നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഈ മാസം 22ന്

Mail This Article
റിയാദ്∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി കൂടിക്കാഴ്ച നടത്തും.
സൗദി നിക്ഷേപങ്ങളും തന്ത്രപരമായ ബന്ധങ്ങളും വർധിപ്പിക്കുന്നതിനാണ് മോദിയുടെ അഞ്ച് വർഷത്തിന് ശേഷമുള്ള ഈ സന്ദർശനം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായുള്ള ചർച്ചയിൽ ഐഎംഇഇസി, ഇസ്രയേൽ-ഹമാസ് പ്രതിസന്ധി, പ്രധാന കരാറുകൾ എന്നിവ ഉൾപ്പെടും. മുൻ സന്ദർശനത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്, അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതി മോദിക്ക് നൽകി ആദരിച്ചിരുന്നു.
മുൻ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചിരുന്നു. സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയും നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ദാതാവുമാണ് എന്ന് മോദി മുൻപ് പറഞ്ഞിട്ടുണ്ട്
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2019ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും അദ്ദേഹം ഒപ്പുവെച്ചു. സൗദി അറേബ്യ ഇന്ത്യൻ കമ്പനികൾക്കും നിക്ഷേപകർക്കും നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധത്തിൽ ഗണ്യമായ വർധനവ് കാണപ്പെടുന്നു.