അബുദാബിയിൽ പൊതുഗതാഗതം ഹിറ്റ്; 9 കോടി പിന്നിട്ട് ബസ് യാത്രക്കാർ

Mail This Article
അബുദാബി ∙ തലസ്ഥാന നഗരിയിൽ പൊതുഗതാഗത സേവനത്തിന് പ്രിയമേറുന്നു. 2024ൽ അബുദാബിയിൽ ബസ് യാത്ര ചെയ്തവരുടെ എണ്ണം 9 കോടി കവിഞ്ഞു. 1.68 ലക്ഷം പേർ ജലഗതാഗതവും ഉപയോഗപ്പെടുത്തി. കഴിഞ്ഞ വർഷം അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 2.8 കോടി കവിഞ്ഞതായും സൂചിപ്പിച്ചു.
പാസഞ്ചർ ഡ്രോൺ പരീക്ഷണത്തിലൂടെ വ്യോമഗതാഗതത്തിൽ സുപ്രധാന ചുവടുവയ്പ് നടത്താനും അബുദാബിക്കു സാധിച്ചു. 350 കിലോ വരെ പേലോഡുമായി 250 കിലോമീറ്ററിലധികം പറക്കാൻ കഴിവുള്ള 5 സീറ്റുള്ള ഡ്രോണും 20 മിനിറ്റുകൊണ്ട് 35 കിലോമീറ്റർ വരെ ദൂരം പിന്നിടുന്ന രണ്ട് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ചെറിയ ഡ്രോണുകളുടെയും പരീക്ഷണ പറക്കലാണ് അബുദാബി നടത്തിയത്.