ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആയുസ്സിന്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ തന്റെ പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണറുകൾ സ്നേഹത്തോടെ നോക്കിനിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി. റാണീ, ഞാൻ നിങ്ങളുടെ ചെങ്കോൽ. നക്ഷത്രങ്ങൾ നിറഞ്ഞ എന്റെ ആകാശം നിങ്ങളുടെ കിരീടവും. സ്വീകരിച്ചാലും.

കിരീടവും ചെങ്കോലും അദൃശ്യമായെടുത്തണിഞ്ഞ്, നിഗൂഢമായൊരു പുഞ്ചിരിയോടെ, റാണി എവിടെയെന്നറിയാത്ത സിംഹാസനങ്ങളിലേക്ക് നടന്നുപോയി.

മരണത്തിന്റെ നിഴൽ വീണിട്ടുണ്ട് അമ്ലത്തിലെ കഥകളിൽ. ആശുപത്രി മണം. ആസിഡ് വീണ പുകച്ചിൽ.പ്രണയം ആഴത്തിൽ മുറിവേൽപിച്ച ശരീരങ്ങൾ.ആർക്കുമാർക്കും സന്തോഷം പകരാത്ത വിഫല പ്രതികാരങ്ങൾ. ചതഞ്ഞരഞ്ഞ ഹൃദയങ്ങൾ. വാക്കുകൾ വർണച്ചിറകുകൾ ഉദാരതയോടെ സമ്മാനിച്ചിട്ടും പാഴായ പ്രണയവും ഒരു നിശ്വാസത്തിനു പോലും കെൽപില്ലാത്ത ശരീരവും ബാക്കിയാകുന്നു. അടിച്ചേൽപിച്ച മറകളിൽ നിന്ന് അപൂർവമായി മാത്രമാണ് സ്നേഹം പുറത്തേക്കിറങ്ങുന്നത്. ബന്ധങ്ങളുടെ ശുദ്ധവായു ശ്വസിക്കുന്നത്. അതും അനുവദിച്ചുകിട്ടിയ അൽപമാത്രകളിൽ മാത്രം.

പ്രണയത്തിന്റെ പരുക്കേറ്റവരാണ് അമ്ലത്തിലെ 11 കഥകളിലെയും നായകർ. സ്വാഭാവികമായും കാമുകിമാർ. ഒരർഥത്തിൽ അറിഞ്ഞുകൊണ്ട് വ‍ഞ്ചനയിലേക്ക് കഴുത്ത് നീട്ടിക്കൊടുത്തവരാണ് അവർ. എല്ലാം സഹിക്കുമ്പോഴും ഇരുട്ടിനുശേഷം വരുന്ന വെളിച്ചത്തിലേക്ക് ഉണരാൻ കൊതിച്ചവർ. അവരുടെ വിഫല ദിനങ്ങളിലൂടെ ദുരന്തങ്ങളുടെ ഘോഷയാത്ര അവസാനമില്ലാതെ കടന്നുപോകുന്നു.

ആഹ്ളാദം പകരുന്ന ഒരേയൊരു കഥ മറയിൽപ്പോലും യാഥാസ്ഥിതിക ചിട്ടവട്ടങ്ങളുള്ള പ്രണയമല്ല രക്ഷയുടെ വാതിൽ തുറക്കുന്നത്. അവനേക്കാൾ, അവന്റെ കരുതലിനേക്കാൾ,ഹൃദയത്തെ മത്ത് പിടിപ്പിക്കുന്നത് അവന്റെ സഖിയുടെ നിസ്വാർഥതയാണ്. അവളും പ്രണയത്തിന്റെ വിഷം തീണ്ടി അന്ധയായിരുന്നെങ്കിൽ ഒരു  മറയിൽ നിന്ന്

ഹമീദയ്ക്ക് ഒരിക്കലും മോചനം ലഭിക്കുമായിരുന്നില്ല.

രമ്യ പതുക്കെ അവളെ തിരിച്ച് മുറിയിലേക്ക് കയറ്റി. തലമുടി ചീകിക്കെട്ടി, അലമാര തുറന്ന് ഒരു തട്ടമെടുത്ത് തലയിൽ ചുറ്റി, മേശവലിപ്പ് തുറന്ന് സുറുമയെടുത്ത് കണ്ണിലും ഇട്ടു. ഒരു കൊച്ചുപെൺകുട്ടിയെപ്പോലെ ഹമീദ വഴങ്ങി. ഹമീദയെ ചേർത്തുപിടിച്ചാണ് രമ്യ പുറത്തേക്കു വരുന്നത്.

ചേർത്തുപിടിച്ചത് കാമുകനായിരുന്നെങ്കിൽ...എന്ന ആഗ്രഹം പോലും അത്യാഗ്രഹം ആണെന്ന് ബോധ്യപ്പെടുത്തുന്നു പല കഥകളും. കാമുകിയുടെ പ്രേതം കയറിയ മകളെപ്പോലും കിണറ്റിലേക്ക് തള്ളിയിടുന്ന പിതാവും സമർപ്പണത്തിന്റെ ദേവിമാരെ ചങ്ങലയ്ക്കിടുന്ന കാമുകൻമാരും അത് ആവർത്തിച്ച് ഉറപ്പിക്കുന്നു.

ശരീരത്തിൽ ആസിഡ് വീണും ആത്മാവിൽ ചതിയുടെ വിഷം വീണും പൊള്ളി ജീവിതം നഷ്ടമായ നിരന്തര കാമുകിമാരുടെ വികാരാവേശം തുടിച്ചുനിൽക്കുന്നതൊഴിച്ചാൽ പറക്കാൻ വെമ്പുന്ന ഈ കഥകൾ ഇഴയുക മാത്രമാണ്. മണ്ണിൽ നിന്ന് മണ്ണിലേക്ക്. ആകാശം അകലെ.

അമ്ലം

സിതാര എസ്

ഡിസി ബുക്സ്

വില 199 രൂപ

English Summary:

Amlam by Sithara S Book Review

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com