ലൂയിസ് എൻറിക്വെയ്ക്കു കീഴിൽ അജയ്യരായി പിഎസ്ജി; ഒരു കളിപോലും തോൽക്കാതെ ഫ്രഞ്ച് ലീഗ് കിരീടനേട്ടം!

Mail This Article
പാരിസ് ∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കൊപ്പമുള്ള ആദ്യ ലക്ഷ്യം സ്പാനിഷ് കോച്ച് ലൂയിസ് എൻറിക്വെ കൈവരിച്ചു കഴിഞ്ഞു– അജയ്യരായി ഫ്രഞ്ച് ലീഗ് വൺ ഫുട്ബോൾ കിരീടം. സീസണിൽ 6 മത്സരങ്ങൾ ശേഷിക്കെയാണ് തോൽവിയറിയാതെ പാരിസ് ക്ലബ് കിരീടം ഉറപ്പാക്കിയത്. ഇന്നലെ ഓഷെയോട് 1–0നു ജയിച്ചതോടെ പിഎസ്ജിക്ക് 28 കളികളിൽ 74 പോയിന്റായി.
28 കളികളിൽ 50 പോയിന്റുള്ള മോണക്കോയ്ക്കോ 27 കളികളിൽ 49 പോയിന്റുള്ള മാഴ്സൈയ്ക്കോ ഇനി പിഎസ്ജിയെ മറികടക്കാനാവില്ല. സീസണിൽ 28 കളികളിൽ ഇരുപത്തിമൂന്നും ജയിച്ച പിഎസ്ജി ഒന്നു പോലും പരാജയപ്പെട്ടില്ല. 5 കളികളിൽ സമനില. 80 ഗോളുകൾ അടിച്ചപ്പോൾ വഴങ്ങിയത് 26 മാത്രം. ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ 13–ാം കിരീടമാണിത്. തുടരെ നാലാമത്തേതും.
2017ൽ മോണക്കോയും 2021ൽ ലീലും മാത്രമാണ് സമീപകാലത്ത് പിഎസ്ജിയെ മറികടന്ന് ഫ്രഞ്ച് ലീഗ് ജേതാക്കളായത്. ഉടമകളായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് നൽകുന്ന സാമ്പത്തിക ഭദ്രതയിൽ ഫ്രാൻസിൽ എതിരാളികളില്ലാതെ മുന്നേറുന്ന പിഎസ്ജിയുടെ ഇനിയുള്ള വലിയ ലക്ഷ്യം യൂറോപ്യൻ ചാംപ്യൻഷിപ്പായ യുവേഫ ചാംപ്യൻസ് ലീഗിലെ കിരീടവിജയമാണ്. ബുധനാഴ്ച ക്വാർട്ടർ ഫൈനലിൽ ഇംഗ്ലിഷ് ക്ലബ് ആസ്റ്റൻ വില്ലയാണ് പിഎസ്ജിയുടെ എതിരാളികൾ.
ഫ്രഞ്ച് സൂപ്പർ കപ്പ് നേരത്തേ നേടിയ പിഎസ്ജിക്ക് മേയ് 24ന് റാൻസിനെതിരെ ഫ്രഞ്ച് കപ്പ് ഫൈനലുമുണ്ട്.