടതാണ്. നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് പലപ്പോഴും മന്ത്രിമാരെ കിട്ടുന്നില്ല. മുഖ്യ തീരുമാനങ്ങൾ എടുക്കേണ്ട യോഗങ്ങളിൽ മന്ത്രിമാർ നേരിട്ടു തന്നെ പങ്കെടുക്കണം. പാർട്ടി യോഗങ്ങളുടെ തിരക്കു കാരണം മന്ത്രിമാർക്കു പങ്കെടുക്കാൻ കഴിയില്ലെന്നാണ് പഴ്സനൽ സ്റ്റാഫ് അറിയിച്ചിരിക്കുന്നത്. ഇൗ പരാതി രഹസ്യമായി ഐഎഎസ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നെങ്കിലും യോഗങ്ങളിൽ പറയാൻ ധൈര്യമില്ല.