'തനിയെ താമസിക്കണം എന്ന നിന്റെ നിർബന്ധം കൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റിലേക്ക് മാറിയതു തന്നെ, എന്നിട്ടും...'

Mail This Article
ഇവിടെയും എവിടെയും തോറ്റുകൊണ്ടിരിക്കുക എന്നതാണ് തന്റെ കർമ്മഫലം. താൻ അത്ര നീചനാണോ? അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കാറില്ല. സഹതപിക്കാറേ ഉള്ളൂ. അവർക്കത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന്. നിനക്ക് എന്നോടുള്ള ചേതോവികാരം എന്താണെന്ന് വേർതിരിച്ചെടുക്കാൻ ഞാൻ പലപ്പോഴും പരാജയപ്പെടാറുണ്ട്. അത് ഒരുപക്ഷേ നമുക്കിടയിൽ അറിഞ്ഞും അറിയാതെയും വളരുന്ന അകൽച്ചയുടെ ദൂരമാകാം. വളരെ പെട്ടെന്ന് പറഞ്ഞുതീരുന്നതാണോ, അല്ലെങ്കിൽ അനുഭവിച്ചു തീരുന്നതാണോ മനുഷ്യ മനസ്സുകളിലെ പ്രണയം. അല്ലെങ്കിൽ പ്രണയത്തെ ജീവിതത്തിലെ മറ്റു പ്രശ്നങ്ങൾ അധിനിവേശം നടത്തി കീഴടക്കുന്നതാണോ. നമുക്കിടയിൽ എന്തുകൊണ്ട് മറ്റുള്ളവരുടെ വിഷയങ്ങൾ നമ്മളെക്കാൾ ചർച്ചാവിഷയങ്ങൾ ആകുന്നു. നമ്മുടെ സമയവും ഊർജവും സമാധാനവും എന്തിന് മറ്റുള്ളവരെക്കുറിച്ച് ചർച്ച ചെയ്തു നശിപ്പിക്കുന്നു.
നമ്മൾ തനിയെ താമസിക്കണം എന്ന നിന്റെ നിർബന്ധം കൊണ്ടാണ് നഗരത്തിലെ ഫ്ലാറ്റിലേക്ക് മാറിയത് തന്നെ. എങ്കിലും ഇവിടെയിരുന്നു നീ ദൂരദർശിനി ഉപയോഗിച്ചെന്നപോലെ നാട്ടിലുള്ളവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നു, നമ്മൾ എന്നും ചർച്ച ചെയ്യുന്നു. ഇതിലും ഭേദം അവിടെ എല്ലാവരോടും ഒപ്പം നിൽക്കുന്നതായിരുന്നു. ഒരുപക്ഷേ എന്താണ് സത്യാവസ്ഥ എന്ന് നമുക്ക് നേരിട്ടറിയാമായിരുന്നു. മറ്റുള്ളവർ തമ്മിൽ അകൽച്ചയുണ്ടോ, അടുപ്പക്കുറവുണ്ടോ ഇതന്വേഷിക്കലാണോ നമ്മുടെ ജോലി? അവർ അവരുടെ ജീവിതം ജീവിക്കട്ടെ, നമുക്ക് നമ്മുടെ ജീവിതവും ജീവിക്കാം. നാം നമുക്കിടയിൽ സൃഷ്ടിക്കുന്നത് അനാവശ്യ ചർച്ചകൾ ആണ്. അതെല്ലാം വേണോ വേണ്ടയോ എന്ന ഒറ്റ വാക്കിലുള്ള ഉത്തരങ്ങളിൽ ഒതുക്കേണ്ട സംഭാഷണങ്ങൾ ആണ്. മറ്റുള്ളവരെ ഇഴകീറി പരിശോധിക്കുമ്പോൾ, നാം നമ്മുടെ മനസ്സുകൾ കൂടുതൽ കൂടുതൽ തുരന്നു വികൃതമാക്കുകയാണ്.
സത്യത്തിൽ നാമെല്ലാം വികൃതജീവികൾ ആണ്. കൂടുതൽ ഉള്ളിലേക്ക് ഒതുക്കിവെക്കുക എന്നതാണ് അഭികാമ്യം. മറ്റുള്ളവരെ കുറിച്ച് ചർച്ച ചെയ്തു, സ്വയം വലിച്ചു പുറത്തിടുന്ന വൈകൃതങ്ങളിൽ ചിലപ്പോൾ നമ്മുടെ നിഴലുകളും, എന്തിന് സ്വന്തം പ്രതിരൂപം വരെ കണ്ടെന്നിരിക്കും. ഒന്നും ചർച്ച ചെയ്യേണ്ട, രണ്ടു മുനികളായി ജീവിതം ജീവിച്ചു തീർക്കാം എന്നല്ല. നമുക്കിടയിൽ നമ്മെകുറിച്ചു ചികയാൻ ധാരാളമുണ്ട്. അതിനിടയിൽ മറ്റുള്ളവരെക്കുറിച്ചുള്ള അധിനിവേശ ചർച്ചകൾ നമുക്കൊഴിവാക്കിക്കൂടെ. ശരിയാണ് അവരെല്ലാം, രണ്ടു വീട്ടിലും, നമ്മുടെ മാതാപിതാക്കളും ബന്ധുക്കളും തന്നെയാണ്. ചില മുഖങ്ങൾ എനിക്ക് കാണേണ്ട എന്ന് നീ വാശിപിടിച്ചിട്ടാണ് നാം നഗരത്തിലേക്ക് വലിയ ലോണെടുത്ത് കുടിയേറിയത്. എന്നിട്ടും അവരൊന്നും ഒഴിഞ്ഞുപോകുന്നില്ലെങ്കിൽ കുറ്റക്കാർ നമ്മൾ തന്നെയാണ്.
ജോലിയിൽ കലശലായ സമ്മർദ്ദങ്ങൾ ഉണ്ട്, അവിടെയുള്ള ചർച്ചകളിൽ വലിഞ്ഞു മുറുകിയ തലച്ചോറുമായാണ് വീട്ടിൽ എത്തുന്നത്. വാതിൽ തുറക്കുന്നതിന് മുമ്പേ നീ സന്ദേശങ്ങളിൽ കൂടി അനാവശ്യ ചർച്ചകൾ തുടങ്ങും. ലോകത്ത് നടക്കുന്നത് മുഴുവൻ എനിക്ക് തലയിലേറ്റാൻ കഴിയില്ല, താൽപര്യവുമില്ല. ആർക്കെങ്കിലും എന്തെങ്കിലും സഹായങ്ങൾ വേണമോ, പറ്റിയപോലെ ചെയ്യുക, അത് മറന്നു കളയുക. ഫ്ലാറ്റിന്റെ ജനലിലൂടെ ദൂരെ ഒഴുകുന്ന നദി നോക്കി നിൽക്കുന്നതാണ് എനിക്കിഷ്ടം. ഒരുപക്ഷേ ആ ഒഴുക്കിൽ ചേരാൻ ഞാൻ കൊതിക്കുന്നുണ്ടാവും. കനത്ത ഒഴുക്കിൽ കുറെ ഒഴുകി കഴിയുമ്പോൾ നാം സ്വാതന്ത്രമാകുമായിരിക്കും.
മറ്റൊരു ജനലിലൂടെ നോക്കിയാൽ നഗരത്തിലെ തിരക്കിന്റെ ഒഴുക്ക് കാണാം. അസ്വസ്ഥതകളുടെ നെടുവീർപ്പുകളിൽ സ്വയം പൊട്ടിത്തെറിക്കാൻ, ഒന്നും മിണ്ടാതെ എല്ലാം അടക്കിപ്പിടിച്ചു, വീടെന്നോ, ഫ്ലാറ്റെന്നോ, ഭേദമില്ലാതെ അഭയം തേടി ഒഴുകുന്ന ജനം. ബസ്സിലിരിക്കുന്നവർ പലരും കണ്ണുകൾ അടച്ചാണ് ഇരിക്കുന്നത്. അവർ ഉറങ്ങുകയല്ലെന്നു അയാൾക്ക് സ്വന്തം അനുഭവങ്ങളിലൂടെ അറിയാം. കണ്ണുകൾ അടച്ചു സ്വന്തം ചിന്തകളെ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്, പരാജയപ്പെടും എന്നറിഞ്ഞുകൊണ്ടു തന്നെ. ബസ്സിൽ ടിക്കറ്റിന്റെ തുക ചോദിക്കുമ്പോഴോ, ഒന്ന് നീങ്ങിയിരിക്കാൻ മറ്റാരോ പറയുമ്പോഴോ ആണ്, അവർ അവരവരുടേതായ സ്വകാര്യ ലോകങ്ങളിൽ നിന്ന് ഞെട്ടിയുണരുക.
ഞാൻ നിനക്ക് മനസ്സിലാകുന്ന ഭാഷയിൽ അല്ലെ സംസാരിക്കുന്നത്? അല്ലെങ്കിൽ മറ്റെന്തെങ്കിലും പോംവഴികൾ നിനക്ക് നിർദേശിക്കാനുണ്ടോ? ഞാൻ എല്ലാവരെയും കേൾക്കാൻ തയാറാണ്. അല്ലെങ്കിലും ചെവികൾ തുറന്നു പിടിച്ചും, കണ്ണുകൾ ആഴത്തിൽ ദൃഷ്ടികളിൽ പതിക്കുന്നതും കൊണ്ടാണല്ലോ ഞാൻ എല്ലാം ഹൃദയത്തിലേക്ക് ആവാഹിക്കുന്നത്. മനുഷ്യാ, നിങ്ങൾ എഴുതിക്കഴിഞ്ഞോ? ഓഫീസിൽ നിന്ന് വന്നാൽ ഒന്ന് മിണ്ടാൻ കൂടി സമ്മതിക്കില്ല. പിന്നെ നാട്ടിൽ, വീടിന്റെ കിഴക്കേൽ ഉള്ള തോമസ്സ് സാറും സാറ മാഡവും പിരിയാൻ തീരുമാനിച്ചത്രെ? റിട്ടയർ ചെയ്തു കഴിഞ്ഞപ്പോഴാണ് അവർക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്. രണ്ടുപേരും ഗസറ്റഡ് ഓഫീസർ റാങ്കിൽ ജോലിയിൽ നിന്ന് പിരിഞ്ഞവരാണ്.
അയാൾക്ക് അവരെ അറിയാം, അവരെക്കുറിച്ച് വലിയ അഭിമാനവുമാണ്. വളരെ ചെറിയ കുടുംബങ്ങളിൽ നിന്ന് പഠിച്ചുയർന്നു ജീവിതം വിജയത്തിന്റെ കൈപ്പിടിയിൽ ഒതുക്കിയ രണ്ടുപേർ. അപ്പോൾ മുപ്പത് കൊല്ലക്കാലമായി നിങ്ങൾ അഭിനയിക്കുകയായിരുന്നോ? ജീവിതത്തിന്റെ നെരിപ്പോടുകൾ തലയിൽ സൂക്ഷിക്കുമ്പോൾത്തന്നെ, അത് കുടുംബത്തിലേക്ക് പടരാതെ നോക്കുകയായിരുന്നോ? ഇപ്പോഴെങ്കിലും സ്വാതന്ത്രരാകാൻ തീരുമാനമെടുത്തത് ശരിയായോ? അതോ എല്ലാം എന്റെ തെറ്റായ നിഗമനങ്ങൾ ആണോ?