വിശാഖപട്ടണം യാത്രയില്‍ പേരയ്ക്ക വില്പനക്കാരിയുടെ കഥ പറഞ്ഞ് പ്രിയങ്ക ചോപ്ര

Mail This Article
സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രമായ 'എസ്.എസ്.എം.ബി 29' ന്‍റെ ഷൂട്ടിങ്ങുമായി തിരക്കിലാണ് നടി പ്രിയങ്ക ചോപ്ര. ഹൈദരാബാദിൽ ആരംഭിച്ച ചിത്രീകരണം ഇപ്പോള്‍ ഒഡീഷയിലാണ് തുടരുന്നത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഇന്ത്യൻ ചരിത്രവും പുരാണങ്ങളും ഇടകലർത്തി രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുക, ഏകദേശം 1000 കോടി രൂപ ബജറ്റിലാണ് ചിത്രത്തിന്‍റെ നിർമാണം.
കഴിഞ്ഞ ബുധനാഴ്ച, പ്രിയങ്ക തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ, സെറ്റിലെ ചില ഭാഗങ്ങളും ഒഡീഷയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എങ്ങനെ ചെലവഴിക്കുന്നുവെന്നുള്ള കാര്യങ്ങളും പങ്കുവച്ചു. വിശാഖപട്ടണം വിമാനത്താവളത്തിലേക്കുള്ള വഴിയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചും പ്രിയങ്ക ഇതിലെ വിഡിയോയില്‍ പറയുന്നു.

മുംബൈയിലേക്കും അവിടെനിന്നും ന്യൂയോര്‍ക്കിലേക്കും പോകാനായി വിശാഖപട്ടണം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു പ്രിയങ്ക. വണ്ടിയോടിച്ചു പോകവേ, റോഡില്‍ ഒരു സ്ത്രീ പേരക്ക വിൽക്കുന്നത് കണ്ടു, തനിക്ക് പഴുക്കാത്ത പേരക്ക വളരെ ഇഷ്ടമായതിനാല്‍ മുഴുവന്‍ പേരക്കയും അവരില്‍ നിന്നും വാങ്ങിച്ചു. 150 രൂപയായിരുന്നു അതിന്‍റെ വില. പ്രിയങ്ക ഒരു 200 രൂപ നോട്ട് നല്‍കി ബാക്കി കയ്യില്‍ വച്ചുകൊള്ളാന്‍ അവരോടു പറഞ്ഞു. എന്നാല്‍ അവര്‍ ബാക്കിയുള്ള അമ്പതു രൂപയ്ക്ക് കൂടി പേരക്ക കൊണ്ടുവന്നു കൊടുത്തു.
മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ ആ സ്ത്രീ അങ്ങനെ ചെയ്തത് തനിക്ക് ശരിക്കും പ്രചോദനമാവുകയും തന്നെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്തെന്ന് പ്രിയങ്ക പറയുന്നു.ആത്മാഭിമാനം വഴിഞ്ഞൊഴുകുന്ന ഈ പ്രവൃത്തി പങ്കുവച്ചതിന് പ്രിയങ്കയെ ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചത് കമന്റുകളില്‍ കാണാം. ഇതോടൊപ്പം റോഡരികിലെ ദൃശ്യങ്ങളും ലൊക്കേഷന്‍റെ കാഴ്ചകളുമെല്ലാം പ്രിയങ്ക പങ്കുവച്ച പോസ്റ്റില്‍ ഉണ്ട്.
അതിമനോഹരമായ കുന്നുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഒഡീഷയിലെ ഗ്രാമപ്രദേശങ്ങളാണ് ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മാർച്ച് 28 വരെ ദിയോമാലിയിലും തലമാലി കുന്നുകളിലും ചിത്രീകരണത്തിന് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. സിനിമയുടെ പ്രധാന ചിത്രീകരണ സ്ഥലങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ദിയോമാലി കുന്നുകൾ - ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ കോരാപുട്ട് പട്ടണത്തിനടുത്താണ് ദിയോമാലി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 1,672 മീറ്റർ ഉയരമുള്ള ദിയോമാലി, കൊടുമുടി ഒഡീഷ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. മനോഹരമായ പച്ചപ്പ് മാത്രമല്ല, സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ് ഇവിടം. മാത്രമല്ല, ബോക്സൈറ്റ്, ചുണ്ണാമ്പുകല്ല്, രത്നക്കല്ലുകൾ തുടങ്ങിയ ധാതുസമ്പത്തുമുണ്ട്.
ഹാംഗ് ഗ്ലൈഡിംഗ്, പർവതാരോഹണം, ട്രെക്കിംഗ് എന്നിങ്ങനെയുള്ള സാഹസിക കായിക വിനോദങ്ങളും ഇവിടെ നടക്കുന്നു. കുന്നിൻ മുകളിലേക്ക് പോകുമ്പോൾ നിരവധി വെള്ളച്ചാട്ടങ്ങളും കാണാം.
ദുഡുമ വെള്ളച്ചാട്ടം - ഒഡീഷയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ദുഡുമ വെള്ളച്ചാട്ടം, 550 അടിയിൽ കൂടുതൽ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നു, ഒഡീഷ-ആന്ധ്രാപ്രദേശ് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം, 'എസ്എസ്എംബി29' ലെ ഹൈ-ആക്ഷൻ സീക്വൻസുകൾക്കായി ഉപയോഗിച്ചിട്ടുണ്ട്.
തലമാലി കുന്നുകൾ
കോരാപുട്ട് പട്ടണത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ, സെമിലിഗുഡ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന തലമാലി കുന്നുകള്‍, ഹൈക്കിംഗ്, പിക്നിക് മുതലായവയ്ക്ക് അനുയോജ്യമായ സ്ഥലമാണ്. പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും വളഞ്ഞുപുളഞ്ഞൊഴുകുന്ന നദികളും നിറഞ്ഞ ഈ പ്രദേശത്തിന്‍റെ പ്രകൃതിഭംഗി, ഇതിനെ ചലച്ചിത്ര പ്രവർത്തകരുടെ പറുദീസയാക്കി മാറ്റുന്നു.
ആഗോള ഷൂട്ടിങ് സ്ഥലങ്ങളുമായി മത്സരിക്കുന്ന അതിമനോഹരമായ പ്രകൃതി, ഈയിടെ ഒഡീഷയെ സംവിധായകരുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലോക്കേഷനാക്കി മാറ്റിയിട്ടുണ്ട്. 'പുഷ്പ 2: ദി റൂൾ', 'സംക്രാന്തികി വാസ്തുനം' തുടങ്ങിയ സിനിമകളും ഒഡീഷയുടെ വിവിധ ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. കോരാപുട്ട്, മൽക്കാൻഗിരി, ദിയോമാലി ഹിൽസ്, തലമാലി ഹിൽസ്, ദുഡുമ വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങൾ ഇപ്പോള്‍ ഷൂട്ടിങ് കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.