പെരുന്നാളിൽ പ്രവാസി തൊഴിലാളിയെ തേടിയെത്തിയ ‘സ്വപ്നസമ്മാനം’; തുണയായത് യുഎഇയുടെ സ്നേഹാദരം

Mail This Article
ദുബായ്∙ കേലവം 800 ദിർഹം പ്രതിമാസം ശബളമായി ലഭിക്കുന്ന പ്രവാസിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായിരുന്നു ഈ സമ്മാനം. പെരുന്നാളിൽ എല്ലാ അർഥത്തിലും ബംഗ്ലാദേശ് സ്വദേശിയായ റൂബൽ അഹമദ് സംഷാദ് അലി(24)യുടെ മനസ്സിൽ സന്തോഷപ്പൂത്തിരി കത്തിച്ചുകൊണ്ട് പുതുപുത്തൻ കാറാണ് സമ്മാനമായി ലഭിച്ചത്.
ഗ്ലോബ് ബിൽഡിങ് കോൺട്രാക്ടിങ് കമ്പനിയിൽ പെയിന്റിങ് ജോലി ചെയ്യുന്ന ഈ യുവാവ് ദുബായിൽ നടന്ന പെരുന്നാൾ ആഘോഷത്തിലെ നറുക്കെടുപ്പിലാണ് വിജയിയായത്. രാജ്യം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രവാസി തൊഴിലാളികളെ ആദരിക്കുന്നതിനാണ് മനുഷ്യവിഭവ-സ്വദേശിവത്കരണ മന്ത്രാലയം ഇത്തരമൊരു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
‘‘വിജയിയായി എന്റെ പേര് വിളിച്ചപ്പോൾ എനിക്കൊന്നും മനസിലായില്ല. ഞാൻ സ്റ്റേജിലേയ്ക്ക് ഒാടിച്ചെന്ന് അവിടെയുണ്ടായിരുന്ന സർക്കാരുദ്യോഗസ്ഥരെ കെട്ടിപ്പുണർന്നു’’-റൂബൽ പറയുന്നു. കഴിഞ്ഞ 3 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് രണ്ടാം പെരുന്നാൾ ദിവസം നടന്ന പരിപാടിയിൽ വെള്ള നിസാൻ കാറാണ് സമ്മാനമായി ലഭിച്ചത്. കാർ വിറ്റ പണം കൊണ്ട് നാട്ടിലൊരു വീട് പണിയണമെന്നും അമ്മയ്ക്ക് തുക അയച്ചുകൊടടുക്കണമെന്നുമാണ് ആഗ്രഹമെന്ന് ബംഗ്ലാദേശിലെ ഷില്ലെറ്റിലെ ചെറുപട്ടണമായ സുനാംഗഞ്ച് സ്വദേശിയായ ഇദ്ദേഹം പറഞ്ഞു.
സമ്മാനം നേടിയ വിവരം അറിഞ്ഞയുടൻ കുടുംബത്തിലെ എല്ലാവരും അതിയായ സന്തോഷത്തിലാണ്. അധികമസമയം ജോലി ചെയ്താൽ എല്ലാം കൂടി മാസംതോറും 1500 ദിർഹമാണ് സമ്പാദ്യം. തന്റെ സന്തോഷം ഒന്നിച്ച് താമസിക്കുന്നവരുമായി പങ്കുവയ്ക്കാൻ വേണ്ടി 200 ദിർഹം ഇദ്ദേഹം ഇതിനകം ചെലവഴിച്ചു. എന്റെ സന്തോഷത്തിന് ഒരു ചെറിയ ആഘോഷമെന്ന് റൂബൽ പറയുന്നു.
ഇതര സർക്കാർ വകുപ്പുകളുമായി ചേർന്നായിരുന്നു വിവിധ കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ. ഒട്ടേറെ കലാ കായിക സാംസ്കാരിക പരിപാടികൾ നടന്നു. കാർ കൂടാതെ, വിമാന ടിക്കറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവയും സമ്മാനമായി വിതരണം ചെയ്തു.