സ്യൂട്ടിനൊപ്പം വജ്ര നെക്‌ലസ് അണിയുന്ന ഷാറുഖ്: ഒട്ടും പിന്നിലല്ല, രൺവീറിന്റെ ആഭരണ ഭ്രമം

Mail This Article
കഴുത്തു നിറഞ്ഞു കിടക്കുന്ന, വടം പോലുള്ള വലിയൊരു മാല. അതിന്റെ ലോക്കറ്റ് പൊക്കിളിൽ മുട്ടിക്കിടക്കും. കൈയിൽ സ്വർണം കൊണ്ടുള്ള ഇടിവള, അല്ലെങ്കിൽ വീതിയിലൊരു കൈച്ചെയിൻ. ഈ ഗെറ്റപ്പിൽ ആണൊരുത്തനെ കണ്ടാൽ പണ്ടുള്ളവർ ഉറപ്പിച്ചു പറയുമായിരുന്നു– ‘ആള് ഗൾഫാ’. പൊതുവേ പുരുഷന്മാർ ആഭരണം അണിയാത്ത കാലത്ത് വിദേശത്തു ജോലിയുള്ളവരെ നമ്മുടെ പഴയ തലമുറ തിരിച്ചറിഞ്ഞിരുന്നത് മേൽപറഞ്ഞ അടയാളങ്ങൾ കണ്ടാണ്. കാലം മാറിയപ്പോൾ പുരുഷന്മാരും ആഭരണങ്ങളെ സ്നേഹിച്ചു തുടങ്ങി. കാതിലും മൂക്കിലും അണിയുന്ന കുഞ്ഞു സ്റ്റഡ്സ് ഇന്നു സാധാരണമായി. സെലിബ്രിറ്റികളും ഫാഷൻഫ്രീക്കുകളും പൊതുചടങ്ങുകളിൽ വീതിയുള്ള നെക്ക്പീസുകളും വിലകൂടിയ വജ്രാഭരണങ്ങളും അണിഞ്ഞു പ്രത്യക്ഷപ്പെടുന്നത് പുതുമയല്ലാതായി. ബിടൗണിലെ സെലിബ്രിറ്റികളാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ.
സൂപ്പർസ്റ്റാർ ഷാറുഖ് ഖാനാണ് ഈ ട്രെൻഡ് പിന്തുടരുന്ന സെലിബ്രിറ്റികളിൽ മുൻനിരയിലുള്ളത്. ടെന്നിസ് നെക്‌ലസ്, ലെയേർഡ് എമറാൾഡ് ഹാർ, പോൾക്കി ആഭരണങ്ങൾ എന്നിങ്ങനെ അതിശയിപ്പിക്കുന്ന നെക്ക്പീസുകളുടെ ശേഖരം അടുത്തിടെ താരം പ്രദർശിപ്പിച്ചിരുന്നു. ഈ മാസം ആദ്യം ജയ്പുരിൽ നടന്ന ഐഐഎഫ്എ പുരസ്കാരച്ചടങ്ങിൽ ഷാറുഖ് അണിഞ്ഞ ആഭരണങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കസ്റ്റമൈസ് ചെയ്ത ബ്ലാക് ക്ലാസിക് സ്യൂട്ടിനൊപ്പം വജ്ര നെക്‌ലസും തിളങ്ങുന്ന മോതിരങ്ങളും പെയർ ചെയ്തെത്തിയ ഷാറുഖ് ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് അംബാനി വിവാഹത്തിൽ പങ്കെടുത്തപ്പോഴും കഴുത്തു നിറഞ്ഞു നിന്ന നെക്ക്പീസുകളാണ് ഷാറുഖിന് അലങ്കാരമായത്.
ആദ്യകാഴ്ചയിൽ വിചിത്രമെന്നു തോന്നുമെങ്കിലും ആഡംബരം നിറഞ്ഞ വേഷഭൂഷാദികളോടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാറുള്ള മറ്റൊരു ഫാഷനിസ്റ്റാണ് രൺവീർ സിങ്. ആകർഷകമായ നിരവധി ആഭരണങ്ങൾ സമീപകാലത്ത് രൺവീർ അവതരിപ്പിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള ക്രിസ്പി സ്യൂട്ട് ഡ്യുവൽ ആഭരണങ്ങൾ കൊണ്ട് സ്റ്റൈൽ ചെയ്തും മൾട്ടി-ഹ്യൂഡ് കുർത്ത സെറ്റിനും പ്രിന്റഡ് ഷർട്ടുകൾക്കുമൊപ്പം വരെ ടിഫാനി നെക്‌ലസുകൾ പെയർ ചെയ്തും രൺവീർ അടുത്തിടെ ഫാഷൻ ലോകത്തെ ത്രസിപ്പിച്ചിരുന്നു.
പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം ഹെവി ജ്വല്ലറികൾ അണിയുന്ന കാര്യത്തിൽ നടൻ സിദ്ധാർഥ് മൽഹോത്രയും ഒട്ടും പിന്നിലല്ല. അദ്ദേഹത്തിന്റെ വെഡിങ് ലുക്ക് തന്നെ അതിനൊരു ഉദാഹരണമാണ്. കനത്ത എംബ്രോയ്ഡറി ചെയ്ത സ്വർണ നിറത്തിലുള്ള ഷെർവാണിക്കൊപ്പം ജഡൗ, പോൾക്കി ആഭരണങ്ങൾ അണിഞ്ഞാണ് അദ്ദേഹമെത്തിയത്.
അഭിനയരംഗത്ത് മാത്രമല്ല സംഗീത ലോകത്തും ഫാഷന്റെ അലയൊലികൾ കാണുന്നുണ്ട്. ഹെവിലുക്കിലുള്ള പരമ്പരാഗത ആഭരണങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിൽ സിത്താർ കലാകാരൻ ഋഷഭ് റിഖിറാം ശർമയുടെ പങ്കുചെറുതല്ല. പരമ്പരാഗത ഹാറുകളും ബ്രൂച്ചുകളും അണിഞ്ഞ് വേദികളിൽ പ്രത്യക്ഷപ്പെട്ടാണ് അദ്ദേഹം തന്റെ പ്രകടനവും ലുക്കും മാസ് ആക്കുന്നത്.
സംഗീത ലോകത്തെ പ്രതിഭകളായ യോ യോ ഹണി സിങ്, എ.പി.ധില്ലൻ, കരൺ ഔജ്‌ല തുടങ്ങിയവരും ആഭരണ ഫാഷന്റെ കാര്യത്തിൽ പുലികളാണ്. പരമ്പരാഗതവും സമകാലികവുമായ നെക്ക്‌പീസുകൾ ധരിച്ച് അവർ പലപ്പോഴും വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പരമ്പരാഗത ആഭരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ധില്ലൻ പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും ഔജ്‌ലയുടെയും സിങ്ങിന്റെയും ശേഖരങ്ങളിൽ സവിശേഷങ്ങളായ നിരവധി ആഭരണങ്ങളുണ്ട്.
കലാരംഗത്തുള്ള പുരുഷന്മാർ മാത്രമാല്ല ആഭരണ പ്രേമികൾ. ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും വ്യത്യസ്തങ്ങളായ ആഭരണങ്ങളണിഞ്ഞ് കളിക്കളത്തിന് പുറത്തും ആരാധകരുടെ മനം കവരാറുണ്ട്.