തലകറക്കം, ഓക്കാനം, ബാലന്‍സ് ഇല്ലായ്മ: വെര്‍ട്ടിഗോ ആണോ എന്ന് തിരിച്ചറിയാം

Mail This Article
വെറുതെ ഒരു കുഴപ്പവുമില്ലാതെ നില്‍ക്കുകയായിരിക്കും. അപ്പോഴാണ് പെട്ടെന്ന് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നത് പോലെ അനുഭവപ്പെടുക. കുറച്ച് കഴിയുമ്പോള്‍ ഈ തലകറക്കം വന്ന പോലെ അങ്ങ് പോകും. എന്നാല്‍ ചിലപ്പോള്‍ ഈ കറക്കം തുടര്‍ന്നു കൊണ്ടേയിരിക്കും. ഒന്ന് കിടക്കാമെന്ന് വിചാരിച്ചാലും ഇത് തുടരുക മാത്രമല്ല ഒപ്പം ഓക്കാനവും ഛര്‍ദ്ദിയും വരും. ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വെര്‍ട്ടിഗോ മൂലമാകാമെന്ന് ആരോഗ്യ വിദഗധര്‍ പറയുന്നു. വണ്ടികളിലോ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകളിലോ പോകുമ്പോള്‍ തോന്നുന്ന തലകറക്കവും ഓക്കാനവും ഛര്‍ദ്ദിയും മാത്രമല്ല വെര്‍ട്ടിഗോയുടെ ലക്ഷണങ്ങള്‍. നിരന്തരമായ തലവേദന, ചെവിയില്‍ മുഴക്കം, അനിയന്ത്രിമായ കണ്ണിന്റെ ചലനങ്ങള്‍, ചെവിയില്‍ എന്തോ നിറഞ്ഞിരിക്കുന്നത് പോലുള്ള തോന്നല്‍ എന്നിവയും വെര്‍ട്ടിഗോ മൂലം വരാം.
വെര്‍ട്ടിഗോയെ ഉയരത്തോടുള്ള ഭയമായ അക്രോഫോബിയയുമായി തെറ്റിദ്ധരിക്കരുത്. തലച്ചോറിലോ മധ്യ നാഡീവ്യൂഹ സംവിധാനത്തിലോ ചെവിയുടെ ഉള്ളിലോ ഉള്ള ചില അസ്വസ്ഥതകള്‍ ശരീരത്തിന്റെ ബാലന്‍സിനെയും ഏകോപനത്തിനെയും ബാധിക്കുന്നതാണ് വെര്‍ട്ടിഗോയ്‌ക്ക് കാരണമാകുന്നത്. നമ്മുടെ ശരീരത്തിന്റെ ഉള്ളിലുള്ള ബാലന്‍സ് സംവിധാനം ചെവിക്കുള്ളിലെ ചെറു ഘടകങ്ങള്‍ ചലനത്തെയും സ്ഥാനത്തെയും സംബന്ധിച്ച് തലച്ചോറിലേക്ക് അയക്കുന്ന സന്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഈ സംവിധാനത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വെര്‍ട്ടിഗോയ്‌ക്ക് കാരണമാകുന്നു. ഇതിന് ഉയരവുമായി ബന്ധമില്ല. എവിടെ വച്ച് വേണമെങ്കിലും ഇത് സംഭവിക്കാം.
നേരെ മറിച്ച് ഉയരത്തില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഉണ്ടാകുന്ന ഭയവും തലകറക്കവും നിയന്ത്രണമില്ലായ്‌മയുമാണ് അക്രോഫോബിയ. കനാലിത്തുകള്‍ എന്ന ചെറു കാല്‍സ്യം കണികകള്‍ ചെവിക്കുള്ളിലെ സെമിസര്‍ക്കുലര്‍ കനാലുകളിലേക്ക് എത്തുന്നത് ബാലന്‍സ് സംബന്ധിച്ച സന്ദേശങ്ങളെ ബാധിക്കുന്നത് വെര്‍ട്ടിഗോയ്‌ക്ക് കാരണമാകാം. ചെവിക്കുള്ളില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതും വെര്‍ട്ടിഗോ, കേള്‍വിക്കുറവ്, ചെവിയിലെ മുഴക്കം എന്നിവയിലേക്ക് നയിക്കാം. ചെവിക്കുള്ളിലെ വൈറല്‍ അണുബാധകള്‍, മൈഗ്രേന്‍ എന്നിവയും വെര്‍ട്ടിഗോയ്‌ക്ക് പിന്നിലുണ്ടാകാം. മള്‍ട്ടിപ്പിള്‍ സ്‌ക്‌ളിറോസിസ്, പക്ഷാഘാതം, തലച്ചോറിലെ മുഴകള്‍ എന്നിവ സെറിബെല്ലത്തിനെ ബാധിക്കുന്നതും വെര്‍ട്ടിഗോയിലേക്ക് നയിക്കാറുണ്ട്.
എന്ത് കൊണ്ടാണ് വെര്‍ട്ടിഗോ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചികിത്സ പദ്ധതി നിര്‍ണ്ണയിക്കാനാകൂ എന്ന് പുണെ മണിപ്പാല്‍ ഹോസ്‌പിറ്റലിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. ഭൂഷണ്‍ ജോഷി ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഭൂരിപക്ഷം കേസുകളിലും ഏതാനും ആഴ്‌ചകളിലെ തെറാപ്പിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി വെര്‍ട്ടിഗോ വരുന്നവര്‍ക്ക് ജീവിതശൈലി മാറ്റങ്ങളും തുടര്‍ച്ചയായ ചികിത്സയും വേണ്ടി വന്നേക്കാം.