സാലിക് പിഴ തെറ്റായി ലഭിച്ചാൽ എന്ത് ചെയ്യണം?, ലംഘനങ്ങളും പിഴയും എങ്ങനെ?; അറിയണം ഈ വലിയ മാറ്റങ്ങൾ

Mail This Article
ദുബായ് ∙ ദുബായുടെ ഗതാഗതരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാലിക്(ടോൾഗേറ്റ്) അടുത്തിടെ ഒട്ടേറെ മാറ്റങ്ങൾ നടപ്പിലാക്കി. അതിലൊന്ന് സാലിക് പിഴ ചുമത്തപ്പെട്ട വാഹനമുടമകൾക്ക് അത് ചോദ്യം ചെയ്യുന്നതിനും ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ ആ തുക റീഫണ്ടായി ലഭിക്കുന്നതിനുമുള്ള ലളിതമായ പ്രക്രിയ ടോൾ ഗേറ്റ് ഓപ്പറേറ്റർ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. സാലിക് പിഴയെ ചോദ്യം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നു.
∙ സാലിക് വെബ്‌സൈറ്റ്
സാലിക് വെബ്‌സൈറ്റിൽ വാഹന ഉടമകൾക്ക് ലളിതമായ പ്രക്രിയയിലൂടെ പിഴയെ ചോദ്യം ചെയ്യാം. ഇതിന്റെ വിശദാംശങ്ങൾ അറിയാം. ഉപയോക്താക്കൾ വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ സേവനത്തിനായി അപേക്ഷിക്കണം. ഇതിനായി അവർ അവരുടെ കാർ തരവും പ്ലേറ്റ് നമ്പറും നൽകേണ്ടതുണ്ട്. തുടർന്ന് പോർട്ടൽ നിലവിലുള്ള പിഴകൾ പ്രദർശിപ്പിക്കും. അത് തർക്ക പട്ടികയിൽ ചേർക്കാം. ഡ്രൈവർ തർക്കത്തിന്റെ വിശദാംശങ്ങൾ നൽകണം.
അപേക്ഷ പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് തൽക്ഷണം ഒരു അപേക്ഷാ റഫറൻസ് നമ്പർ ലഭിക്കും. തർക്ക അഭ്യർഥന വിഷയം അന്വേഷിക്കുന്ന നിയമലംഘന വകുപ്പിന് കൈമാറും. ഇതിന് 15 ദിവസം വരെ എടുക്കും. തുടർന്ന് ഉപഭോക്താവിന് എസ്എംഎസ് വഴി അന്തിമ സ്റ്റാറ്റസ് ലഭിക്കും - അത് അംഗീകാരമോ നിരസിക്കലോ ആകാം.

∙ കോൾ സെന്റർ
80072545 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഉപയോക്താക്കൾക്ക് ആർടിഎയുടെ കോൾ സെന്ററുമായി ബന്ധപ്പെടാം. ഉപഭോക്തൃ സേവന ഏജന്റ് അഭ്യർഥനയിന്മേൽ തുടർനടപടി സ്വീകരിച്ച് തർക്കം സൃഷ്ടിച്ചുകഴിഞ്ഞാൽ, വാഹന ഉടമകൾക്ക് തർക്ക റഫറൻസ് നമ്പർ അടങ്ങിയ ഒരു എസ്എംഎസ് ലഭിക്കും.
സാലിക്കിന്റെ വെബ്‌സൈറ്റിലെന്നപോലെ, അഭ്യർഥന ബന്ധപ്പെട്ട വകുപ്പിലേക്ക് കൈമാറുന്ന പ്രക്രിയയാണ് നടക്കുന്നത്. അതിനുശേഷം വിഷയം അന്വേഷിക്കാൻ 15 ദിവസമെടുക്കും. തുടർന്ന് ഉപയോക്താവിന് എസ്എംഎസ് വഴി അന്തിമ സ്ഥിതി ലഭിക്കും - ഇത് അംഗീകാരമോ നിരസിക്കലോ ആണ്.
∙ അറിയേണ്ട പ്രധാന കാര്യങ്ങൾ
മുകളിൽ സൂചിപ്പിച്ച രണ്ട് വഴികളിലൂടെയും പിഴകൾ തർക്കിക്കുന്നതിന് യാതൊരു ഫീസും അടയ്ക്കേണ്ടതില്ല. അപേക്ഷ അംഗീകരിക്കപ്പെടുകയും പിഴ ഇതിനകം അടച്ചിട്ടുണ്ടെങ്കിൽ, അത് സിസ്റ്റത്തിൽ നിന്ന് റദ്ദാക്കുകയും തുക തിരികെ നൽകുകയും ചെയ്താൽ റീഫണ്ട് ലഭിക്കുന്നതിന് ഉപയോക്താവ് ഏതെങ്കിലും കസ്റ്റമർ ഹാപ്പിനസ് സെന്റർ വഴി ഒരു ഇലക്ട്രോണിക് റീഫണ്ട് ഫോം പൂരിപ്പിക്കണം.

∙ വിവിധ തരം ലംഘനങ്ങൾ
റജിസ്റ്റർ ചെയ്യാത്ത പ്ലേറ്റ് ലംഘനങ്ങൾ (യുആർപി): ടോൾ യാത്രയുടെ 10 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വാഹന ഡ്രൈവർ നമ്പർ പ്ലേറ്റ് റജിസ്റ്റർ ചെയ്യാതെയും റജിസ്ട്രേഷന് അപേക്ഷിക്കാതെയും ഒരു ഗേറ്റിലൂടെ കടന്നുപോയാൽ ഈ പിഴ ബാധകമാകും. ഓരോ ദിവസവും കടന്നുപോകുമ്പോൾ പിഴ കൂടിക്കൊണ്ടേയിരിക്കും.
ഉപയോക്താവ് ഒരിക്കൽ ഗേറ്റ് കടന്നുപോയാൽ ആദ്യ ദിവസം 100 ദിർഹം പിഴ. രണ്ടാം ദിവസം 200 ദിർഹം പിഴ. മൂന്നാം ദിവസം ഉപഭോക്താവ് കടന്നുപോയാൽ 400 ദിർഹം. മൂന്നാമത്തെ യുആർപി ലംഘനത്തിന് ശേഷം, കൂടുതൽ ലംഘനങ്ങൾ നടത്തിയതിന് വാഹന ഡ്രൈവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കും. അപര്യാപ്തമായ ഫണ്ട് ലംഘനം (ഐപിവി): സാലിക് അക്കൗണ്ടിൽ ഫണ്ടുകൾ കുറവായിരിക്കുകയും ഒരു വാഹന ഡ്രൈവർ കടന്നുപോകുകയും ചെയ്യുമ്പോൾ ഈ പിഴ ബാധകമാണ്. യാത്രയ്ക്ക് അഞ്ച് ദിവസത്തിന് ശേഷം പിഴ ബാധകമാകുന്നു.
(വെബ്‌സൈറ്റ് രണ്ട് വഴികൾ കൂടി പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും - ദുബായ് ഡ്രൈവ് ആപ്പ്, ദുബായ് നൗ ആപ്പ് - പിഴകൾ തർക്കിക്കാൻ ഇവ നിലവിൽ പ്രവർത്തനക്ഷമമല്ലെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി. നിലവിൽ ആർടിഎ ആപ്പും ഈ സേവനം വാഗ്ദാനം ചെയ്യുന്നതായി കാണുന്നില്ല.)