ബന്ധിച്ച് വായ മൂടിക്കെട്ടിയ നിലയിൽ പകർത്തിയ ചിത്രത്തിലുള്ളത് താരയോ?; പാറ്റി ഉത്തരം തേടിയ ചോദ്യം, ദുരൂഹത

Mail This Article
വലൻസിയ ∙ മൂന്നര പതിറ്റാണ്ടിലേറെയായി പൊലീസിനെ കുഴക്കിയ കൗമാരക്കാരിയുടെ തിരോധാനത്തിൽ ഇന്നും ദുരൂഹതയായി പോളറോയിഡ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ. 1988 സെപ്റ്റംബർ 20ന് ന്യൂ മെക്സിക്കോയിലെ വലൻസിയയിലെ വീടിന് സമീപത്തുകൂടി സൈക്കിൾ സവാരിക്ക് പോയ 19 വയസ്സുള്ള താര കാലിക്കോയുടെ തിരോധാനത്തിലാണ് ഇപ്പോഴും ദുരൂഹത തളംകെട്ടി നിൽക്കുന്നത്. സാധാരണ ഗതിയിൽ മകളുടെ കൂടെ അമ്മ പാറ്റി ഡോയലും സൈക്കിൾ സവാരിക്ക് പോകുമായിരുന്നു. കാണാതായ ദിവസം സ്വന്തം സൈക്കിൾ കേടായതിനാൽ അമ്മയുടെ സൈക്കിളുമായി തനിച്ച് സവാരിക്ക് പോയതാണ് താര.
കാണാതാകുന്നതിന് മുൻപുള്ള ദിവസങ്ങളിൽ സൈക്കിൾ സവാരിക്കിടെ ആരോ ഇരുവരെയും പിന്തുടരുന്നതായി പാറ്റിക്ക് തോന്നിയിരുന്നു. അതിനാൽ തനിച്ച് സൈക്കിൾ സവാരിക്ക് പോയ ദിവസം താരയോട് സ്വയരക്ഷയ്ക്ക് ആയുധം കരുതാൻ പാറ്റി ഉപദേശിച്ചു. തനിക്ക് അതിന്റെ ആവശ്യമില്ലെന്നായിരുന്നു താരയുടെ മറുപടി.

യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ, ഉച്ചയോടെ വീട്ടിലെത്തിയില്ലെങ്കിൽ തന്നെ അന്വേഷിക്കാൻ അമ്മയോട് തമാശയായി പറഞ്ഞിട്ടാണ് താര പോയത്. പക്ഷേ അന്ന് താര തിരിച്ചെത്തിയില്ല. ഇതോടെ പരിഭ്രാന്തിയിലായ പാറ്റി മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. താരയുടെ വാക്ക്മാന്റെ കഷണങ്ങളും കാസറ്റ് ടേപ്പും റോഡരികിൽ ചിതറിക്കിടക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും സൈക്കിളും താരയും കാണാമറയത്തായിരുന്നു.
താരയെ പിന്തുടരുന്ന രണ്ട് യുവാക്കളെ ഒരു വാനിൽ കണ്ടതായി സാക്ഷികൾ പറഞ്ഞു, പക്ഷേ മാസങ്ങൾ കടന്നുപോയിട്ടും, പൊലീസിന് കാര്യമായ സൂചനയൊന്നും ലഭിച്ചില്ല. താരയുടെ തിരോധാനത്തിന് ഒരു വർഷത്തിനുശേഷം, ഫ്ലോറിഡയിലെ പോർട്ട് സെന്റ് ജോയിലെ ഒരു ഷോപ്പിങ് സെന്റർ കാർ പാർക്കിൽ ഒരു കൗമാരക്കിയെ ബന്ധിച്ച് വായ മൂടിക്കെട്ടിയ നിലയിലുള്ള ദൃശ്യങ്ങൾ കണ്ടെത്തി. പോളറോയിഡ് ക്യാമറയിൽ പകർത്തിയ ഈ ദൃശ്യങ്ങൾ താര അപ്രത്യക്ഷയായ സ്ഥലത്ത് നിന്ന് ഏകദേശം 1,500 മൈൽ അകലെ നിന്നാണ് ലഭിച്ചത്.

ചിത്രത്തിൽ പെൺകുട്ടിക്ക് പുറമെ പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയെയും ബന്ധിച്ച് വായ മൂടിക്കെട്ടി നിലയിൽ കാണാമായിരുന്നു. ഇരുവരും ക്യാമറയെ നോക്കുന്ന രീതിയിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. കൈകൾ പുറക് വശത്താക്കി ബന്ധിച്ചിട്ടുണ്ടെന്നും വ്യക്തം.
എന്തെങ്കിലും വാഹനത്തിൽ, വെളുത്ത വാനിൽ സഞ്ചരിക്കുന്നതിനിടെ ആരോ പകർത്തിയായിരിക്കാം ദൃശ്യങ്ങൾ എന്നാണ് കരുതപ്പെട്ടത്. എ കറന്റ് അഫേഴ്സ് എന്ന പ്രമുഖ ടിവി ഷോയിൽ ഈ ചിത്രം കാണിച്ചതോടെയാണ് സംഭവത്തിൽ മറ്റൊരു വഴിത്തിരിവുണ്ടായത്. താരയാണ് ഈ ചിത്രത്തിലുള്ളതെന്ന് വിശ്വസിച്ച് പാറ്റി രംഗത്ത് വന്നു. 2006ൽ മരിക്കും വരെ പാറ്റി ഇതു തന്നെയാണ് വിശ്വസിച്ചത്.
എഫ്ബിഐ ഇത് താരയല്ലെന്ന നിഗമനത്തിലായിരുന്നു. യുകെയിലെ സ്ക്ടോലൻഡ് യാർഡ് വിലയിരുത്തിയത് ഇത് താരയായിരിക്കുമെന്നാണ്. 1989 മേയ്ക്ക് ശേഷമായിരിക്കും ചിത്രം പകർത്തിയതെന്ന് എഫ്ബിഐ കണ്ടെത്തി. കാരണം അതിനു മുൻപ് പോളറോയിഡ് ക്യാമറയിലെ ഫിലിം വിപണിയിൽ ലഭ്യമില്ലായിരുന്നു. ചിത്രത്തിലുള്ള ആൺകുട്ടിയും ആരാണെന്ന് പൊലീസ് കണ്ടെത്താൻ ശ്രമം നടത്തി. 1988 ന്യൂ മെസ്ക്കിയോയിൽ നിന്ന് കാണാതായ 9 വയസ്സുകാരനായ മൈക്കിൾ ഹെൻറിയാണ് ചിത്രത്തിലുളളതെന്ന് അവകാശപ്പെട്ട് ബന്ധുക്കൾ രംഗത്ത് എത്തി.
'അവൻ ഭയന്നിരിക്കുന്നതായി തോന്നുന്നു, ശരിക്കും ഭയന്നിരിക്കുന്നു, പക്ഷേ അവൻ ആരോഗ്യവാനായി കാണപ്പെടുന്നു’ – 1989ൽ മൈക്കിളിന്റെ അമ്മ മാർട്ടി ഹെൻറി ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഏകദേശം രണ്ട് വർഷത്തിന് ശേഷം 1990ൽ മൈക്കിളിന്റെ മൃതദേഹം കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം ഏഴ് മൈൽ അകലെയുള്ള സൂണി പർവതനിരകളിൽ നിന്ന് കണ്ടെത്തി. കാലാവസ്ഥാ മാറ്റം മൂലമാണ് മൈക്കിളിന്റെ മരണമെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ ചിത്രത്തിലെ ആൺകുട്ടി മൈക്കിൾ തന്നെയാണോ എന്ന ചോദ്യം ഉയർന്നു.

അമ്മയും അച്ഛനും ചിത്രത്തിൽ കാണുന്ന കുട്ടി മൈക്കിളിനെപ്പോലെയാണെന്ന് പറഞ്ഞിട്ടും, അത് മൈക്കിളായിരിക്കാൻ സാധ്യത കുറവാണെന്ന് പൊലീസ് നിലപാട് സ്വീകരിച്ചിരുന്നു. ചിത്രം കണ്ട ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ എത്തിയ കണ്ട പാറ്റി മടങ്ങിയത് മങ്ങിയ ചിത്രത്തിലെ പെൺകുട്ടി തന്റെ മകളാണെന്ന ഉറച്ച വിശ്വാസത്തോടെയായിരുന്നു. അതിന് രണ്ട് കാരണങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു കാറപകടത്തിൽ താരയ്ക്ക് സംഭവിച്ചതുപോലെയുള്ള ഒരു പാട് പെൺകുട്ടിയുടെ കാലിൽ ഉണ്ടായിരുന്നു. അതോടൊപ്പം, ചിത്രത്തിൽ പെൺകുട്ടിയുടെ അടുത്ത് താരയുടെ ഇഷ്ടപ്പെട്ട എഴുത്തുകാരാനായ വി.സി. ആൻഡ്രൂസിന്റെ ഒരു പുസ്തകമുണ്ടായിരുന്നു,
അതേസമയം, ഇന്നുവരെ, ചിത്രത്തിലെ ആൺകുട്ടിയെയോ പെൺകുട്ടിയെയോ തിരിച്ചറിഞ്ഞിട്ടില്ല.
തന്റെ സഹോദരിയുടെ തിരോധാനവും അതിന്റെ തുടർച്ചയായ അനിശ്ചിതത്വവും അമ്മയുടെ ആയുസ്സ് ഗണ്യമായി കുറച്ചുവെന്ന് താരയുടെ മൂത്ത സഹോദരൻ ക്രിസ് പറഞ്ഞു. സംഭവത്തിൽ സംശയിക്കുന്നവരുടെ പേരുകളോ തെളിവുകളെക്കുറിച്ചുള്ള വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല, ഡിറ്റക്ടീവുകൾ ഇപ്പോഴും പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടുകയാണ്.
താരയുടെ അമ്മ പാറ്റിയും അച്ഛൻ ജോൺ ഡോയലും പിന്നീട് അന്തരിച്ചു. അവസാന വർഷങ്ങളിൽ അവർ രണ്ടുപേരും ഫ്ലോറിഡയിലെ ഒരു റിട്ടയർമെന്റ് ഹോമിലേക്ക് താമസം മാറിയിരുന്നു. മരണത്തിന് മുൻപ്, പക്ഷാഘാതം സംഭവിച്ച പാറ്റി ഒരു ജനലിലൂടെ പുറത്തേക്ക് നോക്കി, എല്ലാ ദിവസവും തന്റെ മകൾ സൈക്കിളിൽ വരുന്നത് കാണുന്നതിനായി കാത്തിരിക്കും. പാറ്റി ജനലിലൂടെ നോക്കി, സൈക്കിളിൽ പോകുന്ന സ്ത്രീകൾ തന്റെ മകളാണോ എന്ന് ആരാഞ്ഞിരുന്നു. 2006ൽ പാറ്റി അന്തരിച്ചപ്പോൾ ജോൺ ഡോയൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.