‘ഇലയിൽ എന്തോ പൊതിഞ്ഞു കൊണ്ടുവന്നു തന്നു’; പ്രവാസിയുടെ സ്നേഹസൗഹൃദം

Mail This Article
സമ്മാനം ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. സമ്മാനവും ഇഷ്ടവും തമ്മിൽ നല്ല ബന്ധമുണ്ട്. ഒരു അനുഭവം പറയാം. ചെറുപ്പകാലത്ത് ഞാൻ അടുത്തില സ്കൂളിന് പുറകിലെ അച്ഛന്റെ വീട്ടിലായിരുന്നു താമസം. അതിന്റെ മുന്നിലാണ് പിന്നെ അച്ഛൻ സ്വന്തം വീടുകെട്ടി ചെറുതാഴത്തെ വീട് വിറ്റ് തിരിച്ച് അടുത്തിലയെത്തിയത്. ഉണക്കയിലകൾ വീണു നിറഞ്ഞ വീട്ടുപറമ്പ് കടന്നാൽ തൊട്ടപ്പുറത്ത് അയൽവാസികളായ മറിയുമ്മയുടെയും കുടുംബത്തിന്റെയും വീട്. അവിടെ അബ്ദുള്ളയും ഹസ്സനും. ഒരേ കാലം സ്കൂളിൽ ഒന്നിച്ചു പഠിച്ചവർ എന്നതിൽ കവിഞ്ഞ അടുപ്പമൊന്നുമില്ലായിരുന്നു ഞങ്ങൾ തമ്മിൽ. ഇഷ്ടം ഇഷ്ടക്കേട് എന്നൊന്നും പറയാനില്ല എന്ന് ചുരുക്കം.
അബ്ദുള്ള എപ്പോഴോ ഗൾഫിൽ പോയി. പിന്നൊരിക്കൽ നാട്ടിൽ വന്നപ്പോൾ മറിയുമ്മ ഒരു ഇലയിൽ എന്തോ പൊതിഞ്ഞു കൊണ്ടുവന്നു തന്നു. മകന്റെ വക ഒരു സമ്മാനം. ഒരു കാസറ്റ്. വെസ്റ്റേൺ മ്യൂസിക്. അക്കാലത്ത് ടേപ്പ് റിക്കോർഡർ ആയിരുന്നു ഇഷ്ടമുള്ള പാട്ടുകൾ നമ്മളെ കേൾപ്പിച്ചു കൊണ്ടിരുന്നത്.

എനിക്ക് ജീവിതത്തിൽ ആദ്യമായി അബ്ദുള്ളയോടും മറിയുമ്മയോടും ഇഷ്ടം തോന്നി. സമ്മാനം കിട്ടുമ്പോൾ സമ്മാനം തരുന്നവരോട് നമുക്ക് ഇഷ്ടം വരും. ബഹുമാനം കൂടും. ആളോട് മാത്രമല്ല, ആളിന്റെ കുടുംബത്തോടും. മുന്നെ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ലെങ്കിലും ഇനി എപ്പോഴാണ് അബ്ദുള്ള വീണ്ടും വരിക എന്ന് വരെ ഞാൻ ആദ്യമായി ചിന്തിച്ചു!
കാരണം നല്ല മ്യൂസിക്.അടുത്ത വരവിൽ അബ്ദുള്ള സമ്മാനമായി ഒന്നും തന്നില്ല. ഞാൻ അതിബുദ്ധിമാൻ ഇത്തവണ പുതിയ രണ്ടു ഇലപ്പൊതികളാണ് പ്രതീക്ഷിച്ചത്. എന്റെ ഇഷ്ടം പോകുകയും ചെയ്തു. ഒന്നു മാത്രം തന്നിരുന്നെങ്കിലും എനിക്ക് ഇത്തവണ നല്ല തൃപ്തി വരില്ലായിരുന്നു.
കാലം കുറെ കഴിഞ്ഞപ്പോൾ, ഇങ്ങനെയൊന്നും ചെറുപ്പത്തിൽ പ്രതീക്ഷിച്ചല്ലെങ്കിലും ഞാനും അബ്ദുള്ളയെപ്പോലെ പ്രവാസിയായി.പലതും അടുത്തവർക്ക് സമ്മാനം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ആദ്യകാലമൊക്കെ അന്വേഷിക്കാനും എപ്പോഴാണ് ഇനി വരിക എന്ന് ചോദിക്കാനും ഫോൺ വിളിക്കാനുമൊക്കെ ഇഷ്ടം പോലെ ആളുകളുണ്ടായിരുന്നു.
അടുത്ത തവണ തിരക്കിൽ വരും പോവും എന്നൊക്കെയായി, അബ്ദുള്ളയെപ്പോലെ വീണ്ടും അവന് എന്റെ വക സമ്മാനം കൊടുക്കണം എന്ന ആശയം മനസ്സിൽ വന്നതു പോലുമില്ല. ഞാൻ അബ്ദുള്ളയെ ആലോചിക്കുന്നത് നിർത്തിയ പോലെ എന്നെക്കുറിച്ചാലോചിക്കുകയോ കാണാൻ വരികയോ ചെയ്യുന്നത് അവരും നിർത്തി.
ജസ്റ്റ് എ നോർമൽ തിങ്. ആരെയും കുറ്റം പറയുകയല്ല. ദ വേ ഹ്യൂമൻ മൈൻഡ് വർക്സ് ആൻഡ് ബിഹേവ്സ് ഐ ഗസ്. അബ്ദുള്ളയെ ഇപ്പോൾ എനിക്ക് വീണ്ടും ഇഷ്ടം. അബ്ദുള്ള ഇലയിൽ പൊതിഞ്ഞു തന്ന ആ സ്നേഹം അത് അപൂർവം! അത്രയ്ക്ക് അടുപ്പം തന്നെ ഞങ്ങൾ തമ്മിലുണ്ടായിരുന്നതായി ഓർമയില്ല. എന്നിട്ടും ആ ഒരു വരവിൽ അബ്ദുള്ള എന്നെ ഓർമിച്ചു.
അങ്ങനെ ചിന്തിക്കുമ്പോൾ, സമ്മാനം എന്നത് സ്നേഹവും ശ്രദ്ധയും അടുപ്പവും പ്രകടിപ്പിക്കാനുള്ള ഒരു ഉപകരണം മാത്രമാണ് എന്ന ചിന്ത എന്നെ പിന്നെയും ദുഃഖിപ്പിക്കുകയായി. അബ്ദുള്ള ഇലയിൽ പൊതിഞ്ഞു തന്നത് മ്യൂസിക് അല്ല, സ്നേഹമായിരുന്നു!
എന്റെ ഒരു പഴയ കഥയിൽ ഒരു അമ്മയുടെ തേങ്ങൽ എഴുതിയത് ഓർക്കുന്നു, അതോ ഇത് എന്റെ വല്യമ്മ എന്നോട് പറഞ്ഞതോ? “ഒരു മിഠായി മാത്രേ ഓൻ തന്നുള്ളൂ ല്ലേ? എന്നാലെന്താ, ഓനെന്നെ ഓർമിച്ചല്ലോ. അതു മതി എനിക്ക് ഇനി ഒരു കൊല്ലം കൂടി ജീവിക്കാൻ.”
ഞാനെന്തു കൊണ്ട് കഴിഞ്ഞ കുറേക്കാലം അത് ആരോടും പ്രകടിപ്പിച്ചില്ല? നാട്ടിലെല്ലാവരെയും ഒരുപാട് ഇഷ്ടമുണ്ടായിട്ടും.അറിഞ്ഞുകൂട.
ജീവിതത്തിന്റെ ഗതിവിഗതികളും നിർത്താത്ത ഓട്ടവും നിലനിൽപ്പിനു വേണ്ടിയുള്ള നിരന്തര യുദ്ധവും എന്ന് എന്റെ ആരും പറഞ്ഞാൽ വിശ്വസിക്കാത്ത ആ തിയറി എന്റെ ഒരേ ഒരു എക്സ്ക്യൂസ്!
തിയറിയുടെ പ്രൂഫ് മനസ്സിലാകണമെങ്കിൽ നിങ്ങൾ കണ്ണാടിയിൽ നോക്കിയാൽ എന്നെ കാണണം!