ബസ് ഡ്രൈവർ തളർന്നുവീണു; യാത്രക്കാരൻ ബസ് ഓടിച്ച് ആശുപത്രിയിലെത്തിച്ചു

Mail This Article
നെടുമ്പാശേരി ∙ യാത്രയ്ക്കിടെ തളർന്ന കെഎസ്ആർടിസി ഡ്രൈവർക്ക് വാഹനം റോഡരികിൽ ഒതുക്കി നിർത്താനായത് 56 യാത്രക്കാരുടെ ജീവന് തുണയായി. ബസിൽ സഞ്ചരിച്ചിരുന്നവരിലൊരാൾ ബസ് ഓടിച്ച് ഡ്രൈവറെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചത് ഡ്രൈവർക്കും രക്ഷയായി. ഒരു നന്ദി വാക്കു കേൾക്കാൻപോലും കാത്തുനിൽക്കാതെ അദ്ദേഹവും മറ്റു യാത്രക്കാരോടൊപ്പം ആശുപത്രിയിൽ നിന്നു പോയി.
ഇരിങ്ങാലക്കുട ഡിപ്പോയിലെ മുണ്ടക്കയം–തൃശൂർ–എറണാകുളം റൂട്ടിൽ ഓടുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ ഡ്രൈവർ ഇന്നലെ വൈകിട്ട് അഞ്ചരയോടെ നെടുമ്പാശേരി കരിയാട് കവലയ്ക്ക് സമീപമാണു തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് പണിപ്പെട്ട് നിർത്തിയത്.ഡ്രൈവറെ ആശുപത്രിയിലെത്തിക്കാൻ വാഹനം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ബസിലുണ്ടായിരുന്ന, ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ള യാത്രക്കാരൻ ബസ് ഓടിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ദേശം സിഎ ആശുപത്രിയിൽ ബസെത്തിച്ച് ഡ്രൈവറെ പ്രവേശിപ്പിച്ചു. പനിയും ഉയർന്ന രക്തസമ്മർദവും ഷുഗർനില താഴ്ന്നതുമായിരുന്നു ഡ്രൈവറുടെ തളർച്ചയ്ക്കു കാരണം. യാത്രക്കാർ മറ്റു ബസുകളിൽ പോയതിനോടൊപ്പം ബസ് ഓടിച്ച യാത്രക്കാരനും പോവുകയായിരുന്നു.