വേറെ ഏതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇതൊരു സ്മാരകമായി തീർന്നേനെ...; കൊച്ചി മറന്നുപോയ ചരിത്രം
Mail This Article
കൊഴിഞ്ഞുവീണ കാലത്തിന്റെ തിരുശേഷിപ്പുകൾ പോലെ കാട്ടുവള്ളിപ്പടർപ്പുകളും കരിയിലക്കൂട്ടങ്ങളും. ഈ കരിയിലക്കൂട്ടങ്ങളെ ഒന്നു ചികഞ്ഞു മാറ്റിയാൽ ഒരു പക്ഷേ, മഹാത്മജിയുടെ കാൽപ്പാടുകൾ കണ്ടേക്കാം. അതിനുമപ്പുറം ചരിത്രത്തിന്റെ അസ്ഥികൂടങ്ങൾ പെറുക്കിയാൽ ദേശസ്നേഹത്താൽ സ്വന്തം സ്വർണകിരീടം പോലും വിറ്റ ഒരു നാടുവാഴിയുടെ ഗാംഭീര്യമാർന്ന മുഖവും കാണാം. വരും കാലത്തിന്റെ കുതിപ്പുകള്‍ക്കായി പാതയൊരുക്കിയ ഭരണാധികാരിയായിരുന്നു കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർമ. 1895 ല്‍ ഭരണമേറ്റ അദ്ദേഹം 1914 വരെയുള്ള കാലത്ത് വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. കൊച്ചി നഗരത്തിനു നടുവിൽ ഹൈക്കോടതി ജംക്‌ഷനടുത്ത് മംഗളവനം പക്ഷി സങ്കേതത്തിനടുത്താണ് കൊച്ചി നഗരത്തിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ഷൊർണൂരിൽ അവസാനിച്ച റെയിൽപാത സ്വന്തം നാട്ടിലേക്കു കൂടി നീട്ടണമെന്ന് ആഗ്രഹിച്ച മഹാരാജാവ് തന്റെ ആവശ്യം ബ്രിട്ടിഷുകാരെ അറിയിച്ചു. ജനങ്ങള്‍ക്കു മേല്‍ അധിക നികുതി ചുമത്തി പണം കണ്ടെത്താനായിരുന്നു നിർദേശം. ഖജനാവ് ശുഷ്ക്കമായിരുന്ന കാലത്ത് പ്രജകളെ കൂടി വലയ്ക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 14 സ്വർണ നെറ്റിപ്പട്ടങ്ങൾ വിൽക്കാനായിരുന്നു തീരുമാനം. പക്ഷേ ആ തുക തികഞ്ഞില്ല, ഒടുവിൽ രാജാവ് സ്വന്തം ശിരസിൽ അണിഞ്ഞിരുന്ന സ്വർണകിരീടവും വിറ്റ് റെയിൽവേ പാത നിർമാണത്തിനുള്ള പണം കണ്ടെത്തി. അങ്ങനെ 1902 ജൂലൈ 16നു കൊച്ചി രാജ്യത്തിലേക്ക് ആദ്യമായി ഒരു തീവണ്ടി ചൂളം വിളിച്ചെത്തി. 42 ലക്ഷം രൂപയാണ് അന്ന് പാത നിര്‍മാണത്തിന് ചെലവായതത്രേ.

പക്ഷേ, 1929ൽ സൗത്ത് സ്‌റ്റേഷൻ സ്‌ഥാപിതമായതോടെ ഓൾഡ് റെയിൽവേ സ്‌റ്റേഷൻ അവഗണിക്കപ്പെട്ടു തുടങ്ങി. 1960കൾ വരെ പാസഞ്ചർ ട്രെയിനുകൾ അതുവഴി കടന്നുപോയിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. 2001 ൽ അന്നത്തെ സര്‍ക്കാര്‍, സ്റ്റേഷൻ ഗുഡ്സ് ഷെഡ് ആക്കി മാറ്റി. പതിയെ ആളനക്കമില്ലാതായി, ചെങ്കല്ലിൽ തീർത്ത കെട്ടിടങ്ങൾ ഇടിഞ്ഞിറങ്ങി. ഇറ്റാലിയൻ മാർബിളിൽ തീർത്ത തറകൾ മണ്ണിനടിയിലെവിയോ പുതഞ്ഞു പോയി. അറ്റകുറ്റപ്പണികളില്ലാതെ പാളങ്ങൾ മണ്ണുമൂടി. ചരിത്രത്തിന്റെ അസ്ഥികൂടങ്ങൾ പോലെ അങ്ങിങ്ങായി മാത്രം ഇപ്പോൾ പാളങ്ങൾ തെഴിഞ്ഞു കാണാം. 42 ഏക്കറിൽ ചുറ്റുമതിൽ കെട്ടിപ്പൊക്കിയ ഘോരവനമാണ് ഇന്നിവിടം.

ഇഴജന്തുക്കളും ഇരുട്ടുമൂടിയ കാടും പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളും ഭയാനകമായ അന്തരീക്ഷം. ടെർമിനലിന്റെ സ്‌ഥലത്തു സബർബൻ ഹബ്, റയിൽവേ മെഡിക്കൽ കോളജ്, സതേൺ റെയിൽവേയുടെ മെയ്‌ന്റനൻസ് ഹബ് തുടങ്ങി പല പദ്ധതികളും നിർദേശിക്കപ്പെട്ടെങ്കിലും ഒന്നും നടപ്പായില്ല. ഓൾഡ് റെയിൽവേ സ്‌റ്റേഷനെ ന്യൂ റയിൽവേ സ്റ്റേഷനായി നവീകരിക്കാനുള്ള പദ്ധതികൾ ദക്ഷിണ റെയിൽവേ അംഗീകരിച്ചിരുന്നെങ്കിലും അതും ജലരേഖകൾ പോലെയായി. ചരിത്രത്തെ ചൂണ്ടിക്കാട്ടി വരും തലമുറയ്ക്കൊരു മുത്തശ്ശിക്കഥ പറഞ്ഞു കൊടുക്കാനെങ്കിലും സമൂഹ്യ വിരുദ്ധരും ഇഴജന്തുക്കളും കയ്യടക്കിയ ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ ഇവിടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് അധികാരികളുടെ ഭാഗത്തു നിന്നും ധ്രുതഗതിയിലുള്ള ഇടപെടലുകൾ അനിവാര്യമാണ്.