ADVERTISEMENT

ദുബായ് ∙ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഫാക്ടറി തൊഴിലാളിക്ക് നഷ്ടപ്പെട്ടത് നാല് കൈവിരലുകൾ. പക്ഷേ, തൊഴിലുടുമയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ അവ തുന്നിച്ചേർത്തു. ദുബായിലാണ് അനൂപ് മുരളി ധർണയറി(30)ന്റെ ഭാവി തന്നെ തകർന്നുപോകുമായിരുന്ന സംഭവം അരങ്ങേറിയത്.

ഫാക്ടറിയിൽ മെറ്റൽ കട്ടിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ തെന്നിവീണ അനൂപിന്റെ നാല് വിരലുകൾ മെഷീനിന്റെ മൂർച്ചയുള്ള ബ്ലെയിഡിൽ കുടുങ്ങി അറ്റുപോവുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഫാക്ടറി മാനേജർ സുഡാൻ സ്വദേശി മോവിയ അഹമ്മദ് അലിയുടെ പെട്ടെന്നുള്ള ഇടപെടലിൽ, എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്ന വിരലുകൾ 13 മണിക്കൂർ നീണ്ട മാരത്തൺ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർക്കാൻ സാധിച്ചു. ഇത് ജീവിതത്തിലും ജോലിയിലും അനൂപിന്  രണ്ടാമത്തെ അവസരം നൽകി.

∙ കടന്നുപോയത് ഭയാനക നിമിഷങ്ങൾ; പക്ഷേ, മാനേജരുടെ ഇടപെടൽ ജീവിതം തിരിച്ചുപിടിച്ചു
എല്ലാം പൊടുന്നനെയാണ് നടന്നത്. അനുപിന്റെ വിരലുകൾ അറ്റുപോയ നിമിഷം അദ്ദേഹത്തിന്റെ നിലവിളി ഫാക്ടറിയിൽ മുഴങ്ങി. ചോരയൊലിക്കുന്ന കൈയുമായി വിറങ്ങലിച്ച നിന്ന അനൂപിനരികിലേയ്ക്ക് പരിഭ്രാന്തിയോടെ മാനേജർ മോവിയയും സഹപ്രവർത്തകരും  ഓടിയെത്തി. മറ്റൊന്നും ആലോചിക്കാതെ അനൂപിന് വേണ്ട പ്രാഥമിക ചികിത്സ അവർ ലഭ്യമാക്കി, വിരലുകൾ ശേഖരിച്ച് ഐസ് ബാഗിലിട്ട്, അനൂപിനെയും കൂട്ടി തിരക്കേറിയ നഗരത്തിലൂടെ വാഹനമോടിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പക്ഷേ അവിടെ മറ്റൊരു വെല്ലുവിളി അവരെ കാത്തിരുന്നു, മുറിവ് തുന്നിച്ചേർക്കാൻ മാത്രമേ ഡോക്ടർമാർക്ക് കഴിയൂ, വിരലുകൾ പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷ എന്നെന്നേക്കുമായി നൽകാൻ കഴിയുന്ന ഒരു വാസ്കുലർ സ്പെഷ്യലിസ്റ്റ് അവിടെ ഉണ്ടായിരുന്നില്ല. എന്നാൽ മോവിയ ആ വിധി അംഗീകരിക്കാൻ തയാറായിരുന്നില്ല. നൂതന വാസ്കുലർ സർജറി വിഭാഗത്തിന് പേരുകേട്ട ദുബായിലെ റാഷിദ് ആശുപത്രിയിലേക്ക് അനൂപിനെയും മരവിച്ച വിരലുകളും കൊണ്ടുപോകണമെന്ന് അയാൾ നിർബന്ധിച്ചു. ആംബുലൻസിനായി കാത്തിരിക്കുന്നതിനു പകരം താൻ തന്നെ അനൂപിനെ അവിടേയ്ക്ക് കൊണ്ടുപോകുമെന്നുമുളള  നിർണായകമായ തീരുമാനമെടുത്തു.

∙ സമയത്തിനെതിരായ മത്സരം; ഒടുവിൽ വിജയം
സമയത്തിനെതിരായുള്ള മത്സരമായിരുന്നു പിന്നീട് നടന്നത്. ദുബായിലെ തെരുവുകളിലൂടെയുള്ള കാർ യാത്ര പിരിമുറുക്കം നിറഞ്ഞതായിരുന്നു. വഴിയിൽ മോവിയ അനൂപിന് ധൈര്യം പകർന്നുകൊണ്ടിരുന്നു. ദുബായിൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് പറഞ്ഞു അവനെ ആശ്വസിപ്പിച്ചു. അവർ റാഷിദ് ആശുപത്രിയിലെത്തുമ്പോൾ കാത്തിരുന്ന മെഡിക്കൽ സംഘം സമയം പാഴാക്കിയില്ല. അവർ ഉടൻ തന്നെ അനൂപിനെ ശസ്ത്രക്രിയാ മുറിയിലേയ്ക്ക് കൊണ്ടുപോയി. അവിടെ വാസ്കുലർ, മൈക്രോസർജറി വിദഗ്ധർ വളരെ സൂക്ഷ്മമായ  നടപടിക്രമത്തിനായി തയാറെടുത്തു. ഞരമ്പുകൾ, രക്തക്കുഴലുകൾ, പേശികൾ എന്നിവ വീണ്ടും ഘടിപ്പിച്ചു.

∙ ശസ്ത്രക്രിയാ മുറിക്ക് പുറത്ത് ആശങ്കയോടെ മോവിയ
അതേസമയം, ഉച്ചയ്ക്ക് ഒന്നു മുതൽ പുലർച്ചെ 2.30 വരെ 13 മണിക്കൂറിലേറെ മോവിയ ആശങ്കയോടെ പുറത്ത് കാത്തിരുന്നു. അനൂപിന്റെ ഭാവി ഈ ശസ്ത്രക്രിയയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒടുവിൽ അത്ഭുതവും സന്തോഷവും ഒരുപോലെ പകർന്ന വിവരവുമായി ലീഡ് സർജൻ രംഗത്തെത്തി– 'ശസ്ത്രക്രിയ വിജയകരം, വിശ്രമവും ഒപ്പം ഫിസിയോതെറാപ്പി കൂടെ നൽകിയാൽ അനൂപിന് കൈ വിരലുകൾ വീണ്ടും ഉപയോഗിക്കാം'. ആ നിമിഷം മോവിയയ്ക്ക് അനുഭവപ്പെട്ട ആശ്വാസവും സന്തോഷവും വിവരണാതീതമായിരുന്നു. അദ്ദേഹം വിരലുകൾ മാത്രമല്ല, ഒരു മനുഷ്യന്റെ ഉപജീവനമാർഗവും ഭാവിയുമാണ് സംരക്ഷിച്ചത്.

∙ തിരിച്ചുകിട്ടിയത് ജീവിതം; നന്ദിയോടെ അനൂപ്
'എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. പക്ഷേ മോവിയ കാരണം, എനിക്ക് സാധാരണ ജീവിതം നയിക്കാൻ അവസരം ലഭിച്ചു' - ആശുപത്രിക്കിടക്കയിലിരുന്ന് കൃതജ്ഞതയുടെ കണ്ണീരൊഴുക്കി അനൂപ് പറയുന്നു. തീർത്താലും തീരാത്ത കടപ്പാണ് അദ്ദേഹത്തോട് എനിക്കുള്ളത്. വിരലുകളല്ല, ജീവിതമാണ് എനിക്ക് തിരിച്ചുകിട്ടിയത്.

അപ്പോഴും താൻ മഹത്തായ ഒരു കൃത്യം നടത്തി എന്ന് മോവിയ കരുതുന്നില്ല. താൻ തന്റെ കർത്തവ്യം നിർവഹിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങൾ ഇവിടെ ഒരു കുടുംബമാണ്.  വേണ്ടിവന്നിരുന്നെങ്കിൽ ഞാൻ അവനെ ലോകത്തിലെവിടെയും കൊണ്ടുപോയിചികിത്സിക്കുമായിരുന്നു. നമ്മുടെ ദേശീയത, വംശം, മതം എന്നിവ പരിഗണിക്കാതെ പരസ്പരം സ്നേഹത്തോടെ ജീവിക്കാനാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്. അതാണ് ദാർ സായിദിന്റെ ആത്മാവ് പകരുന്ന ഊർജം. ദിവസാവസാനം ഒരു ഫാക്ടറി പ്രവർത്തിപ്പിക്കുന്നത് യന്ത്രങ്ങൾ മാത്രമല്ല, എല്ലാം ഒരുമിച്ച് നിർത്തുന്നത് അഭേദ്യമായ മനുഷ്യബന്ധങ്ങളാണ്- മോവിയ പറയുന്നു.

English Summary:

Factory worker in UAE, Anup Murali Dharnayr nearly lost 4 of his fingers while operating a metal cutting machine, successfully reattached, giving him a second chance at life and work.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com