തുരുത്തിൽ നിന്നും കാണാതെയാകുന്ന മനുഷ്യരെക്കുറിച്ചുള്ള പത്രപ്രവർത്തകന്റെ അന്വേഷണം; പി.എഫ്. മാത്യൂസിന്റെ 'കാണായ്മ'

Mail This Article
‘ജനനത്തിനും മരണത്തിനുമിടയിൽ മൂന്നാമത് ഒരിടമുണ്ട്. ആ നിഗൂഢതയുടെ പേരാണ് കാണായ്മ’ - പി.എഫ്. മാത്യൂസ്
ഭൂപടത്തിൽ നിന്നു തന്നെ മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചു തുരുത്ത്. അവിടെ നിന്നും അപ്രത്യക്ഷരാകുന്ന കുറച്ചു മനുഷ്യർ. അവരെല്ലാം എവിടേക്കാണ് മറഞ്ഞു പോകുന്നത്? ആരും കാണാത്ത മറ്റൊരിടത്തേക്കോ? അതോ ജീവിതത്തിൽ നിന്നു തന്നെയോ? ഭൂമിക്കും വെള്ളത്തിനും മാനത്തിനും കാണാത്തുരുത്തുകൾ ഉണ്ടോ? ചോദ്യങ്ങളുടെ പ്രവാഹം പത്രപ്രവർത്തകനായ ബാലുവിനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. അത് അയാളുടെ ജീവിതത്തെ തന്നെ ബാധിക്കുവാൻ തുടങ്ങി. ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം തേടിയുള്ള അയാളുടെ യാത്രയാണ് 'കാണായ്മ' എന്ന നോവൽ.
സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ നോവലാണ് 'കാണായ്മ'. മാഞ്ഞുകൊണ്ടിരിക്കുന്ന തുരുത്തിൽ നിന്നും മറഞ്ഞു കൊണ്ടിരിക്കുന്ന കുറച്ചു മനുഷ്യരെക്കുറിച്ചുള്ള ഒരു പത്രപ്രവർത്തകന്റെ അന്വേഷണമാണീ നോവൽ. ലിറ്റററി ഫിക്ഷൻ എന്ന ഗണത്തിൽപ്പെടുത്താവുന്ന പുസ്തകം ജീവിതത്തിന്റേയും മരണത്തിന്റേയും ആഴമേറിയ പ്രതലങ്ങളിലൂടെ സഞ്ചരിക്കുന്നു. പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് മനോരമ ബുക്‌സ്.
കഠിനമായ സാഹിത്യ പദങ്ങളോ പ്രയോഗങ്ങളോ ഇല്ലാതെ വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു പോകുന്ന നോവലിനെ ഒരു സാധാരണ വായനക്കാരനുവരെ സമീപിക്കാവുന്ന തരത്തിലാണ് എഴുതിയിട്ടുള്ളത്. തുടർവായനകൾക്കുള്ള സാധ്യതയും പുസ്തകം മുന്നോട്ടുവയ്ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ അല്ലെങ്കിൽ കഥാസന്ദർഭങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെയുള്ള യാത്ര ഓരോ വായനക്കാരന്റെയും നിലവാരമനുസരിച്ച് വ്യത്യസ്തമായിരിക്കും എന്ന് മാത്രം.
പുസ്തകത്തിലുടനീളം പ്രയോഗിച്ചിട്ടുള്ള ബ്ലാക്ക് ഹ്യൂമർ നാട്ടിൻപുറത്തുകാരുടെയും അവിടുത്തെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയുമുള്ള യാത്രയെ വളരെ രസകരമായി തന്നെ മുന്നോട്ടുപോവാൻ സഹായിച്ചിട്ടുണ്ട്. അർത്ഥസമ്പുഷ്ടമായ വാചകങ്ങളും അതിൽ ഒളിപ്പിച്ചുവെച്ച കൊച്ചു കൊച്ചു വിസ്മയങ്ങളും വായനയ്ക്ക് മറ്റൊരു തലം തന്നെ സമ്മാനിക്കുന്നുമുണ്ട്.
"ഉള്ളപ്പം തന്നെ ഇല്ലാത്തവനാണല്ലോ സാധാരണക്കാരൻ"സാധാരണക്കാരന്റെ അസ്തിത്വത്തിന് നേരെയുള്ള വിരൽചൂണ്ടലാണ് പത്രപ്രവർത്തകനായ നടേശപ്പണിക്കരുടെ വാചകം. പ്രാമുഖ്യം വേണ്ടയിടങ്ങളിലെല്ലാം തഴയപ്പെടുന്ന സാധാരണക്കാരനെ വർണ്ണിക്കുവാൻ ഈ വാചകം തന്നെ ധാരാളം.
ശുദ്ധമായ കലയ്ക്കുവേണ്ടി നിലകൊള്ളുന്ന എന്നാൽ കലയെ കച്ചവടമാക്കുന്നതിൽ ഏറെ എതിർപ്പുള്ള പോൾ ഡേവിഡ് എന്ന കഥാപാത്രം പലപ്പോഴും വിക്ടർ ലീനസിനെ ഓർമിപ്പിക്കുന്നു. ഒരുപക്ഷേ വിക്ടറിന്റെ നടപ്പുവഴികൾ തന്നെയാവാം പോളിന്റേതും.
"അവിടെവെച്ചവൻ ആൾക്കൂട്ടം കടലാണെന്നും കൈവിട്ടാൽ വള്ളം മുങ്ങിയതിന് തുല്യമാണെന്നും തിരിച്ചറിഞ്ഞു."കൊടുംതിരക്കിൽ തന്റെ അച്ഛനുമായി വേർപിരിയേണ്ടി വന്ന സ്വാമിക്കണ്ണിന്റെഅവസ്ഥ ചെറിയയൊരു വാചകത്തിൽ മനോഹരമായി പ്രതിഫലിപ്പിച്ചിരിക്കുന്നതു കാണാം.
"കാണാതെ പോയവന്റെ അവസാനത്തെ ചിത്രത്തിൽ നിന്നുപോലും അയാൾ മറഞ്ഞു പോയിരിക്കുന്നു."
കാണാതെ പോയ സുപ്രന്റെ ദ്രവിച്ചു തുടങ്ങിയ ഫോട്ടോയെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെ.
നാട്ടുകാരെ നാവുകൊണ്ട് അരിഞ്ഞ് വീഴ്ത്താൻ മടിക്കാത്ത വള്ളക്കാരൻ ചെല്ലപ്പണ്ണൻ, കഥകളിലൂടെ മനുഷ്യരെ തടവിലാക്കുന്ന ശങ്കുണ്ണിയാശാൻ, ഒരേ ഉടലിൽ ആണായും പെണ്ണായും പകർന്നാടുന്ന സുന്ദരി, വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് പ്രവചനം നടത്തി അപ്രത്യക്ഷമാകന്ന അജ്ഞാത യുവതി തുടങ്ങി മനസ്സിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ നോവലിന് ശക്തി പകരുന്നു. ഗ്രാമാന്തരീക്ഷത്തിൽ ആരംഭിച്ച കഥ പിന്നീട് നഗരത്തിലേക്ക് പറിച്ചു നടുമ്പോഴും അതിന്റെ വശ്യത തെല്ലും ചോർന്നു പോകാതെ മുന്നോട്ടുകൊണ്ടുപോകുവാൻ പി എഫ് മാത്യൂസിനെ കഴിഞ്ഞിട്ടുണ്ട്
ഉപേക്ഷിച്ച സ്വന്തം അമ്മയുടെ തിരോധാനത്തിന്റെ പേരിൽ പത്രക്കാർക്കും പൊലീസുകാർക്കും യാതൊരു പണവും ചിലവാക്കാത്ത കുഞ്ഞൂഞ്ഞിന്റെ മനോനിലയെ വരച്ചുകാട്ടുന്നത് ഇപ്രകാരം."പാഴ്വസ്തുക്കളിൽ പണം കളയാൻ ജന്മനാ കച്ചവടക്കാരനായ അയാൾ അന്നും ഇന്നും തയ്യാറല്ല."
"വീടിന്റെ ചുമരുകളാകമാനം പല്ലിക്കാട്ടത്തിന്റെ അമൂർത്ത ചിത്രങ്ങൾ. ഈർപ്പവും ചിതലും ചേർന്ന് ശില്പവേല ചെയ്ത മരസാമാനങ്ങൾ. കറുത്ത എറുമ്പുകൾ ചലിക്കുന്ന ചിത്രപടമായി മാറിയ തിണ്ണ. മേൽക്കൂരയിൽ മൂങ്ങകളുടെ തപസ്സ്. മുറ്റത്തെ ചെടികൾ വളർന്നു നീണ്ട് വീടിനകത്തേക്ക് കയറുന്നു." കുറച്ചുനാൾ അനാഥമായി കിടന്ന വീടിനെക്കുറിച്ച് വായനക്കാരന് വ്യക്തമായി ചിത്രം ലഭിക്കുന്നു.
വാർത്തകൾ സൃഷ്ടിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങളെ പരിഹസിക്കുവാനും എഴുത്തുകാരൻ മടിക്കുന്നില്ല. പത്രപ്രവർത്തകരായ കോമയും കൈപ്പാടനും പകർന്ന് നൽകിയ ന്യൂസ് മേക്കിങ്ങിന്റെ പാഠങ്ങളും വിപണനതന്ത്രങ്ങളും നമ്മെ ആസ്വദിപ്പിക്കുന്നതിനോടൊപ്പം ആലോചനയിലാഴ്ത്തുകയും ചെയ്യുന്നു.
റൈറ്റേഴ്സ് ബ്ലോക്ക് ബാധിച്ച് ഒന്നും എഴുതാനാവാതെ നിൽക്കുന്ന ബാലുവിന് പോൾ ഡേവിഡ് നൽകുന്ന ഉപദേശം നമുക്കും കൂടിയുള്ളളതാണെന്ന് തോന്നാം.
"മൂടും നോക്കിയിരുന്നേച്ചെങ്കിൽ ദസ്തയെവ്സ്കി ഒരൊറ്റ നോവലും എഴുതൂല്ലായിരുന്നു... കടം കേറി ആത്മഹത്യ ചെയ്തേനെ."
"ദാ, നീയിപ്പം അനുഭവിക്കണ പോലെയുള്ള സിറ്റുവേഷനിൽ ടോം വുൾഫ് എന്താ ചെയ്തെന്നറിയാമോ? അരമണിക്കൂർ കുത്തിയിരുന്നങ്ങ് എഴുതി. എന്താണ് വേണ്ടതെന്ന് അറിയാണ്ടുള്ള എഴുത്ത്. എഴുത്ത് അങ്ങനെ നീണ്ടപ്പോ അയാള് മൂഡിലെത്തി. അവിടുന്നങ്ങോട്ട് കക്ഷി ശരിക്കുള്ള നോവലിലേക്ക് കയറി."
പണമില്ലാത്തതിന്റെ പേരിൽ അമ്മയുടെ ശവമടക്കിന് കല്ലറ ലഭിക്കാത്തതിനാൽ കുഴികുത്തി മൂടേണ്ടിവന്ന മരപ്പാഴ് മരിച്ചവർക്കിടയിൽ തുല്യത നടപ്പാക്കുവാൻ ശ്രമിക്കുന്നു. അതിന് അയാൾ കണ്ടെത്തിയ മാർഗം, ജോലിക്ക് പുറമേ അയാൾ കണ്ടെത്തുന്ന സൈഡ് ബിസിനസ്, ഏറെ നിഗൂഢത നിറഞ്ഞ അയാളുടെ ജീവിതം - ഒട്ടേറെ വിസ്മയങ്ങൾ കരുതിവെച്ചിട്ടുള്ള 'കാണായ്മ'യുടെ ആഴവും പരപ്പും തിരിച്ചറിയണമെങ്കിൽ അനുഭവിക്കുകയല്ലാതെ മറ്റു വഴികളില്ല.
എക്കാലവും തന്റേതായ രചനാവഴികളിലൂടെ വേറിട്ട സഞ്ചാരങ്ങൾ ശീലമാക്കിയ പി.എഫ്. മാത്യൂസിന്റെ നോവൽ അടിസ്ഥാനപരമായി സംസാരിക്കുന്നത് മനുഷ്യരുടെ കാണായ്മകളെക്കുറിച്ചും അവ മനുഷ്യമനസ്സിൽ ഉണ്ടാക്കുന്ന മുറിവുകളെക്കുറിച്ചും അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ്. മനസ്സിലേറെ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ - അവ സൃഷ്ടിക്കുന്ന ഓളങ്ങൾക്കൊപ്പം മികച്ച ആസ്വാദനവും ചിന്തിക്കാനുള്ള ഒരു സ്പേസും കൂടി വായനക്കാർക്ക് ലഭിക്കുന്നുണ്ട്.
വായന കഴിഞ്ഞ് അവസാന താളും മടക്കുമ്പോൾ, പുസ്തകം അവശേഷിപ്പിച്ച അസ്വസ്ഥതകൾക്കൊപ്പം നമ്മുടെ ജീവിതത്തിലെ ചില കാണായ്മകളെക്കുറിച്ചുമോർത്തേക്കാം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നമ്മുടെ ജീവിതത്തിൽ നിന്ന് ഒരടയാളവും ശേഷിപ്പിക്കാതെ മറഞ്ഞവർ... അവരെക്കുറിച്ചുള്ള ചിന്തകൾ നമ്മെ മറ്റൊരു ബാലുവാക്കി മാറ്റിയേക്കാം..അതൊരുപക്ഷേ മറ്റൊരന്വേഷണത്തിന്റെ തുടക്കവുമായേക്കാം.
ബാലുവിന്റെ ജീവിതത്തിൽ എന്ന പോലെ നമ്മുടെ ജീവിതത്തിലെ മറ്റു ചിലരുടെ കാണായ്മകളിൽ നാമും ഉൾപ്പെട്ടേക്കാം. അതൊരു സുഹൃത്താകാം അല്ലെങ്കിൽ സഹപാഠിയോ നാട്ടുകാരനോ കൂടെ ജോലി ചെയ്തിരുന്നയാളോ... ആരുമാകാം. അവരിപ്പോഴും നമ്മെ അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ടാവാം. അങ്ങനെ നോക്കുമ്പോൾ കാണയ്മകൾക്ക് പര്യാവസാനമില്ല. അതൊരു തുടർച്ചയാണ്... നാം അതിലൊരു കണ്ണി മാത്രം!
പി.എഫ്. മാത്യൂസ്
മനോരമ ബുക്‌സ്
വില: 360 രൂപ
('കാണായ്മ' ഓർഡർ ചെയ്യാനായി www.manoramabooks.com സന്ദർശിക്കുക. മലയാള മനോരമ യൂണിറ്റ് ഓഫീസുകൾ, മനോരമ ഏജന്റസ്, എന്നിവിടങ്ങളിലും 8281765432 നമ്പറിൽ വാട്സാപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.)