ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മൊബൈൽ ഫോണിന്റെ റിങ്ടോൺ കേട്ടാണ്, എപ്പോഴോ ഒന്ന് മയങ്ങിയ ഞാൻ ഞെട്ടിയുണർന്നത്. സമയം ഏതാണ്ട് രാത്രി പതിനൊന്ന് മണിയായിട്ടുണ്ട്. ഫോൺ എടുത്ത് ഹലോ എന്ന് പറഞ്ഞപ്പോൾ അപ്പുറത്ത് നിന്ന് "ഹലോ പറയൂ, എന്തൊക്കെയാണ് വിശേഷം, നീ എവിടെയാണ്, കുറെ ആയല്ലോ കണ്ടിട്ട്" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ. ഞാൻ അതിനൊക്കെ മറുപടി പറയുമ്പോഴും ചിന്തിക്കുകയാണ്, ആരാണിയാൾ? നല്ല മുഴക്കമുള്ള ശബ്ദം, കേട്ട പരിചയമില്ല, വീണ്ടും ഫോണിലേക്ക് നോക്കി, നമ്പർ ഓർമ്മയില്ല മാത്രമല്ല ഫോണിൽ സേവ് ചെയ്തിട്ടുമില്ല. ഞാൻ തിരിച്ചങ്ങോട്ട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ ഫോൺ കട്ട് ആയി പോവുകയും ചെയ്തു. ഉടനെ തിരിച്ച് വിളിച്ചു, "നിങ്ങൾ വിളിക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നയാൾ ഇപ്പോൾ പരിധിക്ക് പുറത്താണ്" എന്നതല്ലാതെ വേറെ ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു, ആരാണിയാൾ എന്നൊരു ജിജ്ഞാസ, എങ്ങനെ എന്റെ നമ്പർ കിട്ടി എന്നൊക്കെ.. ഒരു രക്ഷയുമില്ല, നമ്പർ പ്രതികരിക്കുന്നില്ല. മനസ്സില്ലാമനസ്സോടെ ഞാൻ കിടന്നുറങ്ങി, എന്നാലും ഇതേ ചോദ്യം മനസ്സിൽനിന്ന് പോകുന്നില്ല.

പിറ്റേന്ന് രാവിലെ ഞാനെന്റെ ജോലിക്ക് പോയി, രാത്രി തിരിച്ചെത്താൻ വൈകിയിരുന്നു. വന്നപാടെ കുളിച്ചു അതേ കിടപ്പ്, ക്ഷീണം ഒന്നു മാറിയിട്ട് എന്തെങ്കിലും കഴിക്കാമെന്ന് കരുതി, ഓഫീസിൽ നിന്ന് വരുന്ന സമയത്ത് ചെറുതായി, ചായയും, പഴവും ശർക്കരയും തേങ്ങാക്കൊത്തുമിട്ട ഉണ്ടയും കഴിച്ചിരുന്നു. കിടന്നതും പെട്ടെന്ന് ഉറങ്ങിപ്പോയിരുന്നു. പെട്ടെന്ന് ഫോണടിക്കുന്നു, ചാടിയുണർന്നു, ഹലോ പറഞ്ഞു, അതിനിടക്ക് നോക്കുമ്പോൾ ഇന്നലെ വിളിച്ച അതേ സമയം.

അയാൾ തുരുതുരാ സംസാരിക്കുന്നു. ഞാൻ ചോദിച്ചു, നിങ്ങളാരാണ്, എന്റെ നമ്പർ എങ്ങനെക്കിട്ടിയെന്ന്. അപ്പോഴേക്കും വീണ്ടും ഫോൺ കട്ട് ആയി. എനിക്കാകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. മനുഷ്യനെ കുരങ്ങ് കളിപ്പിക്കുന്നോ. ഞാൻ വീണ്ടും തിരിച്ചു വിളിച്ചു, ഇന്നലത്തെ അതേ പ്രതികരണം, ഞാൻ ഫോൺ വലിച്ചെറിഞ്ഞു, ഉറങ്ങാൻ പോയി.

പിറ്റേന്ന്, ജോലി കഴിഞ്ഞ് വന്ന ഞാൻ ഉറങ്ങാതെ കാത്തിരുന്നു, ഫോൺ വരുമോ എന്നറിയാൻ. തെറ്റിയില്ല, കറക്ട് സമയത്ത് ഫോണടിച്ചു. ഞാൻ പെട്ടെന്ന് ഫോണെടുത്ത്, അയാളിങ്ങോട്ട് സംസാരിക്കുന്നതിന് മുന്നേ ഞാനങ്ങോട്ട് ചോദിക്കാൻ തുടങ്ങി, നിങ്ങൾ ആരാണ്, എന്റെ നമ്പറിലേക്ക് എന്തിനാണ് വിളിച്ചുകൊണ്ടിരിക്കുന്നത്. അതു കേട്ടതും അപ്പുറത്ത് നിന്ന് ഉറക്കെയുള്ള ചിരിയാണ് കേട്ടത്. ഞാൻ അന്തംവിട്ടുപോയി. ഇയാളിനി വല്ല പ്രാന്തനും ആണോ. ചിരിച്ചുകൊണ്ട് അയാള് പറഞ്ഞു എനിക്ക് നിങ്ങളെ അറിയില്ല, നിങ്ങളാരാണ് എന്നോ, സ്ത്രീയാണ് എന്ന് ശബ്ദം കേട്ടപ്പോൾ മനസ്സിലായി, നിങ്ങളുടേതാണ് ഈ നമ്പർ എന്നൊന്നും എനിക്കറിയില്ല. ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾ വിശ്വസിക്കുമോ എന്നുമെനിക്ക് നിശ്ചയമില്ല, അയാൾ പറയാൻ തുടങ്ങി.

"ഞാൻ, അന്ന് ആദ്യം നിങ്ങളെ വിളിച്ച ദിവസം ഞാനെന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു. ഇനിയെന്ത് എന്നൊരു ചോദ്യത്തിന് മുന്നിൽ തലകുനിച്ച് മരണത്തിലേക്ക് പോകാനായി തീരുമാനിച്ച സമയം. കയ്യിലുള്ള ഗുളികകൾ ഒന്നൊന്നായി നിരത്തിവെച്ചു, എണ്ണിനോക്കി, പത്തെണ്ണമുണ്ട്. അത് ധാരാളമാണ്, ഉറക്കമില്ലാത്ത എനിക്ക് ഉറക്കത്തിലൂടെ മരണത്തെ കീഴടക്കാം, ഞാനഹങ്കരിച്ചു. എല്ലാം അവസാനിക്കാൻ പോകുന്നു എന്ന ആലോചന എന്നിൽ മുറുകി. പെട്ടെന്നാണ് അടുത്ത് മൊബൈൽ ഫോൺ കിടക്കുന്നത് കണ്ടത്. മരണത്തെ കീഴടക്കാൻ പോകുന്ന എന്നിലൊരു കുസൃതി തലയെടുത്തു. ഞാനെന്റെ ഫോണെടുത്ത് വെറുതെ ഡയൽ ചെയ്തു, എനിക്ക് തോന്നിയ നമ്പർ. അത് വന്നത് നിങ്ങളിലേക്കാണ്. നിങ്ങളുടെ ശബ്ദം മറുതലക്കൽ കേട്ടപ്പോൾ ഞാൻ എന്തൊക്കെയോ ചോദിച്ചു. അല്ലാതെ എനിക്ക് നിങ്ങളെ അറിയുക പോലുമില്ല" എന്നു പറഞ്ഞു അയാള് നിർത്തി. ആ സംഭാഷണം എന്നെ ആത്മഹത്യയിൽ നിന്ന് വേർപെടുത്തി.

ഞാനയാളോട് ചോദിച്ചു, പിന്നെന്താണ് ഞാൻ തിരിച്ച് വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നത്, അപ്പോഴേക്കും ഫോൺ ഓഫ് ആയതാണെന്നും, പിന്നെ പിറ്റേന്ന് തന്നെ പറ്റിക്കാമെന്ന് കരുതിയാണ് അതേ സമയത്ത് വിളിച്ചതുമെന്നയാൾ. പിന്നെ ഞാനയാളുടെ നമ്പർ സേവ് ചെയ്തുവെച്ചു വേറൊരു ദിവസം കാണാമെന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാളുടെ ഫോൺ വരുന്നു വീണ്ടും. ഞാൻ ഫോണെടുത്തു, മറുതലക്കൽ നിന്ന്, ഞാൻ നിങ്ങളുടെ ടൗണിലുണ്ട്, ഒന്നു കാണാമോയെന്ന്. ഓകെ, ഞാൻ ടൗണിൽ ഒരു പത്തു മിനിറ്റ് കൊണ്ടെത്തും നിങ്ങള് അടുത്തുള്ള കോഫീഷോപ്പിൽ പോയിരിക്കൂ എന്ന് പറഞ്ഞു. ഞാൻ വേഗംതന്നെ ബസ്റ്റാൻഡിന്റെ താഴെ കാർ പാർക്ക് ചെയ്ത് കോഫീ ഷോപ്പിലേക്ക് പോയി. അവിടെക്കണ്ടു, നരച്ച, നീട്ടിവളർത്തിയ താടിയും മുടിയുമുള്ള ഒരാൾ. അഗാധതയിലേക്ക് ആണ്ടുപോയ കണ്ണുകൾക്ക് കനലിന്റെ തിളക്കം. അത് മറയ്ക്കാൻ എന്നപോലെ ചേർത്ത് വെച്ച കണ്ണടകൾ. വരണ്ട ചുണ്ടുകൾ, മെല്ലിച്ച ശരീരം. ഒരു സന്യാസിയെ തോന്നിപ്പിക്കുന്ന പ്രകൃതം.

എന്നിട്ട് അയാള് തുടർന്നു, ഒരു പ്രവാസിയാണ് ഞാൻ, ഭാര്യയും മക്കളും എന്നിലൂടെ വളർന്നു കയറി, മുപ്പത് കൊല്ലങ്ങൾക്ക് ശേഷം നാട്ടിലേക്ക് സ്ഥിരമായി വന്ന എന്നെ അവർക്ക് വേണ്ടാതായി, എന്നെ കേൾക്കാൻ ആരുമില്ല. അവർക്ക് വേണ്ടി ജീവിച്ച എനിക്ക് ആരുമില്ലാതെയായി. വളരെക്കാലം നാട്ടിൽ ഇല്ലാതിരുന്ന എനിക്ക് കാര്യമായി സുഹൃത്തുക്കളുമില്ല. അങ്ങനെയാണ് ഞാൻ നിത്യതയിൽ ലയിക്കാമെന്ന് കരുതിയത്. അയാള് നിർത്തി. ഞാൻ പറഞ്ഞു, നിങ്ങളിൽ നിങ്ങളെയാക്കുന്ന കഴിവുകളില്ലേ, അത് കണ്ടെടുക്കൂ, അതിന്റെ സമയമാണ് ഇനിയുള്ള കാലം, അല്ലാതെ മരിച്ചിട്ട് എന്ത് നേടാനാണ്. നമുക്ക് നല്ല സുഹൃത്തുക്കളാവാം, ബാക്കിയൊക്കെ മറക്കൂ എന്ന് പറഞ്ഞു അയാളെ യാത്രയാക്കി.

പിന്നീടുള്ള ദിവസങ്ങൾ മിക്കവാറും ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു, അപ്പോഴാണ് അയാളിലൊരു ഗായകനുണ്ടെന്ന് തിരിച്ചറിഞ്ഞത്, മാത്രമല്ല നല്ലൊരു എഴുത്തുകാരനും. യാത്രകളെ ഇഷ്ടപ്പെടുന്ന അയാളിപ്പോൾ ഏതോ യാത്രയിലാണ്. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും ആ നാട്ടിലെ ഒരു സ്പെഷ്യൽ സമ്മാനം എനിക്കായി കൊണ്ട് വരും. ജീവിതം കൈവിട്ടു പോകുന്ന ചില നിമിഷങ്ങൾ, ഒരു ചെറിയ ഇലയനക്കം മതി വീണ്ടുമവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ...

English Summary:

Malayalam Short Story Written by Sreepadam

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com